Thursday, June 2, 2011

അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി


അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണം സുതാര്യമായി മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പ്രസ്‌ക്ലബ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു സംശയങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടനല്‍കാതെ ഭരണം സുതാര്യമാക്കാന്‍ എന്തുനടപടിയും സ്വീകരിക്കും. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഏറ്റവും  വേഗത്തില്‍ നല്‍കും. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിന് ഫലപ്രദമായി സേവനം എത്തിക്കാന്‍ എന്താണ് മാര്‍ഗമെന്നാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണോയെന്ന് വിലയിരുത്തും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നടപടിയെടുക്കും. മുകള്‍തട്ടില്‍ നിന്നാണ് നടപടി വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യും. സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നാല്‍ അതേക്കുറിച്ചുള്ള പരാതി എഴുതിത്തരണമെന്ന് പോലും വാശിപിടിക്കില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടക്കം പരാതിയായി കണക്കിലെടുത്ത് നടപടിയുണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ഭരണത്തിന് ശക്തിപകരും. ചോദ്യം ചെയ്യപ്പെടാനില്ലെങ്കില്‍ തെറ്റിലേക്ക് വീഴാനിടയുണ്ട്. അല്ലെങ്കില്‍ കൂടെ യുള്ളവര്‍ തെറ്റിലേക്ക് നയിക്കും. വിമര്‍ശിക്കപ്പെടുമ്പോള്‍ ഭരണം സുതാര്യമാകും. പതിനെട്ട് വയസ് വോട്ടവകാശത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും നല്ല നിയമമാണ് വിവരാവകാശ നിയമം. ഈ നിയമം ഉള്ളതിനാല്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ നൂറുവട്ടം ആലോചിക്കും. എന്തുതീരുമാനം എടുത്താലും അത് ജനങ്ങളുടെ മുന്നിലെത്തുമെന്ന അറിവ് ഭരണാധികാരികള്‍ക്കുണ്ട്. ഇത് തെറ്റിലേക്ക് പോകാതിരിക്കാനുള്ള പ്രേരകശക്തിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.