Tuesday, June 14, 2011

മൂന്നാറിലേക്ക് നീങ്ങുന്നു നിയമത്തിന്റെ ബുള്‍ഡോസര്‍










ഇടുക്കിയിലെ മൂന്നാര്‍ മലനിരകള്‍ കേരളത്തിന്റെ ഊട്ടിയാണ്. വലിയ ഒരു സുഖവാസ സങ്കേതമായി വികസിക്കാനിടയുള്ള മൂന്നാറില്‍ പുതുപ്പണക്കാരുടെ കച്ചവടക്കണ്ണ് പതിയാന്‍ തുടങ്ങിയത് അടുത്തകാലത്തായിരുന്നു. തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും നിറഞ്ഞ മൂന്നാര്‍ അങ്ങനെ നഗരമുഖം കൈവരിക്കാന്‍ തുടങ്ങി.
 മൂന്നാര്‍ മലനിരകളിലേക്ക് നാഗരികത ഓടിക്കയറിയപ്പോള്‍ അവിടുത്തെ ഭൂമിക്ക് നിനച്ചിരിക്കാതെ വില വര്‍ദ്ധിച്ചു. സ്വാഭാവികമായി അനധികൃത കയ്യേറ്റങ്ങളും വ്യാപകമായി. മൂന്നാറില്‍ ഭൂമി കൈവശപ്പെടുത്താന്‍ മത്സരിച്ചവര്‍ ചില്ലറക്കാരൊന്നുമല്ല. അനധികൃത കയ്യേറ്റം കണ്ടുപിടിക്കാന്‍ പോലും പ്രയാസമാകുന്ന തരത്തില്‍ രേഖകള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. ഇത് കയ്യേറ്റക്കാര്‍ക്ക് ഒട്ടൊക്കെ അനുകൂല സാഹചര്യം സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. റവന്യൂ ഭൂമി അളന്ന് തിട്ടപ്പെടുത്താനും അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനും കര്‍ശനമായ നീക്കം സര്‍ക്കാരില്‍ നിന്ന് ഉണ്ടായേതീരൂ. അത്തരമൊരു നിശ്ചയദാര്‍ഢ്യത്തോടെയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ മൂന്നാര്‍ സന്ദര്‍ശിച്ചത്. വളരെ ഗൗരവതരമായ കയ്യേറ്റം മൂന്നാറില്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി മന്ത്രി വെളിപ്പെടുത്തി. കയ്യേറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് വ്യക്തി തന്റെ സ്വകാര്യസ്ഥലത്തേക്ക് റോഡ് നിര്‍മിച്ചതുപോലും മന്ത്രി മൂന്നാറില്‍ നേരിട്ട് കണ്ടു. ആനയിറങ്കല്‍ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് ഭൂമി കയ്യേറിയിരിക്കുന്നത് അന്യസംസ്ഥാനത്തുനിന്നുള്ള മാഫിയ സംഘമാണ്. റിസോര്‍ട്ടുകള്‍ പണിഞ്ഞ് ചുറ്റുമുള്ള വിസ്തൃതമായ വനപ്രദേശം കയ്യേറിയിരിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. നിയമത്തിന്റെ ബുള്‍ഡോസര്‍ എല്ലാത്തരം അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെയും നീങ്ങുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
 
മൂന്നാറിലെ ഭൂമി കയ്യേറ്റപ്രശ്‌നം വലിയൊരു രാഷ്ട്രീയ പ്രചരണ വിഷയമാക്കി വളര്‍ത്തിക്കൊണ്ടുവന്നത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ്. 2002 മുതല്‍ കയ്യേറ്റം കണ്ടുപിടിക്കാന്‍ വി.എസ് മലകയറിയിറങ്ങിയത് കേരളം മറന്നിട്ടില്ല. ടാറ്റ 50,000 ഏക്കര്‍ ഭൂമി മൂന്നാറില്‍ അന്യായമായി കയ്യേറിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷ നേതാവായിരുന്നു. മൂന്നാറിലെ മൊത്തം കയ്യേറ്റം 80,000 ഏക്കറോളം വരുമെന്ന് കൃത്യമായി അദ്ദേഹം തിട്ടപ്പെടുത്തി പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭയിലും പുറത്തും അതേക്കുറിച്ച് വി.എസ് നടത്തിയ നിരവധി പ്രസ്താവനകള്‍ ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ച് ജനങ്ങളില്‍ മതിപ്പുളവാക്കി. പക്ഷേ വി.എസ് മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നശേഷം ആദ്യത്തെ ഒരുവര്‍ഷം മൂന്നാറിനെക്കുറിച്ചും ഭൂമി കയ്യേറ്റത്തിനെക്കുറിച്ചും തികഞ്ഞ നിശ്ശബ്ദത പാലിച്ചു. വി.എസിനെ ഭരിക്കാന്‍ അനുവദിക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തിയ സി.പി.എം ഔദ്യോഗികപക്ഷവും വി.എസും തമ്മിലുള്ള മൂപ്പിളമാ തര്‍ക്കത്തിനിടയില്‍ ഇടതുഭരണം ഒരുകൊല്ലം പിന്നിട്ടത് മുഖ്യമന്ത്രി പോലും അറിഞ്ഞില്ല. ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കാര്യമായ വിഭവമൊന്നുമില്ലാതെ ശൂന്യപാണിയായി കോട്ടുവായിട്ട് ഇരുന്ന അച്യുതാനന്ദന്റെ ചിന്തയില്‍ മൂന്നാര്‍ കയ്യേറ്റപ്രശ്‌നം ഒരു മിന്നല്‍ പോലെ തെളിഞ്ഞു. അങ്ങനെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെന്ന ഭാവത്തില്‍ വിശ്വസ്തരായ തന്റെ മൂന്ന് ഉദ്യോഗസ്ഥരെ അന്നത്തെ മുഖ്യമന്ത്രിയായ വി.എസ് മൂന്നാറിലേക്ക് അയച്ചു.
 
വലുതും ചെറുതുമായ ഓരോ കയ്യേറ്റവും കണ്ടുപിടിച്ച് ജെ.സി.ബി വെച്ച് തകര്‍ത്ത ദൗത്യസംഘം ഇടംവലം നോക്കാതെ ചെന്നെത്തിയത് ഭരണത്തെ നയിക്കുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അതിന്റെ നേതാക്കളുടെയും ഭൂമി കയ്യേറ്റ കേന്ദ്രങ്ങളിലാണ്. സ്വാഭാവികമായും ഒച്ചപ്പാടുയര്‍ന്നു. ജനങ്ങള്‍ മുഖ്യമന്ത്രിക്ക് കയ്യടിച്ചെങ്കിലും ദൗത്യസംഘത്തിന്റെ നീക്കങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീണു. പിന്നീട് ജനങ്ങളെ പറ്റിക്കാന്‍ ദൗത്യസംഘങ്ങള്‍ മാറിമാറി മൂന്നെണ്ണം വന്നെങ്കിലും മൂന്നാര്‍ ദൗത്യം ദയനീയമായി പരാജയപ്പെട്ടു. ഉദ്യോഗസ്ഥന്‍മാരെല്ലാം നാനാവഴിക്ക് പോയി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം എന്ന ആവശ്യവും അവസാനിച്ചു. എണ്‍പതിനായിരം ഏക്കര്‍ സ്ഥലം കയ്യേറിയെന്ന് വി.എസ് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നാലുവര്‍ഷംകൊണ്ട് ആകെ തിരിച്ചുപിടിച്ചത് നാനൂറ് ഏക്കറില്‍ താഴെ മാത്രമാണ്. മൂന്നാറില്‍ സര്‍ക്കാരിന് എത്ര ഭൂമിയുണ്ടെന്ന് പോലും റവന്യൂവകുപ്പിന്റെ കൈവശം രേഖയില്ല. ഏറ്റവും വലിയ കയ്യേറ്റക്കാരനായ കുത്തക വ്യവസായിയുടെ സങ്കേതത്തില്‍ അന്ന് നടന്ന റെയ്ഡില്‍ കണ്ടെത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ ഫയലുകളില്‍പ്പോലുമില്ലാത്ത അത്യപൂര്‍വ്വ റവന്യൂ രേഖകളായിരുന്നു. ഇടതുഭരണകൂടം അമ്പരന്നും സ്തംഭിച്ചും നിന്ന് ജനങ്ങളെ പറ്റിച്ച മൂന്നാര്‍ ഭൂമി കയ്യേറ്റ പ്രശ്‌നത്തിന്റെ ഉള്ളുകള്ളികളിലേക്കാണ് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ കടന്നുചെന്നത്. സത്യസന്ധവും മാനുഷികവുമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ഊട്ടി കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന പൊതുസ്വത്തായിത്തീരും. 
 

No comments:

Post a Comment

Note: Only a member of this blog may post a comment.