Friday, June 24, 2011

സി.പി.എമ്മില്‍ തിളയ്ക്കുന്ന വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍


പരിയാരം സ്വാശ്രയകോളേജില്‍ സി പി എം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസകച്ചവടവും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വിവി രമേശന്റെ മകളുടെ എന്‍ ആര്‍ ഐ ക്വാട്ട അഡ്മിഷന്‍ പ്രശ്‌നം സൃഷ്ടിച്ച വിവാദവും സി പി എം എന്ന രാഷ്ട്രീയപാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയ മുറിവ് ഉടനെയൊന്നും ഉണങ്ങുമെന്ന് തോന്നുന്നില്ല.
പാര്‍ട്ടി നിലപാടുകളില്‍ വന്ന മാറ്റങ്ങളിലെ വൈരുധ്യവും നേതൃത്വത്തിന് സംഭവിക്കുന്ന അപചയവുമൊക്കെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവ ചര്‍ച്ചാവിഷയമായിരുന്നു. വിദ്യാഭ്യാസകച്ചവടത്തിനെതിരെ ശക്തമായ സമരം നയിച്ച ഒരു പ്രസ്ഥാനത്തിന് സംഭവിച്ച് നിലപാടുമാറ്റമാണ് ഇവിടെ പ്രധാനം. കൂത്തുപറമ്പില്‍ അന്ന് മന്ത്രിയായിരുന്ന എംവി രാഘവനെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് യുവാക്കളെയാണ് ഡി വൈ എഫ് ഐ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത്. ഇന്നും ഞാനോര്‍ക്കുകയാണ്, ആ ദിവസം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നേതാക്കളുയര്‍ത്തിവിട്ട ആവേശത്തെ കുറിച്ച്. സ്വാശ്രയസ്ഥാപനങ്ങള്‍ വരുന്നത് ഏത് വിധേനയും തടയാന്‍ എന്തക്രമവും നടത്താമെന്ന സന്ദേശമാണ് എം വി ജയരാജനടക്കമുള്ള നേതാക്കള്‍ നല്‍കിയത്. ഭ്രാന്തമായ ആവേശവുമായി മന്ത്രിയെ തടയാന്‍ ചെന്ന് കൂത്തുപറമ്പിനെ കലാപഭൂമിയാക്കി രാജീവന്‍, മധു, ഷിബുലാല്‍, റോഷന്‍, ബാബു എന്നിവരുടെ ജീവന്‍ കുരുതി കൊടുക്കേണ്ടി വന്ന പോരാട്ടം. 
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വിലയിരുത്തി പൊതുവെ മാധ്യമങ്ങളും വിമര്‍ശകരും പറഞ്ഞതിന്റെ പൊരുള്‍ പരിശോധിച്ചാല്‍ അവസാനമെത്തുക ഈ പ്രശ്‌നത്തില്‍ സി പി എമ്മിന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവിന്റെ ശാപം കിട്ടും എന്ന രീതിയിലാണ്. വെടിയേറ്റ് ശരീരത്തിന്റെ ചലനമറ്റ് കിടക്കുന്ന പുഷ്പനെ പോലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടേയും, പാവപ്പെട്ട രക്തസാക്ഷികുടുംബങ്ങളുടേയും ശാപാഗ്നിയില്‍ സി പി എം ചാമ്പലാകും എന്നൊക്കെയാണ് വിലയിരുത്തല്‍. എന്നാല്‍ അതിനെക്കാള്‍ വലിയ ഒരു പ്രതിസന്ധി സി പി എമ്മിനകത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസിലാവുക. കേരളം പോലെ മധ്യവര്‍ഗവിഭാഗത്തിന് സ്വാധീനമുള്ള ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ് സിപിഎം ഇനി നേരിടാന്‍ പോകുന്നത്.
 
സി പി എമ്മിനകത്ത് ഒരു 'ന്യൂ ക്ലാസ്' രൂപപ്പെട്ടിട്ടുണ്ട്. ആ ക്ലാസില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി അംഗങ്ങളില്‍ പൊതുവിലും, പ്രത്യേകിച്ച്  അവരുടെ വളര്‍ന്നുവരുന്ന മക്കളിലും ഒരു ചിന്ത നുരഞ്ഞ് പൊന്തി വരുന്നുണ്ട്. അഛന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഒഴിവാക്കുന്നില്ലെങ്കില്‍ നമുക്കൊന്നും നല്ല കോളേജുകളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാനാവില്ല എന്ന ചിന്തയാണ് അവരിലെല്ലാം ബലപ്പെടുന്നത്. സി പി എമ്മിന്റെ വൈരുധ്യങ്ങള്‍ നിറഞ്ഞ നിലപാടുകളിലെ പൊള്ളത്തരം തിരിച്ചറിയുന്ന പുതിയ തലമുറ പാര്‍ട്ടിയെ തീര്‍ത്തും അവഗണിക്കുകയാണ്. ഉറച്ച പാര്‍ട്ടികുടുംബങ്ങളിലെ പുതിയ തലമുറ പോലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് വിമുഖത പുലര്‍ത്തുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യുണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവായ ഒ ഭരതന്റെ ഭാര്യ കുട്ടികളുടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനോട് പറഞ്ഞ ഡയലോഗ് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് കൗതുകകരമായിരിക്കും. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പാര്‍ട്ടി പറഞ്ഞ് കുട്ടിയെ മുഴത്തടം മലയാളം മീഡിയം സ്‌കൂളിലേക്ക്  മാറ്റിചേര്‍ക്കേണ്ടി വന്നപ്പോള്‍ അവരുടെ പ്രതികരണം ഇതായിരുന്നു. ''ഭരതേട്ടാ, നിങ്ങളെന്നെ ഒന്ന് ഡൈവോഴ്‌സ് ചെയ്തുതരുമോ?  ഞാന്‍ മക്കളെ നന്നായി പഠിപ്പിച്ച് അധ്വാനിച്ച് സ്വന്തമായി ജീവിച്ചോളാം, നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ മാത്രം കൊണ്ട് നടന്നേക്ക്..''
 
സരോജിനി എന്ന ഭരതേട്ടന്റെ ഭാര്യ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇങ്ങനെ പറഞ്ഞെങ്കില്‍ പുതിയ തലമുറ സിപിഎമ്മിന്റെ ആദര്‍ശത്തിനെതിരെ എന്തൊക്കെ ശാപവാക്കുകള്‍ പറയുന്നുണ്ടാവും. പ്രായോഗികമല്ലാത്ത ആദര്‍ശവും വരട്ടുതത്വശാസ്ത്രവും നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. സി പി എമ്മിനകത്ത് രണ്ട് കാര്യങ്ങളാണ് പ്രധാനമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന്- പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന അടിസ്ഥാനവര്‍ഗ്ഗം തീര്‍ത്തും നിരാശരായി. രണ്ട്- പാര്‍ട്ടി നിലപാടുകളിലെ മാറ്റംമറിച്ചിലുകള്‍ ഇടത്തരം വര്‍ഗ്ഗത്തെ ആശങ്കയിലാക്കി. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഈ പൊരുത്തക്കേടിയില്‍ സി പി എം കൂടുതല്‍ പ്രതിസന്ധിയില്‍ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു പ്രശ്‌നം ഡി വൈ എഫ് ഐ നേതാവ് വി  വി രമേശനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പാര്‍ട്ടി നേതാക്കളുടേയും ഡി വൈ എഫ് ഐ നേതാക്കലുടേയും നിലപാടുകളാണ്. അമ്പതു ലക്ഷം രൂപ എന്‍ ആര്‍ ഐ  ക്വാട്ടയില്‍ നല്‍കാന്‍ തയ്യാറായ വി വി രമേശന്റെ വരുമാന സ്രോതസ്സ് അന്വേഷിക്കുന്ന പാര്‍ട്ടിയും ഡി വൈ എഫ് ഐയും വരുംനാളുകളില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. 
ടി വി രാജേഷും ശ്രീരാമകൃഷ്ണനുമൊക്കെ വി വി രമേശന്റെ നടപടി തെറ്റാണെന്ന് പരസ്യപ്രസ്താവനയിറക്കി. എന്നാല്‍ രമേശനെതിരെ കാണിച്ച ഈ ആര്‍ജ്ജവം മറ്റു നേതാക്കളുടെ കാര്യത്തില്‍ കാണിക്കാന്‍ ഡി വൈ എഫ് ഐ എന്തു കൊണ്ട് മുതിരുന്നില്ല എന്ന ചോദ്യം സാധാരണ പ്രവര്‍ത്തകരില്‍ നിന്നുയരും. ഇവിടെയാണ് നട്ടെല്ലിനു പകരം വാഴപ്പിണ്ടി മാത്രമാണ് രാജേഷിനെയും ശ്രീരാമകൃഷ്ണനെപോലെയുമുള്ള നേതാക്കള്‍ക്കുള്ളതെന്ന സത്യം അണികള്‍ തിരിച്ചറിയുന്നത്. പിണറായി വിജയന്റെ മകന്‍ കോടികള്‍ ചെലവഴിച്ച് വിദേശത്ത് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാന്‍ പോയതിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും ഡി വൈ എഫ് ഐ നേതാക്കള്‍ക്കു വേണ്ടതല്ലേ.
 
കണ്ണൂരിലെ ട്രേഡ് യൂണിയന്‍ നേതാവായ കെ പി സഹദേവന്റെ മകനും പഠിച്ചത് വിദേശത്താണ്. എന്തു കൊണ്ട് നടപടിയെടുക്കുന്നില്ല? ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. മകളെ 50 ലക്ഷം രൂപ കൊടുത്തു പഠിപ്പിക്കാന്‍ തയ്യാറായതിന് രമേശനെതിരെ മാത്രം നടപടിയെടുത്താല്‍ പ്രശ്‌നം തീരില്ല. സിപിഎമ്മില്‍ നിരവധി നേതാക്കളുടെ വീടും, സ്വത്തും, കുട്ടികളുടെ വിദേശ, സ്വാശ്രയ വിദ്യാഭ്യാസവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ പാര്‍ട്ടിക്കകത്തുണ്ടാകും. മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തനം മാത്രം നടത്തുന്ന പിണറായി വിജയന്റേയും മറ്റു നേതാക്കളുടേയും വരുമാനസ്രോതസുകളൊക്കെ അന്വേഷിക്കാന്‍ തയ്യാറാകാത്തിടത്തോളം രമേശനെ പോലുള്ളവരുടെ സ്വത്തുവിവരം ചികഞ്ഞന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
രമേശനോ അതിനു താഴെയുള്ള നേതാക്കളോ അവരുടെ മക്കളെ മികച്ച വിദ്യാഭ്യാസത്തിനയച്ചാല്‍ അത് കുറ്റം. പിണറായി വിജയനും കെ പി സഹദേവനുമൊക്കെ അവരുടെ മക്കളെ ഇഷ്ടമുള്ളിടത്ത് പഠിപ്പിക്കാം. ആരും അന്വേഷിക്കില്ല, ചോദ്യം ചെയ്യില്ല. രാജേഷിനെയും ശ്രീരാമകൃഷ്ണനെയും പോലുള്ള ഡി വൈ എഫ് ഐ നേതാക്കള്‍ ഒരക്ഷരം പറയുകയുമില്ല. അപ്പോള്‍ പാര്‍ട്ടിക്കകത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണെന്ന് പറയേണ്ടി വരും. ഉച്ചനീചത്വം ഈ പാര്‍ട്ടിക്കകത്തുണ്ട്.  താഴേത്തട്ടിലുള്ളവരുടെ കുട്ടികള്‍ ഒന്നും പഠിക്കാതെ പാര്‍ട്ടിക്കു വേണ്ടി പ്രകടനം നടത്താനും തല്ലു കൊള്ളാനും കൊല്ലാനും നടക്കണം. നേതാക്കളുടെ മക്കള്‍ സ്വാശ്രയസ്ഥാപനങ്ങളിലും വിദേശങ്ങളിലും പഠിച്ച് മിടുക്കന്മാരാകും. താഴേത്തട്ടില്‍ ഉന്നതപഠനമോ ജോലിയോ ഇല്ലാത്തൊരു തലമുറയെ വളര്‍ത്തുന്നതിലാണ് ഡി വൈ എഫ് ഐ പോലുള്ള സംഘടനകളുടെ നിലനില്‍പ്പെന്ന സത്യവും ഇവിടെ വായിച്ചെടുക്കാം. പാര്‍ട്ടി ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് മലയാളത്തിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ത്ത ഭരതേട്ടനില്‍ നിന്ന് ഇംഗ്ലീഷുകാരുടെ നാട്ടില്‍, ഇംഗ്ലണ്ടില്‍ മക്കളെ കൊണ്ട് ചേര്‍ത്ത് പഠിപ്പിച്ച പിണറായിയുടേയും സഹദേവന്റെയും കാലത്തെ സി പി എം വൈരുദ്ധ്യങ്ങളുടെ കൂട്ടായ്മയാണെന്ന് പറയുന്നതാകും ശരി.

No comments:

Post a Comment

Note: Only a member of this blog may post a comment.