Sunday, June 12, 2011

വി.എസ്സിന്റെ പി.ബി. പ്രവേശം തടയിട്ടത് സംസ്ഥാന നേതൃത്വം

ഹൈദരാബാദ്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സി.പി.എം. പൊളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റിയോഗങ്ങളില്‍ ഉയര്‍ന്നു. പൊളിറ്റ് ബ്യൂറോയില്‍ സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമാണ് ഈ ആവശ്യം ഉയര്‍ത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും ഭേദപ്പെട്ട പ്രകടനത്തിന് പിന്നിലെ അച്യുതാനന്ദന്റെ പങ്ക് പാര്‍ട്ടി അംഗീകരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പി.ബി.യില്‍ ഉള്‍പ്പെടുത്തണമെന്ന് പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലും ആവശ്യമുയര്‍ന്നു.

എന്നാല്‍, പൊളിറ്റ് ബ്യൂറോയില്‍ ഈ നിര്‍ദേശത്തോട് കേരളത്തിലെ സി.പി.എം. ഔദ്യോഗിക നേതൃത്വം യോജിച്ചില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടിസമ്മേളനങ്ങളുടെ 'ഷെഡ്യൂള്‍' കേന്ദ്ര കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തില്‍ ഇത്തരം സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന തത്ത്വമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പാര്‍ട്ടിയിലെ പരമാധികാരസഭ പാര്‍ട്ടി കോണ്‍ഗ്രസാണ്. കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതും പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്. ആനിലയ്ക്ക് വി.എസ്സിന്റെ പി.ബി. പുനഃപ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വിടുന്നതാണ് നല്ലതെന്ന ധാരണയാണ് ഒടുവില്‍ പി.ബി. യോഗത്തില്‍ ഉണ്ടായത്. പി.ബിയിലേക്ക് അച്യുതാനന്ദന്റെ പുനഃപ്രവേശം തടസ്സമാകുമെന്ന് വ്യക്തമായതിന് പിന്നാലെ പി. ബി. അംഗം സീതാറാം യെച്ചൂരി ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. 

ഈ പ്രശ്‌നം ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ അജന്‍ഡയില്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേന്ദ്രകമ്മിറ്റിയില്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ പി.ബി. തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച വേണ്ടെന്ന് വെക്കുകയായിരുന്നു.പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് 2011 സപ്തംബറില്‍ തുടക്കം കുറിക്കണമെന്നാണ് പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിയോഗങ്ങളുടെ തീരുമാനം.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായി അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരിലാണ് 2009 ജൂലായ് 12ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സി.പി.എം. കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. 

കേരളത്തിലെ സി.പി.എം. ഘടകത്തില്‍ അക്കാലത്ത് രൂക്ഷമായിരുന്ന വിഭാഗീയതയെ അമര്‍ച്ച ചെയ്യുന്നതിനുള്ള കേന്ദ്രനേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു വി.എസ്സിനെതിരായ അച്ചടക്ക നടപടി. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ ഭേദപ്പെട്ട പ്രകടനം ദേശീയ നേതൃത്വത്തിന് വി.എസ്സിനെ കൂടുതല്‍ സ്വീകാര്യനാക്കുകയായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.