Monday, June 6, 2011

അതിരപ്പിള്ളി പദ്ധതിക്കുപിന്നിലെ അട്ടിമറി നീക്കം തിരിച്ചറിയണം


അന്ധമായ പരിസ്ഥിതി പ്രേമം മൂലം വികസന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നതിനെപ്പറ്റി ഗൗരവബുദ്ധിയോടെ ഒരു 'സോഷ്യല്‍ ഓഡിറ്റ്' നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതി പ്രേമികള്‍ ക്ഷമിക്കുക - നിങ്ങളുടെ സദുദ്ദേശ്യത്തെയല്ല സംശയിക്കുന്നത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമാക്കില്ലെന്നുറപ്പാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ സംയുക്തമായി നടത്തിവരുന്ന ശ്രമങ്ങള്‍ സംഫലമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ട് കുറേക്കാലമായി. ഏറ്റഴും പുതിയ നീക്കങ്ങള്‍ക്ക് അട്ടിമറിക്കാരുടെ ശക്തമായ പിന്തുണയുള്ളതായാണ് സൂചന. വൈദ്യുതി മിച്ച സംസ്ഥാനമെന്ന സല്‍പ്പേരു നഷ്ടമായതിന്റെ വേദനയില്‍ കഴിയുന്ന കേരളം ഇപ്പോഴത്തെ പോക്ക് പോയാല്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരക്കുമെന്നു തീര്‍ച്ച. വളരെ ലളിതമാണ് ഇതു സംബന്ധിച്ച കണക്ക്. 2911 മെഗാവാട്ട് ആവശ്യമുള്ള സ്ഥാനത്ത് 434 മെഗാവാട്ടിന്റെ കമ്മി നിലനില്‍ക്കുന്നു. പവര്‍ കട്ട് അല്ലാതെ തല്‍ക്കാലം വേറെ വഴിയില്ല. പുതിയ പദ്ധതികളെ ഏട്ടിലെ പശുവിനപ്പുറം സജീവമാക്കാന്‍ സമ്മതിക്കുന്നുമില്ല. ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ വേണം 163 മെഗാവാട്ട് ശേഷി വിഭാവനം ചെയ്യുന്ന അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുടെ ഭ്രൂണഹത്യാ ശ്രമം എത്ര നിഷ്ഠൂരമാണെന്ന് അവലോകനം ചെയ്യാന്‍. പരിസ്ഥിതിയെ ഞെക്കിക്കൊല്ലുന്ന പദ്ധതിയെന്ന ആരൊക്കെയോ വിലപിച്ചതു കേട്ട് സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചുവിടും മുമ്പ് യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കാന്‍ ഇവരില്‍ ഒരാളും മിനക്കെട്ടില്ല. പരിസ്ഥിതി പ്രേമത്തിന്റെ ഹരത്തില്‍ മുങ്ങുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആര്‍ജിക്കാനാകുന്ന തിളക്കം വൈദ്യുത പദ്ധതി ആശാസ്യമെന്നു വാദിക്കുന്നവര്‍ക്ക് ആശിക്കാനേയാകില്ല. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്തവരുടെ സ്വരം ദൃഢമാകാനും പദ്ധതി കേരളത്തിന് ഏറ്റവും ആവശ്യമാണെന്നു വാദിച്ചവരുടെ സ്വരം താഴ്ന്നു പോകാനും ഇടയായതു സ്വാഭാവികം. എതിര്‍പ്പുകാരുടെ ഉച്ചസ്ഥായിയിലുള്ള ആലാപനത്തന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും തലയാട്ടി താളംപിടിക്കുന്നതായാണ് കാണാനാവുന്നത്.
 
അതിരപ്പിള്ളി പദ്ധതിക്ക് 2007 ജൂലൈ 18 ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം രേഖാമൂലം അനുമതി നല്‍കിയിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രഗത്ഭ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ അനന്തരഫലമായി നല്‍കിയ അനുമതി പിന്നീട് മരവിപ്പിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി ജയറാം രമേശിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണിതെന്ന ആരോപണം ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. അതിരപ്പിള്ളി, പൂയംകുട്ടി ജലവൈദ്യുത പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നത് സംബന്ധിച്ച പഠനം പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കുന്ന മാധവ് ഗാഡ്ഗില്‍ സമിതിക്ക് വിട്ടിരിക്കുകയാണിപ്പോള്‍. കേരളത്തില്‍ അതിരപ്പള്ളിയെന്നല്ല ഒരൊറ്റ ജലവൈദ്യുതി പദ്ധതിയും നടപ്പിലാക്കുവാന്‍ സമ്മതിക്കില്ലെന്ന് വാശിപിടിക്കുന്ന ചിലര്‍ ഈ സമിതിയിലുണ്ടെന്നത് ഒരു വസ്തുതയാണ്. ഇതിനിടെ ചാലക്കുടി പുഴയില്‍ അതിരപ്പിള്ളി ജലവൈദ്യുതി നടപ്പാക്കുവാന്‍ വേണ്ട ജലമില്ല എന്ന ആരോപണം കേന്ദ്ര ജല വിഭവ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതോടുകൂടി പൊളിഞ്ഞു. ഒരു സംസ്ഥാനത്തിന്റെ കാര്‍ഷിക വ്യവസായ പുരോഗതിക്ക് വൈദ്യുതി അവിഭാജ്യ ഘടകമാണ്. നമ്മുടെ സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായത് പരിസര മലിനീകരണം തീരെ ഇല്ലാത്തതും ഏറ്റവും ചെലവ് കുറഞ്ഞതുമായ ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ്. നമുക്ക് ലഭ്യമായ ജലത്തിന്റെ 35-40 ശതമാനം മാത്രമാണ് നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബാക്കി വെറുതെ പാഴായി കടലില്‍ എത്തുന്നു.
 
താപവൈദ്യുതി നിലയങ്ങള്‍ ചെലവേറിയതും പരിസരമലിനീകരണം ഉണ്ടാക്കുന്നതുമായതിനാലാണ് അവയെ ജനങ്ങള്‍ എതിര്‍ക്കുന്നത്. ഈ ലേഖകന്‍ ഉള്‍പ്പെട്ട വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ 1982 ല്‍ കണ്ണൂര്‍ ജില്ലയിലെ തൃക്കരിപ്പൂരില്‍ താപനിലയത്തിനു വേണ്ടിയുള്ള സര്‍വ്വേ ജോലികള്‍ നടത്തി. ആ നാട്ടുകാരുടെ എല്ലാ സഹകരണവും ഉണ്ടായിരുന്നെങ്കിലും സര്‍വ്വേ അവസാനിക്കാറായപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു സര്‍വ്വേ ചെയ്യുവാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ നീലീശ്വരത്തിന് അടുത്ത് പടന്നക്കാട്ടില്‍ സര്‍വ്വേക്ക് പോയി. അവിടെ ആദ്യ ദിവസം തന്നെ നാട്ടുകാര്‍ എതിര്‍പ്പുമായി വന്നു. അതോടുകൂടി അവിടത്തെ പരീക്ഷണം ഉപേക്ഷിച്ചു.അന്തരിച്ച നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നമുക്ക് ഒരു ആണവ വൈദ്യുതി നിലയം തരാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് അതിന്റെ പ്രാരംഭ സര്‍വ്വേ ഇടമലയാറില്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാരുടെ സംഘടിത എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. അപ്പോള്‍ ഏത് വൈദ്യുത പദ്ധതിയാണ് നമുക്കനുയോജ്യമായിട്ടുള്ളത്? വനം നശിപ്പിച്ച് ജലവൈദ്യുതപദ്ധതികള്‍ വേണ്ടെന്ന് പരിസ്ഥിതിവാദികളും പരിസരമലിനീകരണം കൊണ്ട് താപവൈദ്യുത പദ്ധതികള്‍ വേണ്ടെന്ന് നാട്ടുകാരും കേരളത്തെപോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ന്യൂക്ലിയര്‍ പദ്ധതി വേണ്ടെന്ന് ബുദ്ധിജീവികളും ഒരേ സമയം വാദിക്കുന്നു. അപ്പോള്‍ പിന്നെ ഏത് ബദല്‍ നിര്‍ദ്ദേശമാണ് വൈദ്യുത പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് പറയുവാനുള്ളത്? ഒരു കാര്യം വ്യക്തമാണ്. ജലവൈദ്യുതി പദ്ധതിക്ക് പകരം ജലവൈദ്യുതി പദ്ധതി മാത്രമേയുള്ളൂ. ഇത് ബന്ധപ്പെട്ട എല്ലാവരും അംഗീകരിച്ചേ മതിയാകൂ.
 
ഇനി അതിരപ്പിള്ളി പദ്ധതിയിലേക്ക് തിരിച്ചുവരാം.കേന്ദ്രവനം നിയമത്തിന് വിധേയമായാണ് അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം 18.7.2007 ല്‍ അനുവാദം തന്നത്. കേന്ദ്രവനം നിയമത്തിലുള്ള ഒരു വ്യവസ്ഥ പൊതുആവശ്യത്തിന് മരം മുറിക്കുമ്പോള്‍ അതിന്റെ ഇരട്ടി സ്ഥലത്ത് മരം വെച്ചുപിടിപ്പിക്കണമെന്നാണ്. ഈ വ്യവസ്ഥയനുസരിച്ചാണ് എല്ലാ സംസ്ഥാനത്തും ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നത്. അതിരപ്പിള്ളി പദ്ധതിക്ക് ആകെ വേണ്ടത് 138.60 ഹെക്ടര്‍ സ്ഥലം മാത്രമാണ്. ഇതില്‍ സ്വാഭാവികവനം ഉള്ളത് 28.60 ഹെക്ടറിലേയുള്ളൂ. ബാക്കിയുള്ളതില്‍ 58 ഹെക്ടര്‍ ചാര്‍പ്പ, ഇട്ട്യാനി എന്നീ നദീതടങ്ങളും 52 ഹെക്ടറില്‍ തേക്കിന്‍ തോട്ടവുമാണ്. 28.60 ഹെക്ടര്‍ വനഭൂമിയിലെ മരം മുറിക്കുമ്പോള്‍ പകരം വനവല്‍ക്കരണത്തിനായി വനം വകുപ്പ് ആവശ്യപ്പെട്ട 1.14 കോടി രൂപയും മരം വെട്ടുന്നതിനുള്ള നഷ്ടപരിഹാരമായി 4.11 കോടി രൂപയും (മൊത്തം 5.25 കോടി രൂപ) വൈദ്യുതി ബോര്‍ഡ് വനം വകുപ്പിന് കൊടുത്തിട്ടുള്ള വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്.വെറും 28.60 ഹെക്ടര്‍ സ്ഥലത്തെ വനം നശിക്കുമ്പോള്‍ ഉണ്ടാകുന്ന ജൈവ വൈവിധ്യ നഷ്ടത്തെ ഓര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ സര്‍ക്കാര്‍ വക ആയിരക്കണക്കിന് ഏക്കര്‍ വനം കയ്യേറി റിസോര്‍ട്ടും മറ്റും നിര്‍മ്മിക്കുന്ന, മൂന്നാര്‍, ചിന്നക്കനാല്‍, മതികെട്ടാന്‍ മുതലായ സ്ഥലങ്ങളിലെ വനം നശീകരണം മൂലമുണ്ടാകുന്ന ജൈവവൈവിധ്യ നഷ്ടം കണ്ടില്ലെന്നു നടക്കുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന് ഇതേപ്പറ്റി എന്താണ് പറയുവാനുള്ളത്? ജലവൈദ്യുതി പദ്ധതിക്ക് വേണ്ടി മരം മുറിക്കുമ്പോള്‍ മാത്രമാണോ ജൈവ വൈവിധ്യം നഷ്ടപ്പെടുന്നത്? സ്വകാര്യവ്യക്തികള്‍ സര്‍ക്കാര്‍ വക വനം കയ്യേറി മരം മുറിച്ച് വനം നശിപ്പിച്ചാല്‍ അവിടെ ജൈവ വൈവിധ്യം വികസിക്കുമോ? ഈ ഇരട്ടത്താപ്പ് നയം പരിസ്ഥിതി വാദികളും സ്സതാന ജൈവ വൈവിധ്യബോര്‍ഡും അവസാനിപ്പിക്കണം.
 
വെറും 28.60 ഹെക്ടര്‍ സ്ഥലത്തെ വനം നശിക്കുമ്പോള്‍ ഉണ്ടാകുന്ന ജൈവ വൈവിധ്യത്തിന്റെ നഷ്ടം മൂലം അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് കേരള ഹൈക്കോടതിയില്‍ പോയ ജൈവ വൈവിധ്യബോര്‍ഡ് ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ വനം സ്വകാര്യ വ്യക്തികള്‍ കയ്യേറി നശിപ്പിക്കുമ്പോഴുണ്ടാകുന്ന ജൈവ വൈവിധ്യ നഷ്ടത്തെപ്പറ്റി പ്രതികരിക്കാത്തതിന് ഒരു കാരണവശാലും ന്യായീകരണമില്ല. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. കാട് നശിക്കുന്നതില്‍ ഇവിടത്തെ പരിസ്ഥിതി വാദികള്‍ക്കോ ജൈവവൈവിധ്യ ബോര്‍ഡിനോ ഒരു ഉല്‍ക്കണ്ഠയും ഇല്ല. ഏക പിടിവാശി അതിരപ്പിള്ളി പദ്ധതി നടപ്പാക്കുവാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നു മാത്രമാണ്. ഈ നിലപാട് നമ്മുടെ സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യത്തിന് എതിരാണെന്നുള്ള സത്യം ബന്ധപ്പെട്ട എല്ലാവരും തിരിച്ചറിയണം.കേന്ദ്രമന്ത്രി ജയറാം രമേഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ സംസ്ഥാനത്തുള്ളവര്‍ തന്നെയാണ് നമ്മളെ അടിക്കുവാന്‍ അദ്ദേഹത്തിന് വടി കൊടുക്കുന്നത്. ജയറാം രമേഷ് പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം ദീര്‍ഘകാലം വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നയാളും ഇപ്പോള്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ടി.എം.മനോഹരന്‍ അതിരപ്പിള്ളി വൈദ്യുതി പദ്ധതിക്കെതിരാണെന്നാണ്. ഇത് മനോഹരന്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.
 
മനോഹരന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ വൈദ്യുതി ബോര്‍ഡിലെ ഒരു എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് സംശയം ഉണ്ടായിരുന്നു, വനം വകുപ്പില്‍ നിന്നും വരുന്ന ഒരു ഉദ്യോഗസ്ഥന് വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതികള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കുവാന്‍ സാധിക്കുമോയെന്ന്. കേസ് ഹൈക്കോടതി തള്ളിയെങ്കിലും ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയായിരുന്നെന്ന് പില്‍ക്കാലത്തുണ്ടായ തന്റെ പ്രവര്‍ത്തനം മൂലം മനോഹരന്‍ തെളിയ്ചചതായി സഹപ്രവര്‍ത്തകര്‍ സ്വകാര്യ സംഭാഷണത്തില്‍ പറയാറുണ്ട്. ഏതാനും മാസം മുമ്പ് അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു: അതിരപ്പിള്ളി പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്; വനം വകുപ്പിന്റെ അഭിപ്രായം ഞാന്‍  പിന്നീട് പറയാമെന്ന്. എന്തൊരു വിരോധാഭാസമാണിത്! സി.പി.ഐഅതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമാണെന്നാണ് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം. സി.പി.ഐയുടെ അംഗീകൃത നയത്തിനെതിരെ ബിനോയ് വിശ്വത്തിന് അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ എന്തെങ്കിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിന് ശേഷമായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ ഈ വിചിത്ര നിലപാട് പദ്ധതിവിരുദ്ധര്‍ക്കാണ് ആവേശം പകര്‍ന്നത്. അതിരപ്പിള്ളി പദ്ധതിയോടുള്ള ബിനോയ് വിശ്വത്തിന്റെ നിലപാടിനോടുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം അറിവായിട്ടുമില്ല.
 
കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ് വി.എം.സുധീരന്‍ 2009 മാര്‍ച്ച് ആറിന് അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ യോഗത്തില്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് 140 ഹെക്ടര്‍ വനഭൂമി അതിരപ്പിള്ളി പദ്ധതി വന്നാല്‍ വെള്ളത്തില്‍ മുങ്ങി നശിക്കുമെന്നാണ്. ഇത് യഥാര്‍ത്ഥ വസ്തുതകള്‍ക്കെതിരാണ്. സാധാരണ അദ്ദേഹം കാര്യങ്ങള്‍ ശരിക്കും പഠിച്ചതിന് ശേഷമേ അഭിപ്രായം പറയാറുള്ളൂ. പക്ഷെ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി അതിരപ്പിള്ളി പദ്ധതിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.ആന്ധ്രയിലെയും കേരളത്തിലെയും വൈദ്യുതി ഉത്പാദനത്തിന്റെ കണക്കുകള്‍ കൗതുകമുണര്‍ത്തുന്നു.കേരളത്തില്‍ നിലവിലുള്ള 28 ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1911 മെഗാവാട്ടും കായംകുളം ഉള്‍പ്പെടെയുള്ള അഞ്ച് തെര്‍മ്മല്‍ പ്രോജക്ടില്‍ നിന്ന് 601.04 മെഗാവാട്ടും ഒരു കാറ്റാടി വൈദ്യുത പദ്ധതിയില്‍ നിന്ന് 2.03 മെഗാവാട്ടും ഉള്‍പ്പെടെ ആകെ 2514.07 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ആന്ധ്രയില്‍ നിലവിലുള്ള 16 ജലവൈദ്യുത പദ്ധതികളില്‍നിന്ന് 3622 മെഗാവാട്ടും എട്ട് താപവൈദ്യുതി നിലയങ്ങളില്‍ നിന്ന് 7982.5 മെഗാവാട്ടും ഉള്‍പ്പെടെ  ആകെ ഉല്‍പാദനം 11,604.50 മെഗാവാട്ടാണ്. അതായത് കേരളത്തില്‍ ഇപ്പോള്‍ ഉല്‍പാദിക്കുന്നതിനേക്കാള്‍ 9089.43 മെഗാവാട്ട് വൈദ്യുതി ആന്ധ്രയില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു.
 
കൂടാതെ നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് 2013 ജനുവരിയോടെ 1448 മെഗാവാട്ടും നിര്‍മ്മാണത്തിലിരിക്കുന്ന നാല് താപവൈദ്യുതി നിലയങ്ങളില്‍ നിന്ന് 2012 ഡിസംബര്‍ മാസത്തോടെ 2910 മെഗാവാട്ടും ആറ് തെര്‍മ്മല്‍ വൈദ്യുതി നിലയങ്ങളില്‍ നിന്ന് 2015-16 അവസാനത്തോടെ 9882 മെഗാവാട്ടും പുലിവെന്ദുല ആണവ നിലയത്തില്‍ നിന്നുള്ള 2000 മെഗാവാട്ടും ഉള്‍പ്പെടെ 2016 അവസാനമാകുമ്പോള്‍ ആന്ധ്രയിലെ വൈദ്യുതി ഉല്‍പാദനം 27,844.50 മെഗാവാട്ടുണ്ടാകും.ആന്ധ്രയില്‍ ഭാവിയില്‍ വരാന്‍ പോകുന്ന 33 തെര്‍മ്മല്‍ വൈദ്യുതി നിലയങ്ങളില്‍ നിന്ന് 38,220 മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിക്കുക.ആന്ധ്രയില്‍ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയാല്‍ വനം നശിക്കുകയില്ലേ? അതുവഴി ജൈവവൈവിധ്യം നശിക്കുകയില്ലേ? അഥവാ ആന്ധ്രയിലെ ജലവൈദ്യുതി പദ്ധതികള്‍ എല്ലാം നഗരപ്രദേശത്താണോ നടപ്പാക്കുന്നത്? പരിസ്ഥിതിവാദികള്‍ പഠിക്കേണ്ട വിഷയമാണിത്.നമ്മുടെ വൈദ്യുതി ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. സി.എഫ്.എല്‍ ബള്‍ബുകൊണ്ടോ സോളാര്‍ എനര്‍ജി കൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല നമ്മുടെ പ്രശ്‌നം. കൃഷി സ്വയം പര്യാപ്തതയ്ക്ക് കര്‍ഷകര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമായി തന്നെ കൊടുക്കണം. വ്യവസായശാലകള്‍ തുടങ്ങുന്നതിന് ചുരുങ്ങിയ ചെലവില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കണം. വന്‍തോതില്‍ ഐ.ടി വ്യവസായം കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറും ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണിവ. ഇവയ്‌ക്കെല്ലാം വന്‍തോതില്‍ വൈദ്യുതി ആവശ്യമുണ്ട്. അതിന് അടിയന്തിരമായി ചെയ്യേണ്ടത്: 163 മെഗാ വാട്ടിന്റെ അതിരപ്പള്ളി പദ്ധതി വേഗത്തില്‍ നടപ്പാക്കുക.നിര്‍ത്തിവെച്ചിരിക്കുന്ന 84 മെഗാവാട്ടിന്റെ കാരപ്പാറ (24 മെഗാവാട്ട്) കുരിയാര്‍കുട്ടി (60 മെഗാ വാട്ട്) പദ്ധതികള്‍ നടപ്പാക്കുക. പൂയ്യംകുട്ടി പദ്ധതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിപ്പിക്കുക
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സൈലന്റ് വാലി പദ്ധതിക്കു കേരളത്തിന് വാഗ്ദാനം ചെയ്തതാണ് ഇടുക്കിയേക്കാളം വലിയ പുയ്യംകുട്ടി പദ്ധതി. പരിസ്ഥിതി വാദികള്‍ അതിനേയും തുരങ്കം വച്ചു. ആദ്യം വിഭാവനം ചെയ്ത പൂയ്യംകുട്ടി പദ്ധതിയുടെ കയ്യും കാലും വെട്ടി ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത് വെറും 210 മെഗാവാട്ട് പദ്ധതിയാണ്. ഇതും ഇപ്പോള്‍ മാധവ ഗാഡ്ഗില്‍ സമിതിക്ക് വിട്ടിരിക്കുന്നു. സമിതിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.  കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുക്കുമെന്ന് വിശ്വസിക്കാം. പ്രഗത്ഭനായ ആര്യാടന്‍ മുഹമ്മദ് സംസ്ഥാന വൈദ്യുതി മന്ത്രിയായി സ്ഥാനമേറ്റതും ആശാവഹമാണ്.
 
പ്രൊഫ. മാധവ് ഗാഡ്ഗില്‍ ഇക്കഴിഞ്ഞ ജനുവരി 29 ന് അതിരപ്പിള്ളി സന്ദര്‍ശിച്ചശേഷം പറഞ്ഞ കാര്യങ്ങളും സത്യാവസ്ഥയും
 
വാഴച്ചാല്‍ ആദിവാസി കോളനിയില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗമായ കാടാര്‍ സമുദായാംഗങ്ങളായ ആദിവാസികളെ ഒരിക്കലും മാറ്റിപ്പാര്‍പ്പിക്കരുതെന്നും അവരെ നിലവിലെ ജീവിതാവസ്ഥയില്‍ തന്നെ നിലനിര്‍ത്തണമെന്നുമാണ് വനാവകാശ നിയമത്തില്‍ പറയുന്നത്. വാഴച്ചാല്‍ ആദിവാസി കോളനി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പരിധിക്ക് പുറത്താണ്. അതുകൊണ്ട് അവിടെനിന്നും ആരേയും മാറ്റി പാര്‍പ്പിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. പൊകലപ്പാറ ആദിവാസി കോളനിയാണ് അതിരപ്പിള്ളി പദ്ധതി പ്രദേശത്ത് വരുന്നത്. അതിരപ്പള്ളി പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ജോലികള്‍ ആരംഭിക്കുന്ന സമയത്ത് അവിടെ രണ്ട് ആദിവാസി കുടിലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പദ്ധതി വരുമെന്ന് മനസ്സിലാക്കി മറ്റു പ്രദേശങ്ങളില്‍ നിന്ന് ചിലര്‍കൂടി പൊകലപ്പാറയില്‍ കുടിയേറുകയാണ് ഉണ്ടായത്. പദ്ധതി സംബന്ധിച്ച് ആദിവാസികളുടെ പ്രതിനിധിയായ പഞ്ചായത്തംഗം സന്ധ്യ ഉണ്ണികൃഷ്ണന്‍ പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റിയോട് പറഞ്ഞതിങ്ങനെ: ''ആദിവാസികള്‍ക്ക് കോട്ടം വരാത്ത രീതിയില്‍, വെള്ളച്ചാട്ടം നിലനിര്‍ത്തി പദ്ധതി നടപ്പാക്കണം.'' വളരെ ശ്രദ്ധേയമായ ഈ അഭിപ്രായത്തെപ്പറ്റി ആദിവാസികളെ അറിയുവാന്‍ കേരള ജനതയ്ക്ക് താല്‍പര്യമുണ്ട്.പദ്ധതി വന്നാല്‍ നശിക്കുന്ന പുഴയോര വനങ്ങളെപ്പറ്റിയും പുഴയിലെ ഇരുപതിലേറെ ദ്വീപുകളെപ്പറ്റിയും ശരിയായ പഠനം നടത്തിയില്ല.പദ്ധതി വന്നാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന തെറ്റിദ്ധാരണയില്‍ നിന്നും ഉദിച്ചതാണ് ഈ സംശയം. പദ്ധതി വന്നാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരിക്കലും ഇല്ലാതാകുന്നില്ല. വാഴച്ചാല്‍ പ്രധാന ഡാമിന്റെ മുന്‍വശത്തുള്ള മിനി പവ്വര്‍ഹൗസ് 365 ദിവസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുകൊണ്ട് അതിരപ്പിളളിയില്‍ പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായിരുന്നതുപോലെ വെള്ളച്ചാട്ടം തുടര്‍ന്നും ഉണ്ടായിരിക്കും.
 
ചാലക്കുഴി പുഴയില്‍ ഇരുപതിലേറെ ദ്വീപുകള്‍ ഉണ്ടെന്നു പറഞ്ഞ് ശുദ്ധ അസംബന്ധമാണ്. അവ ഏതാനും തുരുത്തുകള്‍ മാത്രമാണെന്നും വെള്ളച്ചാട്ടം ഇന്നത്തെപ്പോലെ നിലനില്‍ക്കുമെന്നുള്ളതുകൊണ്ട് ഈ തുരുത്തുകള്‍ക്ക് ഒന്നും സംഭവിക്കില്ലായെന്നതും യാഥാര്‍ത്ഥ്യമാണ്.വിനോദ സഞ്ചാര മേഖല തകര്‍ക്കുന്ന കുടിവെള്ളവും ജലസേചനവും ഇല്ലാതാക്കുന്ന ഈ പദ്ധതി നടപ്പാക്കരുതെന്ന് സി.പി.ഐ ചാലക്കുടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.വി.ഗംഗാധരനും സമീപ പഞ്ചായത്ത് ഭാരവാഹികളും പറഞ്ഞത് അതിരപ്പള്ളി പദ്ധതി വന്നാല്‍ വെള്ളച്ചാട്ടം പോകുമെന്ന നിഗമനത്തിലാണ്.എല്ലാവരും ഒരു സത്യം മറക്കുന്നു. പെരിങ്ങല്‍ക്കുത്ത് ഡാം ഉള്ളതുകൊണ്ട് മാത്രമാണ് വേനല്‍ക്കാലത്ത് അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം നിലനില്‍ക്കുന്നത്. ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലുമുള്ള കനാലുകളില്‍ വേനല്‍ക്കാലത്ത് നിലവിലുള്ളപോലെ തുടര്‍ന്നും വെള്ളം കിട്ടുമെന്നുമുള്ള സത്യം ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കില്ല. കൂടാതെ വേനല്‍ക്കാലത്ത് കൃഷിക്ക് വെള്ളം വേണമെന്ന് സമീപ പഞ്ചായത്തുകളിലുള്ളവര്‍ മുറവിളി കൂട്ടുമ്പോള്‍ പെരിങ്ങല്‍ക്കുത്തില്‍നിന്നും വെള്ളം വിട്ടുകൊടുക്കാറാണ് പതിവ്.
മഴക്കാലത്ത് പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞുകഴിഞ്ഞൊഴുകി വെള്ളം പാഴാവുന്നത് തടയുവാനാണ് വാച്ചുമരത്ത് ഒരു കനാല്‍ നിര്‍മ്മിച്ച് പെരിങ്ങല്‍ക്കുത്തിലെ അധികജലം ഇടമലയാര്‍ റിസര്‍വോയറിലേക്ക് ഒഴുക്കുന്നത്. അതിരപ്പിള്ളി പദ്ധതി വന്നാല്‍ മേല്‍പറഞ്ഞ അധിക ജലം അതിരപ്പിള്ളി റിസര്‍വോയില്‍ എത്തുക സ്വാഭാവികമാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.