Tuesday, June 7, 2011

സിപിഎം പ്രവര്‍ത്തകര്‍ ക്ലാസിലേക്ക്: വിദ്യാര്‍ഥികള്‍ തെരുവുയുദ്ധ സമരത്തിലേയ്ക്കും



അധികാരം നഷ്ടപ്പെട്ടതോടെ പാര്‍ട്ടി പ്രത്യയശാസ്ത്രം അരച്ചുകലക്കിക്കുടിക്കാന്‍ സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള അണികള്‍ക്ക് അവസരം ലഭിക്കുന്നു. അതേസമയം സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ സമരമുഖത്തേക്ക് എടുത്തുചാടാനുമുള്ള ശ്രമത്തിലാണ്. നിയമസഭാ സമ്മേളനം 24നു തുടങ്ങുന്നതോടെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടനകളുടെ ആക്രമണവും ആരംഭിക്കും. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജും സെക്രട്ടേറിയറ്റും കേന്ദ്രീകരിച്ചാവും പ്രക്ഷോഭം. ഇതിനായി യൂണിവേഴ്‌സിറ്റി കോളജില്‍ തണ്ടും തടിയുമുള്ള, അഥവാ ലക്കും ലഗാനുമില്ലാത്ത കറതീര്‍ന്ന ഇരുപതിലേറെ പാര്‍ട്ടി പ്രവര്‍ത്തകരെ വിദ്യാര്‍ഥികളായി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രവുമല്ല, മറ്റ് കോളജുകളില്‍ നിന്ന് മുന്‍പിന്‍ നോക്കാതെ, സംഘടനയ്‌ക്കൊപ്പം നില്‍ക്കുന്നവരെയെല്ലാം യൂണിവേഴ്‌സിറ്റി കോളജിലേയ്ക്ക് കൊണ്ടു വരാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇവിടെ പഠിക്കാന്‍ യോഗ്യതയില്ലാത്ത പ്രക്ഷോഭകര്‍, സമരത്തിനിടയിലും കോളജിലും വിദ്യാര്‍ഥികള്‍ക്കൊപ്പം നുഴഞ്ഞുകയറി അണിചേരും.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കാന്‍, ഇനിയുള്ള അധ്യയനവര്‍ഷങ്ങളിലൊക്കെ യൂണിവേഴ്‌സിറ്റി കോളജ് കൂടുതല്‍ ശക്തികേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. അവിടെ നിന്നുള്ള ഓപ്പറേഷനുകള്‍ രഹസ്യവുമാകണം. അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളായ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ കയറിപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ അപേക്ഷാ ഫോം വാങ്ങാന്‍ വരുന്ന രക്ഷിതാക്കളെ ചോദ്യം ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സ്വാശ്രയ കോളജ് പ്രശ്‌നം ചൂണ്ടിക്കാട്ടി തല്‍ക്കാലം സമരപരമ്പരയ്ക്കു തുടക്കമിടാനാണ് തീരുമാനം. സ്വാശ്രയ മേഖലയെ ആകെ കുഴച്ചു മറിച്ച ശേഷം കഴിഞ്ഞ സര്‍ക്കാര്‍ ഇറങ്ങിപ്പോയ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഊരാക്കുടുക്കിലാണെന്ന് അറിഞ്ഞുകൊണ്ടാണ് ഈ വിഷയം ഏറ്റെടുക്കുന്നത്.

സമരത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘടനയുടേയും പാര്‍ട്ടിയുടെയും ജില്ലാ നേതാക്കളുടെ രഹസ്യയോഗം കാര്യവട്ടം സര്‍വകലാശാലാ ക്യാംപസില്‍ ചേരുകയുണ്ടായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാനത്തെ തെരുവീഥികളെ യുദ്ധക്കളമാക്കിക്കൊണ്ട് എസ്എഫ്‌ഐ നടത്തിയ സ്വാശ്രയ സമരം അതേപടി പുനരാവിഷ്‌കരിക്കാനാണ് തീരുമാനം. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ കരുത്തിലാണ് സമരത്തിന്റെ വിജയം എന്നതിനാല്‍ പരമാവധി പാര്‍ട്ടിക്കാരെ യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളായി കയറ്റണമെന്നാണ് തീരുമാനം എടുത്തത്. റാങ്ക് പട്ടികയില്‍ ഇല്ലാത്ത ഇവര്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ കൊണ്ടു സമ്മതിപ്പിക്കണമെന്നും നിര്‍ദേശം വന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക്, അവിടുത്തെ പ്രത്യേകസാഹചര്യത്തില്‍ നിര്‍ബന്ധത്തിനു വഴങ്ങുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ഡിഗ്രി കോഴ്‌സിന് കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബങ്ങളിലെ ഒരു വിദ്യാര്‍ഥിയെപോലും പ്രവേശിപ്പിക്കാതിരിക്കാന്‍ സംഘടന ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബിരുദ കോഴ്‌സിനുള്ള അപേക്ഷാ ഫോം വാങ്ങി പുറത്തിറങ്ങിയ രക്ഷിതാക്കളോട് പേരും വിലാസവും ഫോണ്‍ നമ്പരുമെല്ലാം ഇവര്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഇതു നല്‍കാന്‍ വിസമ്മതിച്ച രക്ഷിതാക്കളെ വിരട്ടുന്നു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോളജ് വളപ്പിനു പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി. ഒടുവില്‍ സ്വന്തം കുടുംബചരിത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയതിന് ശേഷമാണ് പലര്‍ക്കും പുറത്തു പോകാന്‍ സാധിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍വച്ച് ഓരോ വിദ്യാര്‍ഥിയുടെയും രാഷ്ട്രീയ കൂറ് അന്വേഷിക്കും.

കോണ്‍ഗ്രസ് അനുഭാവികളോ അത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരോ ആണെന്നു മനസിലാക്കിയാല്‍ ആ വിദ്യാര്‍ഥി കോളജില്‍ എത്താതിരിക്കാനുള്ള എല്ലാ വിരട്ടും പയറ്റും. വിദ്യാര്‍ഥികള്‍ക്ക് അയയ്ക്കുന്ന കാര്‍ഡുകള്‍ മുക്കുന്നതു മുതല്‍ ഭീഷണി വരെ എന്തും പ്രയോഗിക്കാം. മുന്‍പ് സംസ്‌കൃത കോളജിലും ഇതേ രീതിയില്‍ പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുന്ന പരിപാടി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്‌കൃത കോളജില്‍ പഠിക്കാന്‍ വേണ്ടത്ര വിദ്യാര്‍ഥികളെ കിട്ടാത്തിനാല്‍ ഈ പരിപാടി പഴയപോലെ വിജയിക്കുന്നില്ല. നിയമസഭാ സമ്മേളനത്തിനൊപ്പം തലസ്ഥാനത്തെ തെരുവുകളില്‍ സമരകാഹളവും പോര്‍വിളിയും മുഴങ്ങും. അത് എത്രത്തോളം വഷളാകുമെന്ന് നഗരവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൂടെ മനസ്സിലാകും. ജനങ്ങളെ ബാധിച്ചാലേ, സമരത്തിന് തീവ്രത ഏറു എന്നതിനാല്‍ തലസ്ഥാനം ഇനിയൊട്ടും ശാന്തമാകുമെന്ന് ഉറപ്പില്ല.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ അംഗങ്ങള്‍ക്ക് ശിക്ഷയും പഠനവും നല്‍കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഒരുങ്ങുകയാണ്. വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പരസ്യ പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ ബ്രാഞ്ച് തലം മുതലുള്ള അംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കാനാണ് പഠന ക്ലാസുകള്‍ ആരംഭിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷയുടെയും പഠനത്തിന്റെയും പരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നത്. സ്ഥാനാര്‍ഥിത്വ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനങ്ങളില്‍ 2006 ല്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതൃത്വം കൈക്കൊണ്ടിരുന്നത്. സംസ്ഥാനത്ത് പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍ വ്യാപകമായി പ്രകടനം നടന്നുവെങ്കിലും അതില്‍ പാര്‍ട്ടി അംഗങ്ങളുടെ പങ്ക് തുച്ഛമായിരുന്നുവെന്നായിരുന്നുവെന്നും കാസര്‍കോട്, നീലേശ്വരം ഭാഗങ്ങളിലാണ് അത്തരത്തില്‍ പ്രകടനം നടന്നതെന്നുമായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിശകലനം കഴിഞ്ഞതോടെ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തി.

കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് ആലോചന. 2006 ല്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപക അച്ചടക്ക നടപടി എടുത്തുവെങ്കില്‍ ഇത്തവണ അത് ചില ജില്ലകളില്‍ മാത്രമായി ചുരുക്കുമെന്ന സൂചനയാണുള്ളത്. ഗ്രൂപ്പ് ഭേദമന്യേ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും തെരുവില്‍ ഇറങ്ങി നടത്തിയ പ്രകടനം നേതൃത്തെ ഞെട്ടിച്ചിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലകളിലാണ് ഇത്തവണ പ്രകടനം ഏറെയും നടന്നത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വി.എസ്. അച്യുതാനന്ദന്‍ ഒരു ഗ്രൂപ്പിനും നേതൃത്വം നല്‍കുന്നില്ലെന്നതിനാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വം. എന്നാലും അച്ചടക്ക നടപടി എടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശമാവും നല്‍കുകയെന്നതിനാലാണ് നടപടിയിലേക്ക് തിരിയുന്നത്. അതേസമയം സി.പി.എം സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി എല്ലാ ജില്ലകളിലെയും കീഴ് ഘടകങ്ങള്‍ മുതലുള്ള പാര്‍ട്ടിയംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ബോധവത്കരണം നല്‍കുക ലക്ഷ്യമിട്ടാണ് പഠന ക്ലാസ് സംഘടിപ്പിക്കാന്‍ നേതൃത്വം ഒരുങ്ങുന്നത്.

സി.പി.എം ഭരണഘടന, പാര്‍ട്ടി നയപരിപാടി മുതല്‍ വൈരുധ്യാത്മിക ഭൗതിക വാദം, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാവും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ വരെയുള്ളവരെയാണ് ക്ലാസുകളില്‍ പങ്കെടുക്കാനായി നിര്‍േദശിച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിലെ ക്ലാസുകള്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പാര്‍ട്ടിയംഗങ്ങളില്‍ പാര്‍ട്ടി വിദ്യാഭ്യാസം കുറവാണെന്ന വിമര്‍ശം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇടക്കിടെ നല്‍കിയിരുന്ന ചെറിയ ഇടവേളകളിലെ ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസത്തെ ക്ലാസില്‍ പാര്‍ലമെന്ററി, സംഘടനാ രംഗങ്ങളില്‍ പാര്‍ട്ടിയംഗങ്ങള്‍ പുലര്‍ത്തേണ്ട അച്ചടക്ക മര്യാദ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദമായ ബോധവത്കരണമാവും നടത്തുക

No comments:

Post a Comment

Note: Only a member of this blog may post a comment.