Thursday, June 2, 2011

പ്രതിരോധ തന്ത്രങ്ങളില്ലാതെ സി.പി.എം


കേരളത്തിലെ അണ്ണാ ഹസാരെയാകാന്‍ അഴിമതിവിരുദ്ധ പോരാട്ടക്കാരന്റെ വേഷമെടുത്തണിഞ്ഞ വി.എസ് അച്യുതാനന്ദന്റെ പൊയ്മുഖം ഒന്നൊന്നായി അഴിഞ്ഞുവീഴുമ്പോള്‍ സ്വയം പ്രതിരോധത്തിനുള്ള തന്ത്രങ്ങളാകെ നിര്‍വീര്യമാക്കി നിസംഗതയുടെ കൊക്കൂണ്‍ വലയത്തിലേക്ക് വലിയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു സി.പി.എം.
 മുഖ്യമന്ത്രിക്കസേര വിടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വി.എസിന്റെ ബന്ധുവിന് സര്‍ക്കാര്‍ഭൂമി ഇഷ്ടദാനമായി നല്‍കിയതിനുപിന്നിലെ ക്രമക്കേട് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ യു.ഡി.എഫ് മന്ത്രിസഭ ബുധനാഴ്ച കൈക്കൊണ്ട തീരുമാനം അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കനത്ത ആഘാതങ്ങളില്‍ ഒന്നായി മാറുമെന്ന് ഈ ഇടപാടിന് പിന്നിലെ ഉള്ളുകള്ളികള്‍ അറിയുന്നവര്‍ വിശ്വസിക്കുന്നു. ന്തായാലും സ്വന്തം പാര്‍ട്ടി ഇക്കാര്യത്തില്‍ അച്യുതാനന്ദനെ വിശ്വാസത്തില്‍ എടുത്തിട്ടുള്ളതായി ഇതുവരെ സൂചനയില്ല. വിജിലന്‍സ് അന്വേഷണ തീരുമാനത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രഖ്യാപനത്തിന്റെ വാര്‍ത്ത പാര്‍ട്ടി പത്രം ഇന്നലെ കൊടുത്തിരിക്കുന്നതുതന്നെ ഇതിനുതെളിവ്. മറ്റൊരു വാര്‍ത്തയ്ക്കുള്ളില്‍ ഒറ്റവരിയിലാണ് തങ്ങളുടെ മഹാനേതാവായ മുന്‍മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് അന്വേഷണവിവരം പാര്‍ട്ടി പത്രം ചേര്‍ത്തിരിക്കുന്നത്. ഇതിലാകട്ടെ അച്യുതാനന്ദന്റെ പേര് ഒഴിവാക്കിയത് അദ്ദേഹത്തെ ആക്ഷേപിക്കാതിരിക്കാനുള്ള സദുദ്ദേശ്യത്തോടെയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ടാകില്ല.  എന്തായാലും പ്രതികാരബുദ്ധിയോടെ അഴിമതിവിരുദ്ധ പോരാളിയെ ആക്ഷേപിക്കാനും കുരിശിലേറ്റാനും വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് പാര്‍ട്ടി പത്രവും നേതാക്കളും വിളിച്ചുകൂവാത്തതെന്തെന്ന് സാധാരണ വായനക്കാര്‍ ചിന്തിച്ചാല്‍ കുറ്റം പറയാനുമാകില്ല.
 
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാരും അച്യുതാനന്ദനെതിരായ ഈ വിജിലന്‍സ് അന്വേഷണത്തെ അപലപിക്കാത്തതെന്തെന്ന ചോദ്യത്തിനുള്ള ഉത്തരം എളുപ്പം കണ്ടെത്താനാകും, പിണറായിക്കുവേണ്ടി ഫാരിസ് അബൂബേക്കര്‍ നടത്തുന്ന പത്രത്തില്‍ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് പരിശോധിച്ചാല്‍.
പാര്‍ട്ടി പത്രത്തിന് ചെയ്യാന്‍ കഴിയാത്ത വ്യക്തിവധം ഫാരിസിന്റെ പത്രത്തിലൂടെ പിണറായി നിര്‍ലോഭം നടത്തിയിരിക്കുന്നു. വിജിലന്‍സ് അന്വേഷണ തീരുമാനം ഒന്നാം പേജിലെ സുപ്രധാന വാര്‍ത്തയായി ആഘോഷിച്ചിരിക്കുന്നതിനപ്പുറം അച്യുതാനന്ദന്‍ തന്റെ ബന്ധുവിന് നിയമങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുകയായിരുന്നുവെന്ന് സംശയത്തിന് പഴുതില്ലാത്തവിധം പത്രം സമര്‍ത്ഥിക്കുന്നുണ്ട്. പിണറായിക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള മറ്റൊരു വാര്‍ത്തയില്‍ പറയുന്നത് ഈ കേസിന്റെ പേരില്‍ അച്യുതാനന്ദന് പ്രതിപക്ഷനേതാവിന്റെ കസേര നഷ്ടമാകുമെന്നാണ്. പിണറായിയുടെ ഉള്ളിലുള്ളതാണ് ഈ വാര്‍ത്തയിലൂടെ പുറത്തുവന്നതെന്ന വസ്തുത മാധ്യമലോകത്തിനും പാര്‍ട്ടി നേതാക്കള്‍ക്കും ഒരുപോലെ തീര്‍ച്ച. എന്തായാലും പാമോലിന്‍ ഇടപാടിലെ വിജിലന്‍സ് കേസിനുള്ള സാധ്യതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രിയായിരിക്കവെ പരസ്യമായി ആവശ്യപ്പെട്ട അച്യുതാനന്ദന്‍ അത്തരത്തിലുള്ള ആവശ്യങ്ങളില്‍ ഇനി ഉറച്ചുനില്‍ക്കുമോ എന്ന കാര്യം വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. മകനുമായി ബന്ധപ്പെട്ട അഴിമതി ഇടപാടുകള്‍ ലോകായുക്ത അന്വേഷിക്കുമ്പോഴും ഇപ്പോള്‍ ഭൂമി ഇടപാട് വിജിലന്‍സിന്റെ അന്വേഷത്തിലേക്ക് നീങ്ങുമ്പോഴും അച്യുതാനന്ദന് എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തുടരാനാകുമെന്ന് കേരളജനത സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
 
സര്‍ക്കാര്‍ ഭൂമി അച്യുതാനന്‍ ഇഷ്ടദാനമായി നല്‍കിയതിന് പിന്നിലെ അഴിമതിക്കഥ അനാവരണം ചെയ്തത് പിണറായിയുടെ ആശിര്‍വാദത്തോടെയാണെന്ന കിംവദന്തി ശക്തമായിരിക്കവെ വൈകിയെങ്കിലും അച്യുതാനന്ദനുവേണ്ടി പ്രതിരോധക്കോട്ട കെട്ടാന്‍ പാര്‍ട്ടി തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ലാവലിന്‍ കേസില്‍ തരം കിട്ടുമ്പോഴൊക്കെ പിണറായിയെ തരംതാഴ്ത്താന്‍ അച്യുതാനന്ദന്‍ ശ്രമിച്ചതായി പാര്‍ട്ടിയിലെ മറുവിഭാഗത്തിനുള്ള പരാതി അത്രയേറെ രൂക്ഷമാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.