Thursday, June 9, 2011

സി.പി.എമ്മിന്റെ 'സ്വാശ്രയ' വഞ്ചന


സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം കഴുത്തറുപ്പന്‍ കച്ചവടമാക്കി മാറ്റിയതില്‍ മുന്‍ ഇടതുസര്‍ക്കാരിനും സി.പി.എം നേതൃത്വത്തിനുമുള്ള പങ്ക് കൂടുതല്‍ തെളിവുകളോടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
 പാര്‍ട്ടിയുടെ കുട്ടിക്കുരങ്ങന്‍മാരെ രംഗത്തിറക്കി സ്വാശ്രയ വിദ്യാലയങ്ങള്‍ക്കെതിരെ സമരം നടത്തുകയും ഇടതുമന്ത്രിമാരും സി.പി.എം നേതാക്കളും രഹസ്യമായി മാനേജ്‌മെന്റുകളോടൊപ്പം ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുകയുമായിരുന്നു പതിവെന്ന് വ്യക്തമായിരിക്കുന്നു. ഇടതുസര്‍ക്കാര്‍ തുടക്കത്തില്‍ കൊണ്ടുവന്ന സ്വാശ്രയ നിയമം നിയമക്കുരുക്കില്‍പ്പെട്ട് അലസിപ്പോയ സാഹചര്യം ഓരോവര്‍ഷവും തന്ത്രപൂര്‍വം മുതലെടുക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥി പ്രവേശനത്തിന് സമയം അടുക്കുമ്പോഴാണ് സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയത്. ജനങ്ങളെ പറ്റിക്കാന്‍ സാമൂഹിക നീതിയെപ്പറ്റിയും ന്യായമായ ഫീസിനെപ്പറ്റിയുമൊക്കെ വലിയവായില്‍ സംസാരിച്ച് ചര്‍ച്ച അലസിപ്പിരിയുകയും മുഴുവന്‍ സീറ്റും മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തുപോന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമായി എന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി ഇടപെടുന്നില്ലെന്ന് മന്ത്രി തൊടുന്യായം പറയുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷവും ആവര്‍ത്തിക്കപ്പെട്ട ഈ അനീതിയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം എത്രമാത്രം ഹനിക്കപ്പെട്ടു എന്ന് പരിയാരം മെഡിക്കല്‍ കോളജിലെ പി.ജി കോഴ്‌സ് പ്രവേശനത്തില്‍ നടന്ന ക്രമക്കേടില്‍ നിന്ന് ഏറെക്കുറെ അനുമാനിക്കാനാകും.
 
രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന നയം ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചതാണ്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരാന്‍ സംസ്ഥാനത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ അയല്‍സംസ്ഥാനങ്ങളിലേക്ക് പ്രവഹിക്കുക വഴി പത്തുവര്‍ഷം മുമ്പ് നാലായിരം കോടി രൂപവീതം എല്ലാക്കൊല്ലവും ചോര്‍ന്നുകൊണ്ടിരുന്നു. സംസ്ഥാനത്തുതന്നെ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന പഠനസൗകര്യം ലഭ്യമാക്കിയാല്‍ ഈ ഒഴുക്ക് ഏറെക്കുറെ തടയാമെന്ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മനസ്സിലാക്കി. അങ്ങനെയാണ് 50:50 എന്ന വ്യവസ്ഥയില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും എന്‍ജിനീയറിംഗ് കോളജുകള്‍ക്കും കേരളത്തില്‍ അനുമതി നല്‍കിയത്. ധനാഢ്യരായ കുട്ടികള്‍ നല്‍കുന്ന ഫീസില്‍നിന്ന് പാവപ്പെട്ട മിടുക്കരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാനുള്ള അവസരം ഈ കോളജുകളില്‍ ലഭിക്കുമെന്ന സദുദ്ദേശ്യത്തോടെ രൂപംകൊടുത്ത ഈ ആശയത്തെ സി.പി.എമ്മും പോഷകസംഘടനകളും കണ്ണുമടച്ച് എതിര്‍ത്തു. പ്രമുഖ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് അക്രമസമരം നടത്തി മാനേജ്‌മെന്റുകളെ കുട്ടിസഖാക്കള്‍ ഭയപ്പെടുത്തി. പാര്‍ട്ടിക്കാരുടെ ബന്ധുക്കള്‍ക്ക് ഏതാനും സീറ്റുകള്‍ ആ കോളജുകളില്‍ തരപ്പെടുത്തിക്കൊണ്ട് ഓരോ കൊല്ലവും സമരം അവസാനിച്ചുപോന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശന നടപടികളില്‍ വ്യവസ്ഥയില്ലായ്മയും പ്രതിസന്ധിയും സൃഷ്ടിച്ച് മുതലെടുക്കാനാണ് സി.പി.എം ശ്രമിച്ചത്. സംസ്ഥാനത്തെ ജനങ്ങളോട് കാട്ടിയ ഈ വഞ്ചനയുടെ ഭീകരമുഖം വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിച്ചത്തുവരും.
 
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന്റെ ഭാഷയില്‍ സ്വകാര്യ അണ്‍എയ്ഡഡ് നോണ്‍ മൈനോറിറ്റി സ്ഥാപനമാണ്. എന്നാല്‍ ഈ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിന് സംസ്ഥാന ബജറ്റില്‍ കഴിഞ്ഞവര്‍ഷം പത്തുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. തികച്ചും പൊതുമുതല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ത്ഥി പ്രവേശനവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആകേണ്ടതാണ്. സി.പി.എം നയിക്കുന്ന ഒരു സഹകരണ സൊസൈറ്റിയുടെ ഭരണനിയന്ത്രണത്തിലായതിനാല്‍ സ്വാശ്രയ സ്ഥാപനമെന്ന നിലയില്‍ പകുതി സീറ്റിനേ സര്‍ക്കാരിന് അവകാശമുള്ളൂ എന്ന് വരുത്തിവെച്ചു. അതുപോലും പി.ജി പ്രവേശനത്തില്‍ പാലിക്കാന്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി സമ്മതിച്ചില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 20 പി.ജി സീറ്റില്‍ പത്തെണ്ണം സര്‍ക്കാരിന് നല്‍കണമെന്നിരിക്കെ അഞ്ചെണ്ണം നല്‍കിയാല്‍ മതിയെന്ന് മന്ത്രിതന്നെ ഉത്തരവിട്ടു. അങ്ങനെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട അവസരം കവര്‍ന്നെടുത്തു. അതിലൊരു സീറ്റ് എന്‍.ആര്‍.ഐ ക്വാട്ടയില്‍ അരക്കോടി രൂപ കോഴ വാങ്ങി ഡി.വൈ.എഫ്.ഐ നേതാവിന്റെ മകളെ പ്രവേശിപ്പിച്ചു. പി.ജി മെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന ഡോക്ടറുടെ അച്ഛന്‍ ഡി.വൈ.എഫ്.ഐക്കാരനോ എന്ന വിസ്മയം വിട്ടുകളയുക. സി.പി.എം നയപരമായി എതിര്‍ക്കുന്ന ഒരു വിദ്യാഭ്യാസ വ്യവസ്ഥയെ തന്‍കാര്യത്തിനായി വിനിയോഗിക്കുകവഴി കേരളത്തിലെ പൊതുസമൂഹത്തോട് കാണിച്ച ക്രൂരമായ വഞ്ചനയുടെ ആഴം ഈ സംഭവത്തില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.