Monday, June 13, 2011

ഭൂമാഫിയയ്ക്ക് കൂച്ചുവിലങ്ങ്; റവന്യൂ മന്ത്രി മൂന്നാറില്‍

kമൂന്നാറിലെ അനധികൃത കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്ന ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മൂന്നാറിലെത്തുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം  തുടര്‍നടപടികള്‍ പ്രഖ്യാപിക്കും.
അതേസമയം മൂന്നാറിലടക്കം ഭൂമാഫിയയക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് റവന്യൂമന്ത്രി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അനധികൃതമായി ഭൂമി കയ്യേറിയവരെ ഇറക്കി വിടും. എന്നാല്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കും. മൂന്നാറിലേക്ക് പുതിയ ദൗത്യസംഘത്തെ അയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തു വ്യാപകമായ ഭൂമി കൈയേറ്റമാണുണ്ടായത്. സര്‍ക്കാരും ജനങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തിലായ അവസരം ഉപയോഗിച്ചാണു ഭൂമാഫിയ കൈയേറ്റം നടത്തിയത്. ചിന്നക്കനാല്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്ഥലങ്ങള്‍ മാഫിയ കൈയേറി. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കത്തില്‍ ചില നടപടികള്‍ സ്വീകരിച്ചെങ്കിലും ദൗത്യം പാളിയ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേതാണെന്നും അത് സംരക്ഷിക്കുക തന്നെ വേണമെന്നുമാണ് റവന്യൂ മന്ത്രി ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് തന്നെ കോടതികളില്‍ നിന്നും മറ്റും തിരിച്ചടികള്‍ ഇല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് തീരുമാനം. മൂന്നാറില്‍ രണ്ട് സെന്റിലും മൂന്ന് സെന്റിലും കുടില്‍ കെട്ടി ഭൂമി കയ്യേറുന്നുണ്ട്. അതില്‍ കച്ചവട താല്‍പര്യമുണ്ടോയെന്ന് പരിശോധിക്കും. ഈ ഭൂമി കയ്യേറുന്നത് ഭൂമാഫിയക്ക് വേണ്ടിയാണോയെന്ന് അന്വേഷിക്കും. രണ്ടും മൂന്നും സെന്റ് കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ള സംഭവങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
 
മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ ഭൂമി സര്‍വേ അവസാനഘട്ടത്തിലാണ്. ഇവിടെ സര്‍ക്കാര്‍ ഭൂമിക്ക് ചുറ്റും ജണ്ട കെട്ടി സംരക്ഷിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം കുടിയേറ്റ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കയ്യേറിയവര്‍ക്ക് പട്ടയം നല്‍കും. അതിന് ആവശ്യമെങ്കില്‍ വനം-റവന്യു സംയുക്ത പരിശോധന നടത്തും. എന്നാല്‍, കയ്യേറ്റവും കുടിയേറ്റവും ഒരേ പോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കര്‍ഷകരെ മനുഷ്യകവചമാക്കി ഭൂമാഫിയ മൂന്നാറില്‍ പിടിമുറുക്കുന്ന നടപടി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ജില്ലാകളക്ടറോട് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ കയ്യേറ്റങ്ങളും പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. ദേവികുളം, ഉടുമ്പന്‍ചോല മേഖലകളിലെ കൈയ്യേറങ്ങള്‍ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘവും തൊടുപുഴ, പീരുമേട് മേഖലയിലെ കയ്യേറ്റങ്ങള്‍ തൊടുപുഴ ആര്‍ ടി ഒയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധിക്കുന്നതെന്ന് കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. കയ്യേറ്റക്കാരുടെ രാഷ്ട്രീയം നോക്കാതെ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഭൂമി ഏറ്റെടുക്കലിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കുമെന്ന പ്രഖ്യാപനവും സര്‍ക്കാരിന്റെ  നീക്കം ശക്തമാണെന്നതിന്റെ തെളിവാണ്. ഇടുക്കി ജില്ലയിലെ ജനപ്രതിനിധികള്‍ക്കൊപ്പമാണ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നത്. ചെങ്ങറ സമരക്കാര്‍ക്കു ഭൂമി നല്‍കിയ വട്ടവട, കീഴാന്തല്ലൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.