Thursday, June 23, 2011

ചൈനയുടെ സ്വകാര്യ ദുഃഖം


ചൈന സമൃദ്ധിയിലേക്ക് കുതിക്കുന്ന രാജ്യമാണെന്ന് പടിഞ്ഞാറന്‍ ലോകം പതിവായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. 1936ല്‍ ചൈനയെക്കുറിച്ച് ആധികാരികമായി ഒരു പുസ്തകം പുറത്തുവന്നപ്പോഴാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആധുനിക ചൈനയെകാര്യമായി കണക്കിലെടുക്കാന്‍ തുടങ്ങിയത്.
'ചൈനയ്ക്കുമേല്‍ ചെന്താരം' എന്ന ആ ഗ്രന്ഥം എഴുതിയത് എഡ്ഗാര്‍ സ്‌നോ ആണ്. 125 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ചും മാവോ സേ തൂങ്ങിനെക്കുറിച്ചും ആധികാരികമായി എഴുതപ്പെട്ട ആദ്യത്തെ കൃതിയാണത്. മാവോയെ ആദ്യമായി നേരില്‍ക്കണ്ട് അഭിമുഖം നടത്തിയ പാശ്ചാത്യന്‍ സ്‌നോ ആണ്. പ്രസിദ്ധമായ 'ലോങ്ങ് മാര്‍ച്ച്' എന്താണെന്ന് ലോകം ഈ കൃതിയില്‍ നിന്ന് വായിച്ച് പുളകംകൊണ്ടു. വിപ്ലവം നയിച്ച നൂറുകണക്കിന് സ്ത്രീ പുരുഷന്‍മാരുടെ ജീവചരിത്രക്കുറിപ്പും സ്‌നോയുടെ പുസ്തകത്തിലുണ്ട്.ഇന്ന് ചൈനയെ ലോകം ചെന്താരത്തിന്റെ വര്‍ണ മഹിമയിലല്ല വിലയിരുത്തുന്നത്. മാവോ സേ തൂങ്ങ് ഇന്ത്യയിലെ ഏതാനും തലതിരിഞ്ഞവരെയല്ലാതെ ലോകത്ത് മറ്റാരെയും ആകര്‍ഷിക്കുന്നില്ല. മുതലാളിത്ത മാര്‍ഗത്തിലൂടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുന്ന അച്ചടക്കമുള്ള ജനങ്ങളുടെ ഒരു രാജ്യം എന്ന നിലയിലാണ് ആധുനിക ലോകം ചൈനയെ വീക്ഷിക്കുന്നത്. ഇപ്പോള്‍ ചൈനയില്‍ നിന്ന് അനിഷ്ടകരമായ ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കുറ്റത്തിന് ഒന്നരലക്ഷത്തിലേറെ ഉദ്യോഗസ്ഥന്‍മാരെ പിടികൂടി ശിക്ഷിച്ചു. കൈക്കൂലി, രഹസ്യം ചോര്‍ത്തല്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ വിടുപണി ചെയ്യല്‍ തുടങ്ങിയ നിയമരഹിത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറെപ്പേരും ശിക്ഷ അനുഭവിക്കുന്നത്. അധികാരപദവികള്‍ ദുര്‍വിനിയോഗം ചെയ്ത് ധനം സമ്പാദിക്കുന്നവര്‍ ചൈനയില്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര പാര്‍ട്ടി സ്‌കൂളിലെ പ്രൊഫസര്‍ യേദൂച്ചു പറയുന്നു.
 
നിലവാരമില്ലാത്ത വ്യാജ ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ ചൈന കുപ്രസിദ്ധി നേടിയിട്ടുണ്ട്. ജല-വായു മലിനീകരണം ചൈനയുടെ തീരാശാപമാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ചൈനയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കൈക്കൂലിയും അഴിമതിയുമാണെന്ന് ഒരു സര്‍വേയിലൂടെ തെളിഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബീജിങ്ങ് ഉള്‍പ്പെടെ അഞ്ച് വന്‍നഗരങ്ങള്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നുകൊല്ലം അഴിമതിക്ക് പിടിക്കപ്പെട്ടവരുടെ എണ്ണം കൊണ്ട് ദേശീയശ്രദ്ധ കൈവരിച്ചു. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികളുടെ പേടിസ്വപ്നമാണ് മോഷണവും പോക്കറ്റടിയും. ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ റബര്‍ ബോര്‍ഡില്‍ നിന്ന് ചൈനയിലെ ഒരു ഉപനഗരത്തില്‍ എത്തിയ ശോഭകുമാരി എന്ന ഉദ്യോഗസ്ഥ കൊള്ളയടിക്കപ്പെട്ട വിവരം അല്‍പം ഞെട്ടലോടെയാണ് നമ്മുടെ വായനക്കാര്‍ കേട്ടത്. റബര്‍ ബോര്‍ഡ് ചൈനയില്‍ സംഘടിപ്പിച്ച ഒരു വ്യവസായ പ്രദര്‍ശന പരിപാടിയില്‍ ഔദ്യോഗിക പ്രതിനിധിയായി പോയതായിരുന്നു ആ ഉദ്യോഗസ്ഥ. പണവും വിലപ്പെട്ട സാധന സാമഗ്രികളും യാത്രാ രേഖകളും മോഷ്ടിക്കപ്പെട്ടതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ ആ ഉദ്യോഗസ്ഥയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. കമ്യൂണിസ്റ്റ് ചൈനയിലെ യുവാക്കള്‍ അതിവിദഗ്ധ മോഷ്ടാക്കളാണെന്ന് അനുഭവിച്ചറിഞ്ഞ ആരും വീണ്ടും ആ രാജ്യം കാണാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നാണ് പറയുന്നത്. ഖനന കമ്പനിയായ റിയോ ടിന്റോ കൈക്കൂലി നല്‍കി ചൈനയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിനെക്കുറിച്ച് ഗത്യന്തരമില്ലാതെ ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
 
അവരുടെ പരാതിയെത്തുടര്‍ന്ന് ഷാങ് ഹായിലെ നാല് പ്രമുഖ ഉദ്യോഗസ്ഥര്‍ പതിനാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ചൈനയിലെ ചെറുപട്ടണങ്ങളില്‍ വന്‍കൈക്കൂലി നല്‍കിയാലേ വിദേശ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് ഒരു ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ വെളിപ്പെടുത്തുന്നു. ഒന്നരലക്ഷം ഡോളര്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് പിണങ്ങി തന്റെ ഒരു സംരംഭം ഉപേക്ഷിച്ചുപോന്ന കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നു. ചൈന ഒരു ഉല്‍പാദക രാജ്യമാണ്. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് വന്‍തോതില്‍ ഉണ്ടാക്കി പുറംലോകത്തേക്ക് വിടുന്നത്. ഭൂമുഖത്തുനിന്ന് പട്ടിണി മാറ്റാന്‍ ഒരു തത്വചിന്തയുണ്ടാക്കി മാനവരാശിക്ക് നല്‍കിയ കാള്‍ മാര്‍ക്‌സിനുപോലും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയ രാജ്യമാണ് ചൈന. എല്ലാം കൃത്രിമമായി ഞെക്കിപ്പഴുപ്പിച്ച് നശിപ്പിക്കുന്ന ചൈനയുടെ സാഹിത്യവും കലയും സംസ്‌കാരവുമൊക്കെ വളരെ ഉന്നതമാണ്. പക്ഷേ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍പ്പോലും മായം ചേര്‍ത്ത ഈ രാജ്യം കായികവിനോദത്തിന്റെ പേരിലാണ് മസില്‍പിടിച്ച് നില്‍ക്കുന്നത്. കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി കൃത്രിമമായി ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന വൈഭവം എല്ലാക്കാര്യത്തിലുമെന്നപോലെ സ്‌പോര്‍ട്‌സിലും ചൈനയ്ക്ക് മികവുണ്ടാക്കിക്കൊടുക്കുന്നു. സ്വാതന്ത്ര്യവും ശുദ്ധവായുവും ശുദ്ധജലവും സംശുദ്ധമായ വ്യക്തിത്വവുമില്ലാത്ത ഒരു കപട സമൂഹമായി കമ്യൂണിസ്റ്റ് ചൈന മാറിയിരിക്കുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.