Sunday, June 19, 2011

സംഗം സിനിമ അഭിമുഖം കത്തുകള്‍ കമ്യൂണിസ്റ്റ് പുനരേകീകരണം വേണമെന്ന് സിപിഐ; മനക്കോട്ടയെന്ന് സിപിഎം, പ്രവര്‍ത്തകര്‍ രണ്ടു തട്ടില്‍


കമ്യൂണിസ്റ്റ് പുനരേകീകരണ സ്വപ്‌നങ്ങളുമായി സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കുമ്പോള്‍ അതിനുള്ള വെള്ളം വാങ്ങി വച്ചേരെ എന്നാണ് വല്യേട്ടനായ സിപിഎം ഇപ്പോള്‍ കല്‍പ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ സമാന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സീതാറാം യെച്ചൂരി കമ്യൂണിസ്റ്റ് ലയനമെന്നും ഏകീകരണമെന്നും പറഞ്ഞത് സിപിഎമ്മിനുള്ളില്‍ ഒച്ചപ്പാടുണ്ടാക്കിക്കഴിഞ്ഞു.ഇതിനെ അനുകൂലിച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സംസ്ഥാന സെക്രട്ടരി സി.കെ ചന്ദ്രപ്പന്‍ രംഗത്തു വന്നതോടെയാണ് പ്രകാശ് കാരാട്ടിന് നേരിട്ട് ഇതിനെതിരേ രംഗത്ത് വരേണ്ടി വന്നത്.സംസ്ഥാന സമ്മേളനത്തിലേക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്കും സിപിഎം പോകാനിരിക്കെ ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നിര്‍ത്താനാവശ്യപ്പെട്ടുകൊണ്ട് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.
പാര്‍ട്ടിയുടെ അടിത്തട്ടില്‍ വി.എസ് അച്യുതാനന്ദനനുകൂലമായി രൂപപ്പെട്ടു വരുന്ന പുതിയ ചേരിയും കേരളത്തില്‍ സിപിഎം നേരിടുന്ന പ്രശ്‌നങ്ങളുമൊക്കെക്കൂടി കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമ്പോള്‍ യെച്ചൂരിയുടെ നടപടി പ്രവര്‍ത്തകരെ രണ്ടു തട്ടിലാക്കുമെന്ന അഭിപ്രായമാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പു കാലത്തു പോലും പരസ്പ്പര ധാരണയില്ലാതെ പ്രവര്‍ത്തിക്കുന്ന സിപിഐയും സിപിഎമ്മും മിക്കയിടങ്ങളിലും തമ്മില്‍ സംഘര്‍ഷവും വെട്ടും കുത്തുമാണ്.ഇക്കണക്കിന് പോയാല്‍ പുനരേകീകരണം പോയിട്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ തന്നെയില്ലാതാകുന്ന അവസ്ഥയിലാണ്.അതിനാല്‍ നിലവിലുള്ള സാഹചര്യത്തില്‍ അങ്ങു മുന്നോട്ട് പോയാല്‍ മതിയെന്നതാണ് സിപിഎമ്മിന്റെ നയം.മാത്രമല്ല ബംഗാളില്‍ ഒന്നുമല്ലാതായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവിടെ തങ്ങളെ നിശിതമായി വിമര്‍ശിക്കുകയും എന്നാല്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ സ്ഥാനം വേണമെന്നും ആവശ്യപ്പെടുന്ന ഫോര്‍വേഡ് ബ്ലോക്കിന്റെയും മറ്റും ഭീഷണികളും സിപിഎമ്മിന്റെ മുന്നിലുണ്ട്.
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികളെ സിപിഐ കാലുവാരിയെന്നും തങ്ങളല്ല സിപിഎമ്മാണ് അതു ചെയ്തതെന്നും പരസ്പ്പരം ആരോപണമുന്നയിക്കുകയായിരുന്നു സിപിഎമ്മും സിപിഐയും. കേന്ദ്ര കമ്മിറ്റിയില്‍ പോലും സിപിഐക്കെതിരേ സിപിഎം ഇതേ ആരോപണം ഉന്നയിച്ചിരിക്കുകയും ചെയ്ത സ്ഥിതിക്ക് ഡല്‍ഹിയില്‍ ആരംഭിച്ച സിപിഐ കൗണ്‍സിലിന് പ്രത്യേക പ്രസക്തിയുണ്ട്.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലകോനമാണ് സിപിഐയുടെ പ്രധാന വിഷയം.കേരളത്തിലെയും ബംഗാളിലെയും പരാജയ കാരണങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കും.സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.ഇതു കൂടി പുറത്തു വരുന്നതോടെ സംസ്ഥാനത്ത് സിപിഐയും സിപിഎമ്മും തമ്മിലുള്ള സ്പര്‍ധ വീണ്ടും വര്‍ധിക്കും.ദേശീയതലത്തില്‍ ഇരു പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മിലുള്ള ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യും.സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതിയും ദേശീയ കൗണ്‍സില്‍ തീരുമാനിക്കും. ദേശീയ കൗണ്‍സിലിനു മുന്നോടിയായി ഇന്നലെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റ് ഐക്യമെന്ന വിഷയത്തിലൂന്നിയാണ് സിപിഐ ഇക്കുറി രംഗത്തു വരുന്നതെങ്കിലും ഇവരുടെ പല നിലപാടുകളും ഐക്യത്തിനു തുരങ്കം വക്കുന്നതാകും.ജില്ലാ സമ്മേളനത്തില്‍ ആയുധമേന്തിയ അംഗരംക്ഷകര്‍ക്കൊപ്പം എത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ നിലപാടുള്‍പ്പെടെ വന്‍ വിമര്‍ശനത്തിനു വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.