Wednesday, June 8, 2011

ഭാഷാമധുരം പുരണ്ട ഭരണത്തുടക്കം


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാതൃഭാഷ നിര്‍ബന്ധിതമായിരിക്കുന്നു. ഇടതുപക്ഷ ഗവണ്‍മെന്റ് കടലാസിലൊതിക്കിയ തീരുമാനമാണ് ഇത്. വിദ്യാഭ്യാസമേഖലയെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയിട്ടാണ് ഇടതുപക്ഷം ഇറങ്ങിപ്പോന്നത്.
എന്‍ജിനീയറിംഗ് പ്രവേശനത്തിന് തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി. പ്ലസ്ടുവിന് കിട്ടിയ മാര്‍ക്കും എന്‍ട്രന്‍സിനു കിട്ടിയ മാര്‍ക്കും കൂടി പരിഗണിച്ച്  പ്രവേശനം നല്‍കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളെ വലയ്ക്കുകയാണ്. ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക് നിര്‍ണ്ണയിക്കാനുള്ള യാതൊരു മാനദണ്ഡവും സ്വീകരിച്ചില്ല. ഊരാക്കുടുക്കിലായ എന്‍ജിനീയറിംഗ് പഠനരംഗം നേരെയാക്കുവാനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ തലയിലാണ്.  കഴിഞ്ഞ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഈ വര്‍ഷത്തെ പ്ലസ്ടുവിന്റെ റിസല്‍ട്ടിന്റെ കാര്യവും അവതാളത്തിലായി. മനഃസാന്നിദ്ധ്യം കൈവിടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടത്. മലയാളികളെല്ലാം കൊതിയോടെ കാത്തിരുന്ന മലയാളഭാഷയുടെ ഒന്നാം പദവിയെന്ന വിഷയവും തയ്യാറെടുപ്പില്ലാതെ ഉത്തരവിറക്കി പുതിയ സര്‍ക്കാരിന്റെ പിടലിയ്ക്കുകെട്ടിവെയ്ക്കാന്‍ നോക്കി.  ഭരണത്തില്‍ നിന്നിറങ്ങുന്ന അവസാന മണിക്കൂറുകളിലാണ് 'മലയാള ഭാഷാ സംരക്ഷണ'മെന്ന ദൗത്യം ഇടതുസര്‍ക്കാര്‍ നാടകീയമായി അവതരിപ്പിച്ചത്.  
വിദേശ തത്വശാസ്ത്രമായ മാര്‍ക്‌സിസം പ്രചരിപ്പിയ്ക്കുവാന്‍ മലയാളം തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടാകാനിടയില്ല.  മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രം കേരളത്തില്‍ പ്രചരിച്ചതുതന്നെ ഇംഗ്ലീഷ് ഭാഷയുടെ വ്യാപനം മൂലമായിരുന്നുവെന്ന സത്യം അവര്‍ മറക്കാനിടയില്ല.  യൂറോപ്യന്‍ അധിനിവേശം നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് മാര്‍ക്‌സിസം പ്രചരിച്ചതെന്ന സത്യം അവര്‍ക്കറിയാം. കേരളത്തിലും ബംഗാളിലും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പ്രചരിയ്ക്കാനുള്ള കാരണവും ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെ.  ബംഗാളില്‍ മാര്‍ക്‌സിസത്തിന്റെ മിശിഹാ ആയത് ഓക്‌സ്ഫഡ് ഇംഗ്ലീഷ് പഠനം നടത്തിയ ജ്യോതിബസുവായിരുന്നു.  ഇ.എം.എസ്  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പാശ്ചാത്യതത്വ ശാസ്ത്രങ്ങളെ ഗഹനമായി വിശകലനം ചെയ്ത വ്യക്തിയായിരുന്നു. പ്രത്യക്ഷത്തില്‍ ഇംഗ്ലീഷ് മീഡിയത്തെ എതിര്‍ക്കുകയും പിന്നാമ്പുറങ്ങളിലൂടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ തങ്ങളുടെ സന്തതികളെ ചേര്‍ക്കുകയും ചെയ്യുന്ന കാപട്യമാണ് സി.പി.എം. നേതാക്കളും അനുയായികളും ചെയ്തുകൊണ്ടിരിക്കുന്നത്. അഞ്ചുവര്‍ഷമായി ഭരണത്തിലിരുന്നിട്ടും മലയാള ഭാഷ സ്‌കുളുകളില്‍ നിര്‍ബന്ധിതമാക്കാന്‍ അവര്‍ തയ്യാറായില്ല. പതിമൂന്നാം മണിക്കൂറില്‍ മലയാള ഭാഷാ സ്‌നേഹം വാക്കാല്‍ പ്രകടിപ്പിച്ച് ഉത്തരവാദിത്വം പുതിയ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് ഇറങ്ങിപ്പോയി. വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാകുന്നതിനോട് ഭാഷാ പ്രേമികള്‍ക്കും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു.  പക്ഷേ മലയാള പഠനസമയം  വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ ഇടതുഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല.
വിവരസാങ്കേതിക വിദ്യാ പഠനത്തിനുള്ള ഒരു പീരിയഡ് എടുക്കാനുള്ള തീരുമാനം ഒരു നൂലാമാലയായി.  പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാഴ്ചയ്ക്കകം പരിഹരിയ്ക്കാന്‍ വയ്യാത്തവിധത്തിലുള്ള പ്രശ്‌നങ്ങളായിരുന്നു ഇക്കാര്യത്തിലുണ്ടായിരുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ളതടക്കം ഏതു സ്‌കുളുകളിലും മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ അതിനുവേണ്ടിയുള്ള യാതൊരു ഗൃഹപാഠവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ് ഭാഷ മാത്രം പഠിക്കണമെന്ന രീതി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററിയിലെ മലയാളപുസ്തകം പഠിപ്പിയ്ക്കാനാണു നിര്‍ദ്ദേശിച്ചത്.2012-13 മുതല്‍ എല്ലാത്തരം സ്‌കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ മാതൃഭാഷാ മാധ്യമത്തിലാണ് പഠിയ്‌ക്കേണ്ടത്.  മറ്റു ബോര്‍ഡുകളുടെ അംഗീകാരത്തോടെ നടത്തുന്ന സ്‌കൂളുകള്‍ ഈ വ്യവസ്ഥ അംഗീകരിയ്ക്കണം. മാതൃഭാഷാ മാധ്യമത്തിലുള്ള പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ ഇത്തരം സ്‌കൂളുകള്‍ക്ക് സമയവും സാവകാശവും അനുവദിച്ചിട്ടില്ല.  അവസാന മണിക്കൂറില്‍ മാസ്റ്റര്‍ ടൈംടേബിള്‍ തയ്യാറാക്കി ഭാഷാപഠനത്തിനു കൂടുതല്‍ സമയം കണ്ടെത്തുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പെടാപ്പാടുപെടുകയാണ്.  ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ ആഴ്ചയില്‍ എട്ടു പീരിയഡും അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും, ഹൈസ്‌കൂളുകളിലും മൂന്നു പീരിയഡുമാണ് കേരള പാഠവലി പഠിപ്പിയ്ക്കാന്‍ നിശ്ചയിച്ചിരിയ്ക്കുന്നത്. നിലവില്‍ ഒരു വിഷയമായി മലയാളം പഠിയ്ക്കുന്നവര്‍ക്ക് കേരള പാഠാവലിയ്ക്കും അടിസ്ഥാന പാഠവലിയ്ക്കുമായി മാറ്റിവയ്ക്കണം.  സെക്കന്‍ഡറി സ്‌കൂളുകളില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ആഴ്ചയില്‍ ഒന്നാം പേപ്പറിന് നാലു പീരിയഡും രണ്ടാം പേപ്പറിന് രണ്ടു പീരിയഡുമാണ് നിലവിലുള്ളത്.
സംസ്‌കൃതം, അറബി, ഉറുദു ഭാഷകള്‍ ഒന്നാംപേപ്പറായി പഠിയ്ക്കുന്ന കുട്ടികള്‍ രണ്ടാം പേപ്പറായി മാത്രമേ മലയാളം പഠിയ്ക്കുന്നുള്ളു.  ഇവര്‍ക്ക് മലയാളപുസ്തകം പഠിയ്ക്കാന്‍ വേണ്ടത്ര സമയം ലഭിയ്ക്കുന്നില്ല.  ഭാഷാ പഠനത്തിന്റെ അടിത്തറ ഉറയ്ക്കാന്‍ അപ്പര്‍ പ്രൈമറി തലത്തില്‍ രണ്ടാം പേപ്പറിന്റെ പീരിയഡ് മൂന്നായി ഉയര്‍ത്തേണ്ടതാണ്. ഇതിനുവേണ്ടി ഭാഷയ്ക്ക് ഒരു പീരിയഡ് കണ്ടെത്താനാണ് നിര്‍ദ്ദേശം.  മറ്റൊരു നിര്‍ദ്ദേശം കൂടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. ഓറിയന്റല്‍ സ്‌കൂള്‍, മലയാളത്തിനു പകരം രണ്ടാം പേപ്പറായി സ്‌പെഷ്യല്‍ ഇംഗ്ലീഷ് സ്വീകരിച്ച സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഐ. ടി. യുടെ മൂന്നു പീരിയഡ് മലയാളം പഠനത്തിനു മാറ്റി വയ്ക്കണമെന്നാണ് നിര്‍ദ്ദേശം. മലയാള പഠനസമയം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി ഐ.ടി.യുടെ സമയം കവര്‍ന്നെടുത്തതിനെതിരെ എതിര്‍പ്പുണ്ട്. നിക്ഷിപ്ത താല്പര്യക്കാര്‍ വിവരസാങ്കേതിക വിദ്യാപഠനത്തെ എതിര്‍ക്കുന്നുവെന്ന രീതിയിലുള്ള വിമര്‍ശനം പോലും ഉയര്‍ന്നിട്ടുണ്ട്. ഐ.ടിയും മലയാളവും തമ്മില്‍ നിലനില്‍പ്പിനുവേണ്ടിയുള്ള മത്സരം തന്നെ നടത്തുന്നു.എല്‍.പി., യു. പി., ഹൈസ്‌ക്കൂള്‍ തലങ്ങള്‍ക്കായി മൂന്നു പുസ്തകങ്ങള്‍ തയ്യാറാക്കേണ്ടിവരും. 2011-12 അധ്യയനവര്‍ഷത്തില്‍ തന്നെ ഈ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടുന്നതിന്റെ ഉത്തരവാദിത്വവും പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ച്ചയായി നാലു വര്‍ഷം കേരളത്തില്‍ പഠിക്കാന്‍ അവസരം ലഭിയ്ക്കാത്ത അന്യസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരം തത്തുല്യപ്പെടുത്താന്‍ പ്രത്യേകപാഠപുസ്തകം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള രൂപരേഖയും നല്‍കിയിട്ടില്ല.
ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ മന്ത്രി മലയാളം ഒന്നാം ഭാഷയാക്കുന്നതിന് കുറച്ചുകൂടി സാവകാശം വേണമെന്ന് വാദിച്ചത്.  എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടുതന്നെ മലയാളഭാഷയുടെ പദവി ഉയര്‍ത്തിപ്പിടിയ്ക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നു. ത്വരിതഗതിയില്‍ കാര്യങ്ങള്‍ നടപ്പാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ഇശ്ചാശക്തി ഇക്കാര്യത്തിലും നിഴലിയ്ക്കുകയുണ്ടായി.  എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും മലയാളം ഒന്നാം ഭാഷയാക്കാനുള്ള നടപടി പൂര്‍ത്തീകരിയ്ക്കുവാന്‍ ഉത്തരവിടുകയുണ്ടായി.മലയാളഭാഷയെ മാതൃതുല്യം സ്‌നേഹിക്കുന്ന സുകുമാര്‍ അഴിക്കോടും, സുഗതകുമാരിയും,  ഒ.എന്‍.വിക്കുറുപ്പുമടക്കമുള്ളവര്‍ വാനോളം പ്രശംസകള്‍ ചൊരിഞ്ഞുകഴിഞ്ഞു.  കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ് പുതിയ യു.ഡി.എഫ് സര്‍ക്കാരിനെ കുരുക്കിലാക്കാന്‍ ഇട്ടിരുന്ന കൊളുത്തുകള്‍ ഓരോന്നായി യു.ഡി.എഫ് സര്‍ക്കാര്‍ ഊരിമാറ്റിക്കൊണ്ടിരിയ്ക്കുകയാണ്.  മലയാള ഭാഷയോടുള്ള പ്രതിബദ്ധത വെറും അലങ്കാരമായിക്കൊണ്ടു നടക്കാതെ പ്രായോഗികമായി വെളിപ്പെടുത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരിക്കുന്നു.
കേരളത്തിന്റെ തുടര്‍ വിദ്യാഭ്യാസപ്രക്രിയയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ തീരുമാനം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. മാതൃഭാഷയ്ക്കു പ്രാധാന്യം ന്‌ലകിയുള്ള പഠനം കേരളസമൂഹത്തെ ഉടച്ചുവാര്‍ക്കുകതന്നെ ചെയ്യും.
വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് അവരവരുടെ ഭാഷയിലൂടെ നേടാന്‍ കഴിഞ്ഞ അറിവുകള്‍ മലയാളത്തിന്റെ പശ്ചാത്തലത്തില്‍ സ്വാംശീകരിച്ച് സ്വന്തം ജീവിതത്തിന്റെ സത്തയാക്കി രൂപാന്തരപ്പെടുത്തുന്ന ഒരു പ്രക്രിയയിലൂടെ മാത്രമേ മലയാളിയ്ക്ക് മുന്നേറാന്‍ പറ്റു. അല്ലാതെ മറ്റൊരു ജനവിഭാഗത്തിന്റെ പുരോഗതിയെ അപ്പടി കോപ്പിയടിയ്ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.  മനുഷ്യരെ പരസ്പരം അപരിചിതരാക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാതൃഭാഷയുടെ ആവിഷ്‌ക്കാരശേഷിയെ ഇല്ലാതാക്കുകയാണ് എന്ന് ഇടതുസഹയാത്രികര്‍ പ്രസംഗിയ്ക്കാറുണ്ട്.  എന്നാല്‍ മാതൃഭാഷ മണ്ണും വിത്തുമാണെന്ന് അവര്‍ തന്നെ മറന്നുപോയതിന് ചരിത്രം സാക്ഷിയാണ്. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വാക്കില്‍തന്നെ മലയാളമില്ല.  മലയാളീകരിയ്ക്കാനും ബുദ്ധിമുട്ടാണ്.  മലയാളത്തിനു വേണ്ടിയുള്ള ഇടതുപക്ഷവാദങ്ങള്‍ ഒരിയ്ക്കലും ആത്മാവില്‍ നിന്നുള്ളതായിരുന്നില്ല. ആയിരുന്നുവെങ്കില്‍ അവര്‍ കേരളം ഭരിച്ചിരുന്ന കാലഘട്ടത്തില്‍തന്നെ മലയാളം വിദ്യാലയങ്ങളിലെ ഒന്നാം ഭാഷയാക്കുമായിരുന്നു. ഇടതുപക്ഷം കുടുക്കിട്ട കെണികളില്‍ വീഴാതെ വിദ്യാലയങ്ങളില്‍ മാതൃഭാഷ തലയുയര്‍ത്തിനില്‍ക്കും.  ഭാവനയുടെ കനകച്ചിലങ്കകളണിഞ്ഞ കവിമാനസങ്ങള്‍ പാടിയുണര്‍ത്തിയ മലയാളത്തിന്റെ മധുരം യു.ഡി.എഫ് ഭരണത്തിനു രുചി പകരും.

No comments:

Post a Comment

Note: Only a member of this blog may post a comment.