Friday, June 3, 2011

ഭരണം എന്ന തുറന്ന പുസ്തകം


യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിവസത്തെ കര്‍മ്മപദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. സുതാര്യവും അഴിമതി രഹിതവുമായ ഭരണം വേഗത്തില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുക എന്നതാണ് ഈ കര്‍മ്മപദ്ധതികളുടെ അടിസ്ഥാന സ്വഭാവം. ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നത് മടുപ്പിക്കുന്ന കാലതാമസമാണ്.
 ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടാക്കുന്ന ഈ പ്രശ്‌നം ചുവപ്പുനാട എന്നാണ് അറിയപ്പെടുന്നത്. ഏതുതീരുമാനവും യഥാസമയം നടപ്പായില്ലെങ്കില്‍ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കില്ല. ചുമപ്പുനാട അങ്ങനെയാണ് ഭരണപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുന്നത്. ഇത് പരിഹരിക്കാന്‍ തികച്ചും പ്രായോഗികമായ നിര്‍ദേശങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നൂറുദിവസത്തെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവരാവകാശ നിയമം ജനാധിപത്യ ഭരണസംവിധാനത്തിലെ വിപ്ലവകരമായ ഒരു വഴിത്തിരിവാണ്. ജനങ്ങള്‍ക്ക് ഭരണനടപടികള്‍ അറിയുവാനുള്ള ഈ അവകാശം ഇനിയും വേണ്ടവിധം ഫലപ്രദമായി വിനിയോഗിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്ന ഏത് തീരുമാനവും യഥാസമയം ജനങ്ങള്‍ക്ക് അറിയുവാനുള്ള അവകാശമാണ് നിയമം ഉറപ്പാക്കുന്നത്. ഇപ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നത് വളരെക്കുറച്ച് പേര്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എല്ലാ ഔദ്യോഗിക തീരുമാനങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ അവ അതേദിവസം തന്നെ ജനങ്ങള്‍ക്ക് ലഭ്യമാവുകയാണ്. ഫീസൊടുക്കി അപേക്ഷ അയച്ച് വിവരമറിയാന്‍ കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. ഇതുവഴി സര്‍ക്കാരിന്റെ കരാര്‍, ടെണ്ടര്‍ നടപടികളും തീരുമാനങ്ങളും നിയമനങ്ങളും എല്ലാം ജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ എത്തിച്ചേരുന്നു. വിവര സാങ്കേതികവിദ്യയുടെ പ്രയോജനം ഭരണകൂടം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഭരണത്തില്‍ കാലികമായ പരിഷ്‌കരണം കൊണ്ടുവരാനുള്ള ഉദ്യമം കൂടി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ അടങ്ങിയിരിക്കുന്നു.
 
സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താനുള്ള നിശ്ചയദാര്‍ഢ്യം നൂറുദിവസത്തെ കര്‍മ്മപരിപാടിയില്‍ പ്രാമുഖ്യം നേടിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്ന ദിവസം തന്നെ യാതൊരു തടസ്സവും കൂടാതെ അത് ലഭ്യമാകും. നിലവില്‍ മൂന്നുലക്ഷത്തോളം അപേക്ഷകളാണ് സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിനായി കെട്ടിക്കിടക്കുന്നത്. നൂറുദിവസത്തിനുള്ളില്‍ അവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നു എന്നുമാത്രമല്ല, ഇനി അപേക്ഷിക്കുന്നവര്‍ക്ക് അന്നുതന്നെ കാര്‍ഡ് കിട്ടും എന്നതാണ് ഭരണത്തിന്റെ വേഗതയുടെ ഗുണകരമായ അനുഭവമായി സാധാരണക്കാര്‍ ആസ്വദിക്കാന്‍ പോകുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ലക്ഷോപലക്ഷം ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും പരിപാടിയുണ്ട്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ തയ്യാറാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസായി മുഖ്യമന്ത്രി തന്റെ കര്‍മ്മരംഗത്തെ പുനര്‍വിന്യസിച്ച് മാതൃക കാട്ടുന്നതോടെ മറ്റ് മന്ത്രിമാരും കഴിയുന്നത്ര ആ വഴിക്ക് നീങ്ങേണ്ടിവരും. രാജ്യത്ത് ഒരു സംസ്ഥാനത്തെയും മുഖ്യമന്ത്രി ഇത്തരമൊരു മാതൃക മുമ്പ് മുന്നോട്ടുവെച്ചിട്ടില്ലെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അനുസ്മരിക്കുന്നു.
 
കേരളത്തിലെ തൊഴില്‍രംഗം ഒരു മാരക അര്‍ബുദരോഗം പോലെ നേരിടുന്ന നോക്കുകൂലി പ്രശ്‌നം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അധ്വാനിക്കാതെ വേതനം പറ്റുന്ന അധമമായ ഈ സമ്പ്രദായത്തെ സംസ്ഥാനത്തെ ഒരു സംഘടിത പ്രസ്ഥാനവും ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അനുകൂലിക്കുന്നില്ല. പക്ഷേ ആരു വിലക്കിയിട്ടും നോക്കുകൂലി എന്ന വിപത്ത് തൊഴില്‍മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നില്ല. തൊഴിലിനെയും കൂലിയെയും സംബന്ധിച്ചുള്ള എല്ലാ സങ്കല്‍പങ്ങളെയും വികലമാക്കുന്ന സമ്പ്രദായമാണിത്. തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചിട്ടുള്ള മഹാന്‍മാരെയെല്ലാം അപമാനിക്കുന്ന നോക്കുകൂലി സമ്പ്രദായം എന്നേക്കുമായി കേരളത്തില്‍ നിന്ന് തൂത്തെറിയുമെങ്കില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടങ്ങളില്‍ ഒന്നായിരിക്കും അത്. സി.പി.എം സംസ്ഥാന സെക്രട്ടറി പോലും നോക്കുകൂലിയെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ ഉദ്യമത്തെ പ്രതിപക്ഷവും സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിവസത്തെ കര്‍മ്മപരിപാടി അപ്രായോഗികമാണെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനം വരാനിരിക്കെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ വിമര്‍ശിക്കുകയുണ്ടായി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും വിശദീകരണമാണ് നയപ്രഖ്യാപനം. നൂറുദിവസംകൊണ്ട് പ്രായോഗികമായി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷമാണ് പരിപാടികള്‍ പ്രഖ്യാപിച്ചത്. അതില്‍ തെറ്റൊന്നുമില്ല. അഞ്ചുകൊല്ലം അനങ്ങാതിരുന്ന് അഴിമതിയിലൂടെ പാര്‍ട്ടി വളര്‍ത്തിയ ഒരു ഭരണകൂടത്തിന്റെ തലവന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ വിമര്‍ശിക്കാന്‍ തോന്നുന്നതില്‍ അത്ഭുതമില്ല. സുതാര്യവും ഫലപ്രദവുമായ ഭരണനടപടികള്‍ അനുഭവത്തിലൂടെ അറിയുന്ന ജനങ്ങള്‍ സര്‍ക്കാരിനെ ശരിയായി വിലയിരുത്തും. 
 

No comments:

Post a Comment

Note: Only a member of this blog may post a comment.