Tuesday, June 7, 2011

പരിയാരം: ജയരാജന്റെ പ്രസ്താവനക്കെതിരെ ശ്രീമതി


പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ ഡോ. ജെ. യമുനക്ക് എം.ഡി പ്രവേശനം നല്‍കിയത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സ്വാശ്രയ നയത്തിന് വിരുദ്ധമായി.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 10 പി.ജി സീറ്റുകള്‍ക്ക് 50:50 അനുപാതം ബാധകമല്ലെന്നും മുഴുവന്‍ സീറ്റുകളും പേമെന്റാണെന്നുമാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗമായ എം.വി. ജയരാജന്‍ ഞായറാഴ്ച അവകാശപ്പെട്ടത്. കഴിഞ്ഞവര്‍ഷം അനുവദിച്ച സീറ്റുകള്‍ക്ക് മെറിറ്റ് ബാധകമല്ലാത്തതിനാല്‍ അതേ ഉത്തരവുവെച്ച് മെറിറ്റ് ലിസ്റ്റിലില്ലാത്ത ഡോ. യമുനക്ക് ഈ വര്‍ഷം പേമെന്റ് സീറ്റില്‍ പ്രവേശനം നല്‍കിയത് നിയമാനുസൃതമാണെന്നായിരുന്നു ജയരാജന്റെ വാദം.
എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്വാശ്രയ കോളജുകള്‍ക്ക് പുതുതായി പി.ജി സീറ്റുകള്‍ അനുവദിച്ചപ്പോള്‍ 50:50 അനുപാതം നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. അതിനാല്‍ പരിയാരത്തെ 21 പി.ജി സീറ്റുകളില്‍ പകുതി സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ഇത് അട്ടിമറിച്ചുകൊണ്ടാണ് സി.പി.ഐ.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശനം നടത്തിയത്.
അതേസമയം പരിയാരം സഹകരണ മെഡിക്കല്‍ കോളജിന് അനുവദിച്ച മൊത്തം 21 മെഡിക്കല്‍ പി.ജി സീറ്റുകളില്‍ പകുതി സര്‍ക്കാറിന് അവകാശപ്പെട്ടതെന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ രംഗത്തെത്തി. ഇത് ജയാരജന്റെ നിലപാടിന് വിരുദ്ധമാണ്.
കഴിഞ്ഞ വര്‍ഷം സീറ്റ് അനുവദിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി ശ്രീമതി പറഞ്ഞു. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷം ആകെയുള്ള പത്ത് സീറ്റില്‍ പകുതി സര്‍ക്കാറിന്റെ മെറിറ്റ് ലിസ്റ്റില്‍നിന്ന് നല്‍കിയതായാണ് ഓര്‍മ. ഈ വര്‍ഷവും അങ്ങനെതന്നെ ആയിരിക്കണം ശ്രീമതി ടീച്ചര്‍ പറഞ്ഞു.
റേഡിയോ ഡയഗ്‌നോസിസ് പോലെയുള്ള ഏക സീറ്റില്‍ ആദ്യ വര്‍ഷം മാനേജ്‌മെന്റ് ലിസ്റ്റില്‍നിന്നും അടുത്ത വര്‍ഷം സര്‍ക്കാറിന്റെ മെറിറ്റ് ലിസ്റ്റില്‍നിന്നും പ്രവേശനം നല്‍കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ഭരണസമിതി കത്തെഴുതിയിരുന്നു. അത് അവരുടെ അപേക്ഷ മാത്രമാണ്.
നിര്‍ബന്ധമായും 50:50 അനുപാതം പാലിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ മൂന്ന് കത്തുകള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനാല്‍ തീരുമാനം നടപ്പാക്കാനായില്ല. ഇക്കാര്യം പുതിയ സര്‍ക്കാര്‍ വിശദമായി പരിശോധിക്കേണ്ടതായിരുന്നു. എന്തായാലും പരിയാരത്തെ 21 സീറ്റില്‍ പകുതി സര്‍ക്കാറിന് അവകാശപ്പെട്ടതാണ് മുന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

Note: Only a member of this blog may post a comment.