Saturday, June 11, 2011

'രാംദേവ് ആര്‍.എസ്.എസിന്റെ മുഖം മൂടി '


രാംലീല മൈതാനിയില്‍ ഗോധ്ര മോഡല്‍ കലാപത്തിന് ആര്‍.എസ്.എസ്സും സംഘ്പരിവാറും പദ്ധതിയിട്ടെന്നും രാംദേവ് ആര്‍.എസ്.എസിന്റെ മുഖം മൂടിയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ബി.കെ ഹരിപ്രസാദ് ആരോപിച്ചു.
അന്ന ഹസാരെയും രാംദേവും നടത്തുന്ന അഴിമതിവിരുധ സമരത്തില്‍ ആര്‍.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും കൈകളുണ്ട്. പ്രധാനമന്ത്രിയാവാനുള്ള തിടുക്കം കാരണം എല്‍.കെ അദ്വാനി പ്രതിപക്ഷത്തിന്റെ പണി ഹസാരെക്കും രാംദേവിനും ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ് :ഹരിപ്രസാദ് പറഞ്ഞു.രാംലീല മൈതാനിയിലെ പൊലീസ് നടപടിയില്‍ തെറ്റില്ല. പൊലീസ് അങ്ങനെ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ സംഭവിക്കുക ഇതിലും വലുതാകുമായിരുന്നുവെന്നും ഹരിപ്രസാദ് പറഞ്ഞു. ഒരുലക്ഷത്തോളം സംഘ്പരിവാറുകളോട് രാംലീല മൈതാനിയില്‍ ഒരുമിച്ചുകൂടാന്‍ നേരത്തെതന്നെ നിര്‍ദേശം നല്‍കിയത് ദുരൂഹമാണ്. രാംലീല മൈതാനിക്കു ചുറ്റുമുള്ള താമസക്കാരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായക്കാരാണ്. ഗോധ്ര മോഡല്‍ കലാപം സൃഷ്ടിച്ച് രാജ്യത്തെ സമാധാനവും സ്ഥിരതയും തകര്‍ക്കാനായിരുന്നു സംഘ്പരിവാര്‍ പദ്ധതി.രാംദേവിനെയും അനുയായികളെയും ഇരുട്ടിന്റെ മറവില്‍ ഒഴിപ്പിക്കുകയായിരുന്നില്ല പൊലീസ ലക്ഷ്യം. വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു. ശരിയായ തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇടപെട്ടില്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു. രാംലീല മൈതാനിയിലെ പൊലീസ് നടപടിക്കിടെ സമരപ്പന്തലിന്റെ ഒരുഭാഗത്ത് തീപടര്‍ന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു.
 
സമരത്തിനെത്തിയ ചിലര്‍ തന്നെയാണ് പന്തലിന് തീവെച്ചതെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൊലീസ് ഉടന്‍തന്നെ ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സമരക്കാരെ ഒഴിപ്പിച്ച ശേഷം രാംലീല മൈതാനിയില്‍നിന്ന് നിരവധി ഹോക്കി സ്റ്റിക്കുകളും ഇഷ്ടികകളും പൊലീസ് എടുത്തുമാറ്റിയിരുന്നു. സമരത്തിന്റെ മറവില്‍ ഏതോ ശക്തികള്‍ സംഘടിത ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് തെളിയിക്കുന്നു ഇത്. രാംദേവ് സമാധാനപരമായി സമരം നടത്തുമ്പോള്‍ ഇത്തരമൊരു നടപടി ആവശ്യമായിരുന്നോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ശേഷം നടത്തിയ കര്‍സേവകരുടെ മാര്‍ച്ച് കലാശിച്ചത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ രാംദേവിനെ സ്വീകരിക്കാന്‍ മന്ത്രിമാരെ അയച്ച നടപടി ചൂണ്ടിക്കാട്ടിയപ്പോള്‍ പുറത്തുവെച്ച് സര്‍ക്കാര്‍ പ്രതിനിധികളെ കാണേണ്ടെന്ന യോഗ ഗുരുവിന്റെ നിലപാടാണ് സര്‍ക്കാരിനെ അതിന് നിര്‍ബന്ധിപ്പിച്ചതെന്ന് ഹരിപ്രസാദ് മറുപടി നല്‍കി.

No comments:

Post a Comment

Note: Only a member of this blog may post a comment.