Monday, June 6, 2011

സര്‍ക്കാര്‍ മെഷീനറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണം


 നൂറു ദിവസ പരിപാടികള്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ മെഷീനറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്നും  അതിന് ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നൂറുദിന പരിപാടിയുടെ വിജയകരമായ
നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടെയും മറ്റും സ്വത്തുവിവരം അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രഖ്യാപിക്കാറുള്ളതാണല്ലോയെന്നു ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിമാര്‍ ഓരോ വര്‍ഷവും സ്വത്തു പ്രഖ്യാപിക്കേണ്ടി വരും എന്നതാണു പുതിയ പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള വ്യവസ്ഥ പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാത്രമേ  സ്വത്തുവിവരം പുറത്തുവരുകയുള്ളു. മത്സരിച്ചില്ലെങ്കില്‍ അതും അറിയില്ല. നൂറുദിന പദ്ധതി പ്രകാരം എല്ലാ വര്‍ഷവും സ്വത്തുവിവരം പ്രഖ്യാപിക്കുകയും അത് വെബ്‌സൈറ്റിലൂടെ ജനങ്ങളില്‍ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം വരെയുള്ള ഒഴിവുകള്‍  കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യണം. അന്ധ, ബധിര, മൂക വിഭാഗത്തിന്റെ മൂന്നു ശതമാനം തൊഴില്‍ സംവരണം കുടിശിക തീര്‍ത്ത് ഉടന്‍ നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം 15 ദിവസത്തിനുള്ളില്‍ നല്കണം. ഈ പദ്ധതി കൂടുതല്‍ ഉല്പാദനക്ഷമമാകണം. തൊഴിലുറപ്പ് പദ്ധതിയില്‍ തരിശുഭൂമി കൃഷിക്ക് വിനിയോഗിക്കാമെന്ന്  പരിശോധിക്കണം.
 
കേന്ദ്രപദ്ധതികള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം. കേന്ദ്രത്തോട് ആവശ്യപ്പെടേണ്ട പദ്ധതികളും കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളും പരിഗണിക്കണം. കേന്ദ്രസര്‍ക്കാരിന്റെ പാക്കേജുകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വിദര്‍ഭ പാക്കേജ് തുടങ്ങിയവ സംബന്ധിച്ച് കേന്ദ്രവുമായി ഉടനേ ചര്‍ച്ച നടത്തും. മാസത്തില്‍ രണ്ടു തവണ സെക്രട്ടറിമാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കണം. മുഖ്യമന്ത്രി എല്ലാ മാസവും  അവലോകനം നടത്തും. ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍,  ആഭ്യന്തര സെക്രട്ടറി കെ. ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.