Thursday, June 9, 2011

പരിയാരത്ത് വിവാദങ്ങള്‍ തുടര്‍ക്കഥയാകുന്നു


 പരിയാരം മെഡിക്കല്‍ കോളജ് വിവാദങ്ങളുടെ പിടിയില്‍ മുറുകുന്നു. മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റില്‍ ലക്ഷങ്ങള്‍ വാങ്ങി അഡ്മിഷന്‍ നല്‍കിയതാണ് വിവാദമായത്. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി
വിവാദങ്ങള്‍ തുടര്‍ക്കഥ പോലെയാണ് ഒഴുകിയെത്തുന്നത്. പി ജി അഡ്മിഷന്‍ സംബന്ധിച്ച് തുടരന്വേഷണത്തിനു വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചില്ലെന്ന പരാതിയും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാഭ്യാസ കച്ചവടത്തിന്റെ വിവരം പുറംലോകം അറിയാതിരിക്കാനാണ് മറുപടി നല്‍കാതിരിക്കുന്നതെന്ന ആക്ഷേപവും നിലവിലുണ്ട്. മെഡി. കോളജില്‍ ഇന്നേവരെ മെറിറ്റ് സീറ്റില്‍ ഈടാക്കിയ ഫീസ് സംബന്ധിച്ച വിവരമാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരം നല്‍കുകയാണെങ്കില്‍  എം.വി.രാഘവന്റെ ഭരണകാലത്താണ് മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് മാത്രമാണ്  ഈടാക്കിയതെന്ന വസ്തുത വെളിച്ചത്ത് വരുമെന്ന ഭീതിയും ഇപ്പോഴത്തെ ഭരണ സമിതിക്കുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഈടാക്കിയിരുന്ന ഫീസ് മാത്രമാണ് അക്കാലത്ത് പരിയാരത്തും ഈടാക്കിയിരുന്നത്. എന്നാല്‍ 2007-08ല്‍ ഇടതുമുന്നണി മെഡിക്കല്‍ കോളജിന്റെ ഭരണം കയ്യടക്കിയതോടെയാണ് മെറിറ്റ് സീറ്റില്‍ സ്വാശ്രയ ഫീസ് തന്നെ ഈടാക്കാന്‍ തുടങ്ങിയത്. 2009-10ല്‍ 90ശതമാനം മാര്‍ക്ക് നേടിയവരെ പോലും അവഗണിച്ച് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് വരെ പരിയാരത്ത് പ്രവേശനം നല്‍കിയിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് പി ജി പ്രവേശനത്തില്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അട്ടിമറിക്കാന്‍ അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
 
എഴുത്തുപരീക്ഷയും മൂല്യനിര്‍ണയവും മുഖാമുഖവുമടക്കം പരിയാരം മെഡിക്കല്‍ കോളജിലെ വിവാദ മെഡിക്കല്‍ പി ജി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത് ഒറ്റ ദിവസംകൊണ്ടാണെന്നും, മെഡിക്കല്‍ പിജി സീറ്റുകളില്‍ പകുതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ തുടര്‍ച്ചയായി ലംഘിച്ചുവരികയായിരുന്നുവെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലേ മാനേജ്‌മെന്റ് സീറ്റും നികത്താവൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അതു ലംഘിച്ചു മാനേജ്‌മെന്റ് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇക്കുറി നാലു ജനറല്‍ മെഡിസിന്‍ സീറ്റുകളില്‍ പ്രവേശനം നല്‍കിയത്. 17 സീറ്റുകളിലേക്ക് 53 അപേക്ഷകരാണുണ്ടായിരുന്നത്. ഇതില്‍ 34 പേരാണു മാര്‍ച്ച് 31നു പ്രവേശന നടപടികള്‍ക്കെത്തിയത്. എഴുത്തുപരീക്ഷയ്ക്കു നല്‍കിയത് മൂന്നു മണിക്കൂറാണ്. 34 ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയം ചെയ്യാന്‍ തന്നെ ദിവസങ്ങളെടുക്കും. 34 പേരുടെ ഇന്റര്‍വ്യൂവിനും ദീര്‍ഘമായ സമയം ആവശ്യമാണ്. എന്നാല്‍  ഇതൊക്കെ മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാക്കി, റാങ്ക് പട്ടിക അന്നുതന്നെ പ്രസിദ്ധീകരിക്കുകയും  കൗണ്‍സലിങ് നടത്തി, കോഴ്‌സിനു പ്രവേശനം നല്‍കുകയുമാണു ചെയ്തത്.
 
സി പി എം മെഡിക്കല്‍ കോളജ് ഭരണം ഏറ്റെടുത്തതോടെയാണ് വിവിധ തരത്തില്‍ അഴിമതികള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ സി പി എം നേതാവ് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാനായിരുന്ന കാലത്ത് മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് സീറ്റ് നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം വച്ചിരുന്നു.  മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിലൂടെ മെഡിക്കല്‍ കോളജിന്റെ ഗുണനിലവാരം ഇല്ലാതാകുന്നുവെന്ന സത്യം മനസിലായതോടെയാണ് പൂര്‍ണ്ണമായും എന്‍ട്രന്‍സ് ലിസ്റ്റിനെ ആശ്രയിക്കാന്‍ അദേഹം നിര്‍ദേശം നല്‍കിയത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ഏറെക്കുറെ സുതാര്യമായി നടന്നു. മെഡി. കോളേജിലെ പ്രവേശനവും വാങ്ങിയ ഫീസും സംബന്ധിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ പല നേതാക്കളുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് പരിയാരത്തെ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് യൂത്തു കോണ്‍ഗ്രസുകാര്‍ വ്യാപക പ്രതിക്ഷേധത്തിനു തയ്യാറായിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.