Thursday, June 9, 2011

സെല്‍ഭരണം പോയി, സല്‍ഭരണം വന്നു


പൊളിഞ്ഞ സിദ്ധാന്തങ്ങള്‍ക്കും അടക്കിപിടിച്ച അഴിമതികള്‍ക്കും വിട. പാര്‍ട്ടികാര്‍ക്കും പാര്‍ട്ടി അനുസരണകാര്‍ക്കും മാത്രം നീതിയും നേട്ടവും ലഭിച്ച അഞ്ച് ഇരുണ്ടവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്ക് വരെ സി.പി.എം ഓഫീസില്‍ മുട്ടി പ്രാര്‍ത്ഥിക്കേണ്ട ഗതികേടില്‍ നിന്നും സാമാന്യജനത്തിന് കേരളത്തില്‍ മോചനം.
ഐക്യജനാധിപത്യമുന്നണിയുടെ ഭരണവരവിനെ ഇങ്ങനെ മാത്രമേ ഒരു സാധാരണക്കാരന് വിലയിരുത്താന്‍ പറ്റുകയുള്ളൂ. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഭരണം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. പാര്‍ട്ടിയ്ക്കുവേണ്ടിയായിരുന്നു. ഇടത് ഭരണമെന്ന് പറഞ്ഞാല്‍ തന്നെ ഇടത് യജമാനനായ സി.പി.എം ഭരണമെന്നാണ് അര്‍ത്ഥം. സി.പി.ഐ, ആര്‍.എസ്.പി തുടങ്ങി ആളില്ലാ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യമില്ലാത്ത സി.പി.എമ്മില്‍നിന്നും ജനാധിപത്യമല്ല അധികാര സുഖം പ്രതീക്ഷിക്കുന്ന ചില ഇടതുവിരുദ്ധ നയക്കാരുമാണല്ലോ ഇടതുമുന്നണിയില്‍. സിപിഎം അവരൊഴികെയുള്ള ഇടതുപാര്‍ട്ടികള്‍ക്ക് മദനിയുടെ വിലപോലും കല്പിച്ചിട്ടില്ലെന്നതാണ് വാസ്തവാനുഭവം. അവര്‍ സ്വകാര്യ റവന്യു ഉണ്ടാക്കിയും കഥാപ്രസംഗം പറഞ്ഞും പി.എസ്.സി ജോലി തരപ്പെടുത്തികൊടുത്തും അങ്ങനെ കഴിയുന്നെന്ന് മാത്രം. പിന്നെ എന്തുകൊണ്ട് സി.പി.എം ഇവരെ മുന്നണിയില്‍ നിര്‍ത്തിയിരിക്കുന്നു എന്നുചോദിച്ചാല്‍ ജനത്തെ ഒറ്റയ്ക്ക് നേരിടാന്‍ സി.പി.എമ്മിന് ഭയമാണ്. തങ്ങളെ ഒരു സാംസ്‌കാരിക പാര്‍ട്ടിയായി ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നത് സി.പിഎമ്മിനും ബി.ജെ.പിയ്ക്കും കേരളത്തില്‍ നല്ലവണ്ണമറിയാം. വഴക്കും അടിയും കൊലയുമാണല്ലോ ഇക്കൂട്ടരുടെ ബാലലീലകള്‍. ഇതൊട്ട് ശാന്തജീവിതം പ്രതീക്ഷിക്കുന്ന കേരളീയരോ ഇവരുടെ വീട്ടുകാരോപോലും ഇഷ്ടപ്പെടുന്നില്ല. ഇതാണ് പോക്കറ്റിലെ വോട്ട് ചോര്‍ച്ചയെന്ന് ഇവരിന്നും തിരിച്ചറിഞ്ഞിട്ടില്ല.
 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനംകൊണ്ടുവന്നത് ഐക്യജനാധിപത്യ മുന്നണിയാണെന്ന് കാണാം. ഇടതന്മാര്‍ കൊണ്ടുവന്നതോ പാര്‍ട്ടി വികസനം മാത്രം. അത് അഴിമതിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ജനങ്ങളെ കൂടെ നിര്‍ത്താന്‍ സി.പി.എം കൊണ്ടുവന്ന അടവുനയമാണ് ജനകീയാസൂത്രണം. തങ്ങളുടെ പാര്‍ട്ടിക്കാരെയും വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെയും മാത്രം സഹായിക്കുന്ന ഒരു പാര്‍ട്ടിയാസൂത്രണ പദ്ധതിയാണിത്. അഞ്ച്‌വര്‍ഷംകൊണ്ട് ഇങ്ങനെ കുറെ വോട്ടുകള്‍ സമാഹരിക്കാന്‍ ഇടതന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവം. കോഴി, ആട്, പശു, എരുമ, കക്കൂസ്, തൊഴുത്ത് എന്ന് തുടങ്ങി വീട് വരെയും ഈ കൈക്കൂലി ആസൂത്രണത്തിലൂടെ സിപിഎം നല്കി സ്വാധീനിച്ചു. വീട് വിറ്റ് നാട്ടിലേയ്ക്ക് ഇറങ്ങിയ ഇ.എം.എസിന്റെ പേരില്‍പോലും വീട് പദ്ധതി വന്നത് അര്‍ത്ഥപരമായ പരിഹാസമല്ലേ. സി.പി.എമ്മിലെ അമേരിക്കന്‍ ബേബിമാരുടെ കണ്ടുപിടിത്തമാണ് ഇക്കളികളെല്ലാം. ജനകീയാസൂത്രണവും കേന്ദ്രതൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്തിന്റെതാണെന്ന വ്യാജപ്രചരണവുമാണ് ഇടതുമുന്നണിയെ തിരഞ്ഞെടുപ്പില്‍ സഹായിച്ചത്. തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് ജനകീയാസൂത്രണത്തിനും അനര്‍ഹ പെന്‍ഷനുംവേണ്ടി ഇടതുസര്‍ക്കാര്‍ ചെലവിട്ട തുക സര്‍വ്വകാല റെക്കാര്‍ഡാണ്. നാലേമുക്കാല്‍ വര്‍ഷം പരാജയപ്പെട്ടെന്ന് സ്വയം വിലയിരുത്തിയ സര്‍ക്കാര്‍ കോടികളുടെ പ്രചരണത്തിലൂടെയാണ് വികസന ലേബല്‍ സര്‍ക്കാരായത്. ഇതൊരു കുളംകലക്കി മീന്‍പിടുത്തമാണ്.
 
അതിലുപരി കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ നയിച്ചത് ഒരു വകുപ്പില്ലാ പാവ മുഖ്യനായിരുന്നു. സ്ത്രീപീഡനങ്ങളെക്കുറിച്ച് വിലപിക്കുന്ന ഇദ്ദേഹം സ്വപാര്‍ട്ടിയാല്‍ അഞ്ചുവര്‍ഷം നിരന്തരം പീഡിപ്പിക്കപ്പെട്ടു. പാര്‍ട്ടിയില്‍ തരംതാഴ്ത്തി ബക്കറ്റിലെ വെള്ളമെന്ന് വിളിച്ച് പാര്‍ട്ടി സെക്രട്ടറി തന്നെ പൊതുവേദിയില്‍ മുഖ്യനെ അപമാനിച്ച സംഭവത്തിന് ചരിത്രത്തില്‍ മറ്റൊന്നുണ്ടാവുകയില്ല. മുഖ്യമന്ത്രി അഞ്ചുവര്‍ഷം ഭരണം ശ്രദ്ധിക്കുകയായിരുന്നില്ല. പാര്‍ട്ടിയെ പ്രതിരോധിക്കുകയായിരുന്നു. ചുരുക്കത്തില്‍ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയായിരുന്നു അച്ചുതാനന്ദന്‍. പാര്‍ട്ടിക്ക് വേണ്ടി ഒരു നയവും മറ്റുള്ള ജനങ്ങള്‍ക്കുവേണ്ടി മറുനയവുമായിരുന്നു അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തിന്. ഇന്ത്യാ മഹാരാജ്യത്ത് സി.പി.എംകാര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവുമോ?. ഇതൊരു വലിയ ഭരണഘടനാ പ്രശ്‌നം തന്നെയാണ്. സി.ആര്‍. പരമേശ്വരനുണ്ടായപോലെ ഇടതാക്രമണം ഭയന്ന് നമ്മുടെ ധീഷണാ സമൂഹം പ്രതികരിക്കുന്നില്ലെന്ന് മാത്രം. കപട പുരോഗമനപദത്തിന്റെ കുത്തകാവകാശികളാണല്ലോ ഇടതു പക്ഷക്കാര്‍. പക്ഷേ ഇവര്‍ക്ക് പുരോഗമനവും ജനാധിപത്യവും രണ്ട്‌വാക്കുകള്‍ മാത്രമാണ്. അങ്ങനെ ദുഷ്‌ചെയ്തികളിലൂടെ ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുചിന്തയുടെ ഇടതുവിഷമായി മാറി. ഒരു വോട്ട് ഗ്യാങ്ങ് മാത്രമായി അധഃപതിച്ച ഇടതു പാര്‍ട്ടി ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് സഹിക്കേണ്ടി വന്നത്. ആ കഠിനകാലം കഴിഞ്ഞിരിക്കുന്നു, ഇനി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനാധിപത്യഭരണമാണ്. എല്ലാ മനുഷ്യര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും തുല്യനീതിയുമുള്ള തുറന്നഭരണം.

No comments:

Post a Comment

Note: Only a member of this blog may post a comment.