Wednesday, June 8, 2011

ജയരാജന്റെ പിടിവാശി നടപ്പില്ല


കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം സ്വീകരിക്കുന്നതിനായി ഹാജരാകാന്‍ 24 വരെ സാവകാശം നല്‍കണമെന്ന എം.വി ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി.
കുറ്റപത്രം സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസുമാരായ എ.കെ ബഷീര്‍, പി.ക്യൂ ബര്‍ക്കത്ത് അലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കേസില്‍ കുറ്റപത്രം നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കേസിന്റെ ആവശ്യത്തിനായി ജയരാജന്‍ ഡല്‍ഹിയില്‍ ആയതിനാലാണ് ഹാജരാവാത്തതെന്നും അഭിഭാഷകന്‍ എം. ശശീന്ദ്രന്‍ ബോധിപ്പിച്ചു. കഴിഞ്ഞദിവസം ജയരാജന്‍ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും കോടതിയുടെ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണെന്നും സ്വമേധയാ വീണ്ടും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഡിവിഷന്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കി. രണ്ട് ചാനലുകള്‍ ഹാജരാക്കിയ വീഡിേയാ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഡിവിഷന്‍ ബഞ്ച് നിഷേധിച്ചു. കൂടുതല്‍ വാദം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയാണ് ചെയ്തതെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ കോടതിയില്‍ നേരത്തെ നടന്ന കാര്യങ്ങളില്‍ തര്‍ക്കം വേണ്ടെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. കോടതിയില്‍ ഹാജരാവാന്‍ സാവകാശം വേണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെ വാറണ്ടയക്കാന്‍ ഉത്തരവിടുമെന്ന് ഒരുഘട്ടത്തില്‍ കോടതി പറഞ്ഞു. സുപ്രീംകോടതി അവധിയായതിനാല്‍ അവധിക്കാല കോടതിയാണ് അപ്പീല്‍ പരിഗണിക്കേണ്ടതെന്നും ഇക്കാര്യത്തിന് ഡല്‍ഹിയില്‍ പോയിട്ടുള്ളതെന്നും വിശദീകരിച്ചു.
പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച കോടതിവിധിക്കെതിരെ ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗം കോടതിയലക്ഷ്യമാണെന്ന് സ്വമേധയാ കണ്ടെത്തിയ  കോടതിയാണ് കുറ്റപത്രം നല്‍കാന്‍ തീരുമാനമെടുത്തത്.

No comments:

Post a Comment

Note: Only a member of this blog may post a comment.