Tuesday, June 7, 2011

ഡി.വൈ.എഫ്.ഐ നേതാവിന്റെ മകള്‍ക്ക് എന്‍.ആര്‍.ഐ സീറ്റ്


ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ അരക്കോടി ഫീസില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ നല്‍കിയ പ്രവേശനം വിവാദമാകുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി ഡയറക്ടര്‍ കൂടിയാണ് വി വി രമേശന്‍.എന്‍ആര്‍ഐ ക്വാട്ടയില്‍ എന്‍ആര്‍ഐക്കാരുടെ മക്കള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂവെന്നാണ് പൊതുവേയുള്ള നിയമം. എന്നാല്‍ ഡിവൈഎഫ് ഐ നേതാവിന്റെ മകള്‍ക്ക് പ്രവേശനം നല്‍കാന്‍ ഇതില്‍ മാറ്റം വരുത്തിയതായി സൂചനയുണ്ട്. വി വി രമേശന്റേയും അനിതയുടേയും മകള്‍ ആര്യയ്ക്ക് രക്ഷിതാവായി വിദേശത്തുള്ള അനിതയുടെ ഭാര്യസഹോദരനെ കാണിച്ചാണ് പ്രവേശനം എന്‍ ആര്‍ ഐ ക്വാട്ടയില്‍ തരപ്പെടുത്തിയത്. അനിതയുടെ മസ്‌കറ്റിലുള്ള സഹോദരന്‍ അനില്‍കുമാറാണ് ആര്യയുടെ രക്ഷിതാവായി ഫീസടക്കാന്‍ തയ്യാറായിട്ടുള്ളത്. ചാനലുകളില്‍ കാണുന്നതു പോലെ 50 ലക്ഷം ഫീസ് നല്‍കിയിട്ടില്ലെന്നും ടോക്കണ്‍ അഡ്വാന്‍സ് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും വി വി രമേശന്‍ പറഞ്ഞു. 45 ലക്ഷം രൂപ നല്‍കാനുണ്ട്. ഇതും ഭാര്യാ സഹോദരനാണ് നല്‍കുന്നത്. എന്‍ആര്‍ ഐ അക്കൗണ്ട് വഴിയാണ് തുക നല്‍കുകയെന്നും ഇതില്‍ യാതൊന്നും താന്‍ മറച്ചു വെച്ചിട്ടില്ലെന്നുമാണ് രമേശന്റെ വാദം. രമേശന്റെ ഭാര്യയുടെ നാലു സഹോദരന്മാരും ഗള്‍ഫിലാണെന്നും അതുകൊണ്ട് എന്‍ ആര്‍ ഐ ക്വാട്ടയില്‍ അഡ്മിഷന്‍ തേടുന്നതില്‍ തെറ്റില്ലെന്നുമാണ് വി വി രമേശന്‍ പറയുന്നത്.
 
പരിയാരം മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നേതാവ് വി വി രമേശന്റെ മകള്‍ക്ക് എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം ലഭിച്ച നടപടി കുത്തിപ്പൊക്കിയതിനു പിന്നില്‍ സിപിഎമ്മിലെ തന്നെ ഒരു വിഭാഗമാണെന്ന് സൂചനയുണ്ട്. കാസര്‍ഗോഡ് ജില്ലക്കാരനായ രമേശനെതിരേ വി എസ് ഗ്രൂപ്പിന് പൂര്‍ണമായ മേധാവിത്വമുള്ള സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. കടുത്ത ഔദ്യോഗികപക്ഷക്കാരനായ രമേശന്‍ പരിയാരം മെഡിക്കല്‍ കോളേജ് ഡയറക്ടറായത് സ്വന്തം ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു. അതില്‍പിന്നെ രമേശന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന സി പി എം കാസര്‍ഗോഡ് ജില്ലാ നേതൃത്വം തന്നെയാണ് വിവാദം കുത്തിപ്പൊക്കിയത്. പരിയാരം മെഡിക്കല്‍ കോളജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇതോടെ സിപിഎമ്മിലെ ഗ്രൂപ്പുവഴക്ക് ശക്തമാക്കുകയാണ്.
 

No comments:

Post a Comment

Note: Only a member of this blog may post a comment.