Saturday, June 11, 2011

പാര്‍ട്ടി ഇടപെട്ടപ്പോള്‍ രമേശന്‍ സീറ്റ് 'ത്യജിച്ചു'

മകളുടെ മെഡിക്കല്‍ സീറ്റ് വേണ്ടെന്നുവെച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്‍ പരസ്യ പ്രഖ്യാപനം നടത്തിയത് നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്.

കേരളത്തില്‍ സ്വാശ്രയ പ്രശ്‌നവുമായി യു.ഡി.എഫ് സര്‍ക്കാറിനെതിരെ സമരപരമ്പര തുടങ്ങാനിരിക്കെ പുറത്തുവന്ന പരിയാരത്തെ ക്രമക്കേട് സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രമേശന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ വാങ്ങിയ സീറ്റ് 'ത്യജിച്ച'ത് ഇതിന്റെ ഭാഗമായാണ്. ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലാണുള്ളത്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃയോഗം ചേരും.

പ്രായത്തിന്റെ പേരില്‍ നേരത്തെ തന്നെ രമേശന് എതിരെ ഡി.വൈ.എഫ്.ഐയില്‍ എതിര്‍ശബ്ദം ഉയര്‍ന്നിരുന്നു. പുതിയ വിവാദത്തോടെ സി.പി.എമ്മിലെ ഒരു വിഭാഗം ഇതും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. വി.എസ്. പക്ഷത്തിന് നല്ല വേരുള്ള കാസര്‍കോട്ട് ഔദ്യോഗിക പക്ഷക്കാരനാണ് രമേശന്‍. അടുത്ത സംസ്ഥാന സമ്മേളനം വരെ രമേശന്‍ തുടരുന്നത് ഇനിയും ശരിയല്ലെന്ന വാദമാണ് പാര്‍ട്ടിയിലെ എതിരാളികള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. സി.പി.എം കാസര്‍കോട് ജില്ലാ നേതൃത്വവും രമേശന്റെ നടപടികളില്‍ അസംതൃപ്തരാണ്.

മകളെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പഠിപ്പിക്കാനുള്ള ശേഷി തനിക്കും കുടുംബത്തിനുമുണ്ടെന്ന് പറയുമ്പോഴും വി.വി.രമേശന്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടിക്ക് ലെവി നല്കാതെയാണെന്നും വിമര്‍ശനമുണ്ട്. അലവന്‍സുകള്‍ കൈപ്പറ്റുന്നവര്‍ ലെവി അടക്കേണ്ടതില്ല എന്ന ചട്ടമനുസരിച്ചാണ് രമേശന്‍ അത് നല്കാതിരുന്നതത്രെ.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരാനുകൂല്യവും സ്വീകരിക്കുന്നില്ലെന്നാണ് പത്രസമ്മേളനത്തില്‍ രമേശന്‍ പറഞ്ഞത്. ലെവിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും അതനുസരിച്ച് നല്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പിലും രമേശന്‍ തന്റെ വരുമാന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 20 വര്‍ഷമായി സാമാന്യം നല്ലൊരു ബിസിനസ് താന്‍ നടത്തുന്നുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ ഖാദി ഉല്പന്നങ്ങളുടെ വില്പനശാലയാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു. താനും ഭാര്യയും വരുമാനത്തിന് കൃത്യമായ ആദായനികുതി നല്കിവരുന്നതായും പത്രക്കുറിപ്പില്‍ വിവരിക്കുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ലെവി അടക്കാതിരുന്നതും രമേശനെതിരെയുള്ള ആയുധമാക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.

രമേശന്റെ വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറേിയറ്റിന്റെ അടിയന്തര യോഗം വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് ചേര്‍ന്നു. സംസ്ഥാന നേതാക്കള്‍ ആരുമില്ലാതെയാണ് യോഗം നടന്നത്. കേന്ദ്രക്കമ്മിറ്റി അംഗം പി.കരുണാകരന്‍ എം.പി പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സമരം ചെയ്ത് വെടിയേറ്റുമരിച്ച അഞ്ച് പ്രവര്‍ത്തകരുടെ സംഘടനയാണ് ഡി.വൈ.എഫ്.ഐ. അതിന്റെ സംസ്ഥാന ട്രഷറര്‍ മകള്‍ക്കുവേണ്ടി എന്‍.ആര്‍.ഐ ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്തിയത് ഔദ്യോഗിക പക്ഷക്കാരനായ രമേശനെതിരെയുള്ള വജ്രായുധമായാണ് ജില്ലയിലെ വി.എസ്.പക്ഷ നേതാക്കള്‍ കാണുന്നത്. വിഷയത്തില്‍ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ പ്രതികരണം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും സംരക്ഷിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ ജില്ലാ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.