Saturday, June 4, 2011

ഹവാല പണം റിസോര്‍ട്ട് നിര്‍മാണത്തിന്


വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍ കുമാറിന്‍റെ ഭാര്യാപിതാവിന്‍റെ പേരില്‍ വിദേശത്തുനിന്ന് എത്തിയ പണം ഹവാല. അനധികൃതമായി എത്തിയ പണം ഉപയോഗിച്ചത് റിസോര്‍ട്ട് നിര്‍മാണത്തിന്. പുന്നമട കായലിനു സമീപം നിര്‍മിക്കുന്ന റിസോര്‍ട്ടിന് ഇതിനു മുന്‍പും വിദേശത്തുനിന്നു പണമെത്തിയതായി സൂചന. 

കൃത്യമായ സ്രോതസ് കാണിക്കാതെ വിദേശ രാജ്യങ്ങളില്‍നിന്നു വ്യക്തികളുടെ അക്കൗണ്ടുകള്‍ വഴി എത്തുന്ന പണത്തിനെ ഹവാല ഗണത്തില്‍പ്പെടുത്തിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അന്വേഷിക്കുന്നത്. അരുണ്‍ കുമാറിന്‍റെ ഭാര്യാപിതാവിന്‍റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയാണ് ഒറ്റത്തവണ എത്തിയത്. എറണാകുളം പാലാരിവട്ടത്തുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ ശാഖയിലാണു ദുബായില്‍നിന്നു പണമെത്തിയത്. ആദായ നികുതി വകുപ്പ് ഈ ഇടപാട് കണ്ടെത്തി അക്കൗണ്ട് ഉടമയായ ഡോ. ബാലചന്ദ്രനില്‍നിന്നു വിശദീകരണം തേടിയിരുന്നു. ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കാന്‍ ബാലചന്ദ്രന്‍ തയാറായിട്ടില്ല. 

വിദേശത്തുനിന്നു വ്യക്തമായ സ്രോതസില്ലാതെ പണമെത്തിയതുകൊണ്ടു ഫോറിന്‍ എക്സ്ചേഞ്ച് മാനെജ്മെന്‍റ് ആക്റ്റ്, പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്‍ഡറിങ് ആക്റ്റ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം )എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കുറ്റമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. പണം നിക്ഷേപിച്ച സ്ഥലത്ത് അക്കൗണ്ട് ഉടമസ്ഥനായ ഡോ. ബാലചന്ദ്രനോ മരുമകന്‍ വി.എ. അരുണ്‍ കുമാറിനോ മകള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളോ ഇവര്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണു ഹവാല പണമെന്ന നിഗമനത്തിലെത്തിയത്. 

കായംകുളം സ്വദേശിയായ വ്യവസായിയാണു ദുബായില്‍നിന്നു പണമെത്തിച്ചതെന്നു സൂചനയുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷമാണു പുന്നമടയില്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വി.എ. അരുണ്‍ കുമാര്‍ പലപ്പോഴും ഇവിടെ സന്ദര്‍ശിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിസോര്‍ട്ടിന്‍റെ നിര്‍മാണത്തിനായി വന്‍ തുക ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടയില്‍ ഡോ. ബാലചന്ദ്രന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം എത്തിയിരുന്നു. പലതും വിദേശങ്ങളില്‍നിന്നു നിക്ഷേപിച്ചതായിരുന്നു. 

50 ലക്ഷം രൂപ ഒറ്റത്തവണയായി വന്നതു കൊണ്ടാണ് ആദായ നികുതി വകുപ്പിനു സംശയം തോന്നിയത്. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നേരത്തേയും ലക്ഷങ്ങള്‍ ആ അക്കൗണ്ട് വഴി എത്തിയിട്ടുണ്ടെന്നു വ്യക്തമായി. ഈ പണവും ഹോട്ടല്‍ നിര്‍മാണത്തിനും ഭൂമി വാങ്ങുന്നതിനുമായി ചെലവഴിച്ചിട്ടുണ്ടെന്നാണു സൂചന. ബാലചന്ദ്രന്‍റെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഭൂമിയിടപാടുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പങ്കും പരിശോധിക്കും. ആദായ നികുതി വകുപ്പിന്‍റെ ആവശ്യപ്രകാരം ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്‍റലിജന്‍സും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും നടത്തുന്ന അന്വേഷണത്തില്‍ ഈ ഇടപാടുകളും വിശദമായി അന്വേഷിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.