Thursday, June 2, 2011

മന്ത്രിമാരും കുടുംബാംഗങ്ങളും സ്വത്തുവിവരം വെളിപ്പെടുത്തും

*ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്വത്തുവിവരം വെളിപ്പെടുത്തണം 
*സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു
*മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും; അവധി ദിനങ്ങളില്ല
*അപേക്ഷ നല്‍കുന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡ് ലഭ്യമാക്കും
*ഭരണത്തില്‍ സുതാര്യത ഉറപ്പാക്കും; ചുവപ്പ് നാട ഒഴിവാക്കും
*ഫയലുകളില്‍ അതിവേഗ തീര്‍പ്പിന് മാര്‍ഗനിര്‍ദേശവും നടപടിയും
ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് സര്‍ക്കാര്‍ നൂറുദിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ.എ.എസ് ഓഫീസര്‍മാരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളെയും സ്വത്ത് വിവരം വെളിപ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലും സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നടപ്പാക്കാനാകാത്ത ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രായോഗികതയും സാങ്കേതികത്വവും പരിശോധിച്ചശേഷമാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് ചരിത്രത്തിലേക്ക് വഴിമാറി. മന്ത്രിമാര്‍ വേദിയിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും സദസ്സിലും അണിനിരന്ന ചടങ്ങ് കേരളത്തിന് പുതുക്കാഴ്ചയായി.
 
മുഖ്യമന്ത്രിയുടെ ഓഫീസിന് ഇനി അവധി ദിവസമില്ല. എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രവര്‍ത്തനം വിലയിരുത്തിയശേഷം എല്ലാ മന്ത്രിമാരുടെയും ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വെബ്‌സസൈറ്റിലൂടെ നേരിട്ട്  കാണുന്നതിന് സൗകര്യമുണ്ടാവും. എല്ലാ കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ഓരോ ജില്ലയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മന്ത്രിയെ ചുമതലപ്പെടുത്തും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കും. എല്ലാ കരാറുകളും ഒപ്പിടുന്ന ദിവസം തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. വിവരങ്ങള്‍ പരസ്യപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകളും ഫീസും ഓണ്‍ലൈനായി സ്വീകരിക്കും. അഴിമതി വിവരം നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കും. കോഴിക്കോട് ഐ.ഐ.എമ്മുമായി സഹകരിച്ച് മന്ത്രിമാര്‍ക്കുവേണ്ടി മാനേജ്‌മെന്റ് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തും.
 
റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്ന വ്യക്തിയ്ക്ക് അപേക്ഷ നല്‍കുന്ന ദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കും. റേഷന്‍കാര്‍ഡ് നല്‍കിയശേഷമാവും പരിശോധന നടത്തുക. പരിശോധനയില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ പിന്നീട് കാര്‍ഡ് റദ്ദാക്കാം. 25,000 രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ ഒഴികെയുള്ള എല്ലാ ആദിവാസി കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി വിപുലമായി നടപ്പാക്കും. റോഡപകടങ്ങളില്‍പെടുന്നവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊലീസിലെ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഗുണ്ടാവിരുദ്ധനിയമം കര്‍ശനമായി നടപ്പാക്കും. ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ദേവസ്വം മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിക്കും. ഇന്റര്‍നെറ്റ് വഴിയും വ്യാജസിഡി വഴിയും സിനിമ വ്യവസായത്തെ തകര്‍ക്കുന്ന റാക്കറ്റുകള്‍ക്കെതിരേ നടപടി എടുക്കാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കും.
സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന 1.40 ലക്ഷം ഫയലുകളില്‍ നിയമപരമായ തടസം ഇല്ലാത്തവ തീര്‍പ്പാക്കും. ഡിപ്പാര്‍ട്ടുമെന്റുകളില്‍ കെട്ടിക്കിടക്കുന്ന മൂന്നു ലക്ഷം ഫയലുകള്‍ നിയമപരമായ തടസം ഇല്ലാത്തവ തീര്‍പ്പാക്കും. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും അതിവേഗം തീര്‍പ്പാക്കാന്‍ നടപടിയെടുക്കും. മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം വരെയുള്ള ഒഴിവുകുള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുക.
 
കായിക കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസിന് 560 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴു ജില്ലകളില്‍ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പണിയുടെ പുരോഗതിയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. വികലാംഗര്‍ക്കും അന്ധ-ബധിര-മൂകര്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നു ശതമാനം ജോലി സംവരണം കുടിശിക നികത്തി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

No comments:

Post a Comment

Note: Only a member of this blog may post a comment.