Thursday, June 16, 2011

മൂന്നാര്‍:വി എസ് സംസ്താന സർക്കറിനു വൻ ബാധ്യതകൾ വരുത്തി

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ദൗത്യ സംഘം ഈ മാസം പതിനാലിനു മൂന്നാറിലേക്കു യാത്ര തിരിക്കുന്നു. നേരത്തേ നിശ്ചയിച്ചതിലും രണ്ടു ദിവസം മുന്‍പാണു റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെത്തുന്നത്. ചിന്നക്കനാല്‍ മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണു ലക്ഷ്യം. 

കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രമാണു മൂന്നാര്‍. സഹ്യന്‍റെ നെറുകയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ വിപണി മൂല്യം സാധാരണക്കാര്‍ തിരിച്ചറിഞ്ഞത് സമീപകാലത്താണ്. അതിനും എത്രയോ കാലം മുന്‍പ് ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ അക്കാര്യം തിരിച്ചറിഞ്ഞിരുന്നു. നോക്കെത്താ ദൂരം നീളുന്ന തേയിലത്തോട്ടങ്ങള്‍, ഏലക്കാടുകള്‍, മറ്റു സുഗന്ധ വ്യഞ്ജന കൃഷിയിടങ്ങള്‍ എന്നിവ നൂറ്റാണ്ടു മുന്‍പു തന്നെ മൂന്നാറിനെ ലോകപ്രശസ്തമാക്കിയിരുന്നു. ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച തേയിലത്തോട്ടങ്ങളെ ആശ്രയിച്ചു കടന്നുവന്ന തൊഴിലാളികളാണ് ഇന്നത്തെ മൂന്നാറിന്‍റെ യഥാര്‍ഥ ശില്‍പ്പികള്‍. പകലന്തിയോളം തൊഴില്‍ ചെയ്തു കാലം കഴിക്കുക മാത്രമായിരുന്നു അവരുടെ ദൗത്യം. ഇക്കൂട്ടരെ പരമാവധി ചൂഷണം ചെയ്തു സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്തുക വൈദേശീയരടക്കമുള്ള തോട്ടം ഉടമകളുടെ ലക്ഷ്യവും. പരസ്പര സഹവര്‍ത്തിത്വത്തിന്‍റെ ഈ നാളുകള്‍ക്ക് അന്ത്യം കുറിച്ചിട്ട് അധികം നാളുകളായില്ല. ജെയിംസ് ഫിന്‍ലേ എന്ന ബ്രിട്ടീഷ് സ്ഥാപനവുമായി സഹകരിച്ചു ടാറ്റ കമ്പനി എത്തിയതോടെ, മൂന്നാറില്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. നോക്കെത്താ ദൂരത്തോളം നീണ്ടു കിടന്ന സഹ്യസാനുക്കളില്‍ പലമടക്കുകളായി തേയിലച്ചെടികള്‍ നട്ടു നനച്ച ടാറ്റയ്ക്ക് ഒരു വെടിക്കു രണ്ടു പക്ഷി എന്നായി നേട്ടം.. നാമമാത്രമായ കുത്തകപ്പാട്ടം നല്‍കി, അനേകായിരം ഹെക്റ്റര്‍ സ്ഥലത്ത് തേയില കൃഷി തുടങ്ങിയ ടാറ്റയ്ക്ക് കണ്ണന്‍ ദേവന്‍ തേയില എന്ന ബ്രാന്‍ഡിനപ്പുറം പുതിയ മേച്ചില്‍പ്പുറങ്ങള്‍ കൂടി തുറന്നുകിട്ടി. ടൂറിസവും റിയല്‍ എസ്റ്റേറ്റും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയില ഉത്പാദകരായ ടാറ്റയ്ക്കു ഭൂമി കൈയേറ്റക്കാരെന്ന ദുഷ്പേരു കൂടി ചാര്‍ത്തിക്കൊടുത്തു, മൂന്നാര്‍. 

മൂന്നാറില്‍ ടാറ്റ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയെക്കെുറിച്ചു കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും വിവരമുണ്ട്. പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജീവിത സൗകര്യമൊരുക്കുന്ന ടാറ്റ തൊഴിലാളികളെ മുന്‍നിര്‍ത്തി ഈ ആരോപണത്തെ പ്രതിരോധിച്ചു. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ മിക്ക തൊഴിലാളി സംഘടനകളും ടാറ്റയുടെ കുരുക്കില്‍ കുടുങ്ങിയിട്ടുണ്ട്. അതു മനസിലാക്കാതെ, ജെസിബിയും കരിമ്പൂച്ചകളുമായി മൂന്നാര്‍ ദൗത്യം ഏറ്റെടുത്തതാണു മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനു പറ്റിയ ഏറ്റവും വലിയ വീഴ്ച. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുത്ത ശേഷം അവിടെ പ്രത്യേക ജെണ്ട സ്ഥാപിച്ച്, ഈ സ്ഥലം ടാറ്റയില്‍ നിന്നു പിടിച്ചെടുത്തതാണെന്നു ബോര്‍ഡ് വച്ചു വീമ്പു പറയാനുള്ള ചങ്കൂറ്റം അച്യുതാനന്ദനു കാണുമായിരിക്കാം. പക്ഷേ ആ ചങ്കൂറ്റത്തിനു കടലാസിന്‍റെ വിലപോലു മില്ലെന്നിടത്താണ് അദ്ദേഹം നിയോഗിച്ച കരിമ്പൂച്ചകളുടെ പരാജയം. വി.എസ് സര്‍ക്കാര്‍ നിയമിച്ച മൂന്നാര്‍ ട്രൈബ്യൂണല്‍ അടക്കമുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചിന്നക്കനാല്‍ മേഖലയില്‍ പുതുതായി നടത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണു റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം നാളെ മൂന്നാറിലേക്കു യാത്ര തിരിക്കുന്നത്. 

മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇടിച്ചു നിരത്തുകയും ചെയ്ത ഭൂമിക്കും റിസോര്‍ട്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലാണിന്നു സംസ്ഥാനം. കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ നടപടികളെല്ലാം സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതകളാണു വരുത്തിയത്. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും പിന്തുണയില്ലാതെ മൂന്നാര്‍ ദൗത്യത്തില്‍ വി.എസ് നാണം കെട്ടു പിന്മാറുന്നതാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. ചിന്നക്കനാലിലെ പുതിയ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ മൂന്നാര്‍ മല കയറുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അച്യുതാനന്ദനെപ്പോലെ വില കുറഞ്ഞ പബ്ലിസിറ്റിയല്ല ലക്ഷ്യം വയ്ക്കുന്നതെന്നു വിശ്വസിക്കാം. വന്‍കിടക്കാരുടെ പേരു പറഞ്ഞ് തൊഴിലാളികളുടെയും ചെറുകിടക്കാരുടെയും നെഞ്ചിനു നേര്‍ക്കു ജെസിബി ഉരുട്ടിക്കയറ്റാമെന്നു വ്യാമോഹിക്കരുത് ഒരാളും. കരിമ്പൂച്ചകളും പരിവാരങ്ങളുമായി കടന്നു വന്ന അച്യുതാനന്ദന്‍റെ ജെസിബിക്ക് ടാറ്റയുടെ മണ്ണില്‍ നിന്ന് ഒരു പുല്ലുപോലും പിഴുതു മാറ്റാന്‍ കഴിഞ്ഞില്ല. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ഏറ്റെടുക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള ദൗത്യമാകട്ടെ തിരുവഞ്ചൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറില്‍ നിര്‍വഹിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.