Friday, June 10, 2011

പരിയാരം മെഡിക്കല്‍ പ്രവേശനം; കഴിഞ്ഞ വര്‍ഷവും ഗുരുതര ക്രമക്കേട്


 പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞവര്‍ഷം എംബിബിഎസ് കോഴ്‌സില്‍ എന്‍ആര്‍ഐ ക്വോട്ട പ്രകാരം നടത്തിയ പ്രവേശനത്തില്‍ ഗുരുതരമായ ക്രമക്കേടുനടന്നതായി സൂചന ലഭിച്ചു. ആകെയുള്ള 15 എന്‍ആര്‍ഐ സീറ്റുകളില്‍ 16 പേരില്‍നിന്നു പണം വാങ്ങി പ്രവേശനം നടത്തിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
100 എംബിബിഎസ് സീറ്റുകളാണു പരിയാരത്തുള്ളത്. ഇതില്‍ 50 മെറിറ്റ് കഴിച്ച് ബാക്കിയുള്ളതില്‍ 35 സീറ്റ് മാനേജ്‌മെന്റ് ക്വോട്ടയും 15 സീറ്റ് എന്‍ആര്‍ഐ ക്വോട്ടയുമാണ്. കഴിഞ്ഞവര്‍ഷം മാനേജ്‌മെന്റ് ക്വോട്ടയില്‍ 33 സീറ്റില്‍ മാത്രം പ്രവേശനം നടത്തിയശേഷം രണ്ടു സീറ്റ് ഒഴിച്ചിടുകയായിരുന്നു. മാനേജുമെന്റ് ക്വോട്ടയില്‍ ചേരാന്‍ നിരവധി അപേക്ഷകരുണ്ടായിരുന്നെങ്കിലും സീറ്റ് തീര്‍ന്നെന്നു പറഞ്ഞ് അവരെയെല്ലാം മടക്കി. എന്‍ട്രന്‍സ് റാങ്ക്‌ലിസ്റ്റില്‍ 2309 നമ്പര്‍ വരെയുള്ളവര്‍ക്കായിരുന്നു മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കിയിരുന്നത്. ഒഴിച്ചിട്ട സീറ്റുകളിലൊന്നില്‍ പിന്നീട് ഭരണസമിതിക്കുവേണ്ടപ്പെട്ട ചിത്ര എന്ന കുട്ടിക്കു പ്രവേശനം നല്‍കി. ചിത്രയുടെ എന്‍ട്രന്‍സ് റാങ്ക് നമ്പര്‍ 3379 ആയിരുന്നു. മാനേജ്‌മെന്റ് ക്വോട്ടയിലാണെങ്കിലും എന്‍ട്രന്‍സ്് റാങ്ക് പ്രകാരമാണ് പ്രവേശനം നടത്താവൂ എന്നിരിക്കെ അര്‍ഹതയുള്ള നിരവധിപ്പേര്‍ തഴയപ്പെട്ടുവെന്നു വ്യക്്തം. മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിച്ചിട്ട രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ ഇതിലും വലിയ ക്രമക്കേടാണ് നടന്നത്. 15 എന്‍ആര്‍ഐ സീറ്റുകളിലൊന്നില്‍ വന്‍തുക അടച്ച് പ്രവേശനം നേടിയവരിലൊരാളായ സജിന എന്ന വിദ്യാര്‍ഥിനിയെ ഒഴിവുള്ള മാനേജ്‌മെന്റ് ക്വോട്ടയിലേക്കു മാറ്റി. എന്‍ട്രന്‍സ് റാങ്കിംഗില്‍ സജിനയ്ക്കു 2588-ാം  സ്ഥാനമാണുണ്ടായിരുന്നത്. എന്‍ആര്‍ഐ ഫീസ് തിരിച്ചുവാങ്ങാതെ നടത്തിയ ഈ മാറ്റം വിദ്യാര്‍ഥിനി അറിയാതെയായിരുന്നെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സജിനയ്ക്കു പകരം ശ്രീലക്ഷ്്മി എന്ന കുട്ടിക്ക് സീറ്റ് നല്‍കുകയും ചെയ്തു. ഫലത്തില്‍ 16 എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പണം ഭരണ സമിതി വാങ്ങി. എന്നാല്‍ രേഖകളില്‍ 15 സീറ്റുകളില്‍ മാത്രമാണു പ്രവേശനം നടന്നത്. 50 ലക്ഷം വരെയാണ് എന്‍ആര്‍ഐ സീറ്റുകളില്‍ പരിയാരത്തെ ഫീസ്. പരിയാരം മെഡിക്കല്‍ കോളജിലെ പ്രവേശനത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ പണക്കൊഴുപ്പിനു മുന്നില്‍ പിന്നിലേക്കു തള്ളപ്പെടുകയായിരുന്നു. വിദ്യാഭ്യാസ കച്ചവടമാണ് സിപിഎം ഭരണസമിതി നടത്തിയതെന്നാണ് തെളിയുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.