Thursday, June 2, 2011

നിയമസഭയില്‍ നിന്ന്; തോറ്റാലും ജയിക്കുന്ന നാടന്‍ മുന്‍ഷിമാര്‍


നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയാണ് ജയിച്ചത് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. പ്രത്യേകിച്ച് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച് സഭയിലെത്തിയ അംഗങ്ങള്‍ തമ്മില്‍. പക്ഷെ ഇന്നലെ അത് സംഭവിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിക്കുന്ന വേളയിലാണ് വി.എസ് അച്യുതാനന്ദനും സി. ദിവാകരനും ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും നിലവിലുള്ള 20 മന്ത്രിമാരും ഇനി ഉണ്ടായേക്കാനിടയുള്ള ഒരു മന്ത്രിയും കഴിഞ്ഞാല്‍ പിന്നെ ഭരണപക്ഷത്തിന് അമ്പത് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ 68 അംഗങ്ങളുള്ള പ്രതിപക്ഷത്തിനല്ലേ ശക്തി കൂടുതലെന്നാണ് വി.എസിന്റെ സംശയം. 68 നേക്കാള്‍ വലുതാണ് 73 എന്ന സാധാരണ ഗണിതത്തില്‍ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയെങ്കിലും സംശയം മാറിയില്ല. ഗണിതശാസ്ത്രം കൊണ്ടുമാത്രമാണ് ഭരണപക്ഷം മുന്നിലെന്നായിരുന്നു ദിവാകരന്റെ കണ്ടുപിടുത്തം. അല്ലെങ്കില്‍ പിന്നെ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രോ-ടേം സ്പീക്കറുടെ വോട്ട് തേടുമോ?. തോറ്റാല്‍ വീണ്ടും ജയിക്കുമെന്ന് വാദിക്കുന്ന നാടന്‍ മുന്‍ഷിമാരുടെ കഥ പറഞ്ഞതോടെ ദിവാകരന്‍ സീറ്റിലേക്കമര്‍ന്നു. തോറ്റാലും വീണ്ടും വരാമെന്നും ന്യൂനപക്ഷമായാല്‍ വീണ്ടും ഭൂരിപക്ഷമാകാമെന്നും നാടന്‍ മുന്‍ഷിമാര്‍ വാദിക്കും. ഇത്തരം സാഹചര്യത്തില്‍ സഭയെ നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് നല്ല നര്‍മ്മബോധം വേണമെന്ന് കാര്‍ത്തികേയനെ ഓര്‍മ്മിപ്പിക്കാനും മാണിസാര്‍ മറന്നില്ല. സ്പീക്കറായി കാര്‍ത്തികേയന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വല്ലാതെ സന്തോഷിക്കുന്നയാളാണ് കോടിയേരി. പക്ഷെ പ്രോ-ടേം സ്പീക്കറുടെ വോട്ട് തേടിയത് ശരിയായില്ല. അത് ഭരണഘടനാലംഘനമാണ്. ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമോയെന്നും കോടിയേരിക്ക് പേടിയുണ്ട്. അതിനും മറുപടി പറയാന്‍ മാണിയേ ഉണ്ടായിരുന്നുള്ളൂ. നാലാം നിയമസഭയില്‍ പ്രോ-ടേം സ്പീക്കറായിരുന്ന ടി.എ മജീദ് വോട്ട് ചെയ്തത് ഭരണഘടനാ ലംഘനമല്ലേയെന്ന് മാണി തിരിച്ചു ചോദിച്ചു. അത് അന്ന് ചോദിക്കണമായിരുന്നുവെന്നും മജീദ് വോട്ട് ചെയ്തത് എന്റെ കുഴപ്പമല്ലെന്നും വെളിപ്പെടുത്തി കോടിയേരി തലയൂരി. ചട്ടങ്ങള്‍ക്കനുസരിച്ചാണ് നിയമസഭയുടെ പ്രവര്‍ത്തനമെങ്കിലും കീഴ്‌വഴക്കങ്ങളും സഭാനടത്തിപ്പില്‍ സ്വീകരിക്കാറുണ്ടെന്ന് പറയാന്‍ സ്പീക്കര്‍ക്ക് തന്നെ ഇടപെടേണ്ടിയും വന്നു.
 
കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സര്‍വഥായോഗ്യനാണെന്ന കാര്യത്തില്‍ സഭയിലെ അംഗങ്ങള്‍ക്ക് തര്‍ക്കമില്ല. സഭയില്‍ സംസാരിച്ച കക്ഷിനേതാക്കളെല്ലാം അത് തുറന്നുപറയുകയും ചെയ്തു. പക്ഷെ മറ്റ് ചിലകാര്യങ്ങള്‍ കൂടി സ്പീക്കര്‍ അറിയേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ അംഗങ്ങളുമുണ്ട്. കാല്‍നൂറ്റാണ്ടുകാലമായി നിയമസഭയില്‍ അംഗമായിരിക്കുന്ന കാര്‍ത്തികേയന് ആ പരിചയത്തിലൂടെ സ്പീക്കര്‍ പദവിയില്‍ ശോഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സംശയമില്ല. നടപടിക്രമങ്ങളിലും കീഴ്‌വഴക്കങ്ങളിലുമുള്ള അറിവും ആഴത്തിലുള്ള പരിജ്ഞാനവും സ്പീക്കറുടെ പ്രവര്‍ത്തനത്തിന് കരുത്താകുമെന്ന് മാത്യു ടി. തോമസ്. വാക്പയറ്റുകള്‍ ഏറെക്കണ്ട നിയമസഭയെന്ന കളരിയില്‍  നല്ല ഗുരുക്കളാകാന്‍ കാര്‍ത്തികേയന് കഴിയട്ടെ എന്നായിരുന്നു കളരി അഭ്യാസികൂടിയായ കെ.പി മോഹനന്റെ ആശംസ. ദുര്‍ബലമായ ഭരണമുന്നണിയുടെ കാലത്ത് ദുര്‍ഘടമായ സാഹചര്യത്തിലാണ് കൃത്യം നിറവേറ്റേണ്ടിവരുന്നതെന്ന് എ.എ അസീസ് കാര്‍ത്തികേയന് മുന്നറിയിപ്പ് നല്‍കി. നിയമസഭ ചേരുന്ന സമയം കൃത്യമാക്കുന്നതോടൊപ്പം പിരിയുന്ന സമയത്തിലും കൃത്യത വരുത്തണമെന്ന നിര്‍ദേശമാണ് ടി.എം ജേക്കബിന് സ്പീക്കര്‍ക്ക് മുന്നില്‍വെയ്ക്കാനുണ്ടായിരുന്നത്.
 
പാര്‍ട്ടിയില്‍ തിരുത്തലിനു ശ്രമിച്ച കാര്‍ത്തികേയന് സഭാ പ്രവര്‍ത്തനത്തെയും നേര്‍വഴിക്കുകൊണ്ടുപോകാന്‍ കഴിയുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ലാത്ത അംഗമാണ് എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയാണെങ്കിലും ശശീന്ദ്രനും വസ്തുതകള്‍ മനസ്സിലാക്കാറുണ്ടെന്ന് ചിലരുടെ കമന്റ്. തന്റെ കാഴ്ചപ്പാടുകളോട് വ്യക്തതയുള്ള നിലപാട് എല്ലാകാലത്തും സ്വീകരിച്ചയാളാണ് കാര്‍ത്തികേയനെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ പ്രക്ഷുബ്ധമായ കാലത്ത് നിയമസഭയെ നീതിപൂര്‍വ്വം നയിക്കാന്‍ കാര്‍ത്തികേയന് കഴിയട്ടെയെന്ന് സഭയിലെ കന്നിക്കാരനായ മന്ത്രി ഷിബു ബേബി ജോണ്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ സങ്കടമൊന്നും എ.കെ ബാലന്‍ കാട്ടിയില്ല. പുതിയ സ്പീക്കര്‍ക്ക് ദീര്‍ഘായുസ് നേര്‍ന്നുകൊണ്ടാണ് ബാലന്‍ സംസാരിച്ചു തുടങ്ങിയത്. നിയമസഭ വഴി വിവരങ്ങള്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. ഇത്തരത്തില്‍ കാലതാമസം വരുത്തുന്നവരെ ശിക്ഷിക്കാനുള്ള നടപടികളുണ്ടാകണമെന്ന് ബാലന്റെ അഭ്യര്‍ത്ഥന. പ്രതിപക്ഷത്തായിരുന്നപ്പോള്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് അടുത്ത തവണ മന്ത്രിയായ താന്‍ തന്നെ മറുപടി നല്‍കേണ്ടിവന്ന വിവരവും ബാലന്‍ വെളിപ്പെടുത്തി. കഴിഞ്ഞ സഭയില്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതിരുന്നയാളാണ് കുമ്പസാരം നടത്തുന്നതെന്ന് പി.സി ജോര്‍ജ് പിറുപിറുത്തു. കാര്‍ത്തികേയനോട് മല്‍സരിച്ച് തോറ്റത് അഭിമാനമായി കരുതുന്നുവെന്ന് പറഞ്ഞ ബാലന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് സഭ അംഗീകരിച്ചു. നല്ലൊരു വായനക്കാരനായ കാര്‍ത്തികേയന്‍ സ്പീക്കറുടെ ചെയറിലിരുന്ന് പുസ്തകം വായിക്കരുതെന്ന് മാത്രമാണ് സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണന് പറയാനുണ്ടായിരുന്നത്. നല്ലവാക്കുകള്‍ക്ക് നന്ദി പറഞ്ഞ് കാര്‍ത്തികേയനും മറുപടി പ്രസംഗത്തില്‍ കസറി.

No comments:

Post a Comment

Note: Only a member of this blog may post a comment.