Tuesday, June 7, 2011

ടിയാനന്‍മെന്‍: നടുക്കുന്ന ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു


ജനാധിപത്യ പ്രക്ഷോഭകരുടെ രക്തം ചാലിട്ടൊഴുകിയ ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ഹോങ്കോങില്‍ പതിനായിരങ്ങള്‍. സംഭവത്തിന്റെ 22ാം വാര്‍ഷികത്തില്‍ രഹസ്യപ്പോലിസിന്റെ നിരീക്ഷണം അവഗണിച്ച് മെഴുകുതിരി വിളക്കുമായി ഒന്നര ലക്ഷം പേരാണ് വിക്ടോറിയ പാര്‍ക്കിലേക്ക് മൗനികളായെത്തിയത്.
1989 ജൂണ്‍ നാലിന് ജനാധിപത്യം ആവശ്യപ്പെട്ട് ടിയാനന്‍മെന്‍ ചത്വരത്തില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ക്കു നേരെ ചൈനീസ് സൈന്യം നിഷ്ഠൂരമായി വെടിയുതിര്‍ത്തപ്പോള്‍ ചരിത്രത്തില്‍ രക്തം പുരണ്ട ഒരേട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിന്റെ വിധിവിലക്കുകള്‍ക്കെതിരേ സംസാരിച്ച പല സാമൂഹിക പ്രവര്‍ത്തകരും ഇപ്പോഴും ചൈനീസ് തടവറകളിലാണെന്നും 2008ലെ ബെയ്ജിങ് ഒളിംപിക്‌സിന് കിളിക്കൂട് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്ത ചൈനീസ് വിമതനായ കലാകാരന്‍ അയ്‌വീവീയെയും മറ്റു സാമൂഹിക പ്രവര്‍ത്തകരെയും മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഹോങ്കോങ് നിയമസഭാംഗം ലീ ചിയുക് യാന്‍ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ചൈന ഇപ്പോഴും ഇരുണ്ട യുഗത്തിലാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നു. രാഷ്ട്രീയ പരിഷ്‌കാരത്തിനും അധികാരം ജനങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നതിനും തങ്ങള്‍ ശ്രമിക്കുമെന്നും ലീ കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ ചൈനയില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂട്ടമായി അറസ്റ്റ് ചെയ്യുകയായിരുന്നു പോലിസ്. ടിയാനന്‍മെന്‍ പ്രക്ഷോഭത്തിന്റെ പേരില്‍ പിടികൂടിയവരെ പൂര്‍ണമായും വിട്ടയക്കാന്‍ ചൈന തയ്യാറാവണമെന്നാവശ്യം ശക്തമായിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് അന്നു വെടിയേറ്റുമരിച്ചവരുടെ ബന്ധുക്കളെ സര്‍ക്കാര്‍ സമീപിച്ചതായി അടുത്തിടെ റിപോര്‍ട്ടുണ്ടായിരുന്നു. അതേസമയം,ടിയാനന്‍മെന്‍ ചത്വരത്തിനകത്ത് രക്തരൂഷിതമായ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നു ചത്വരത്തിലേക്ക് കടക്കുന്നതിന് ശ്രമിച്ച ചൈനീസ് സൈന്യം പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബെയ്ജിങിലെ അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.