Tuesday, June 7, 2011

കേരളം വികസനക്കുതിപ്പ് തുടങ്ങി


കൊച്ചി മെട്രോ റെയില്‍ പദ്ധതി ചെന്നൈ മോഡലില്‍ നടപ്പാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തുല്ല്യപങ്കാളിത്തമുള്ള ഡല്‍ഹി മോഡലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണിത്.
പദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള അഞ്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ബാംഗ്ലൂര്‍ മെട്രോ മോഡലും പരിഗണനയില്‍ ഉണ്ടെങ്കിലും ചെന്നൈ മോഡല്‍ ആണ് അഭികാമ്യമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ചെന്നൈ മോഡലിലും 15 ശതമാനം വീതം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഓഹരിയുണ്ടാകും. സംസ്ഥാനതാല്‍പര്യം മുന്‍നിര്‍ത്തി കൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്രാനുമതി തേടുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവത്കരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് വേണ്ടി ഏകജാലക സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം. എറണാകുളം ടൗണ്‍സ്റ്റേഷന് സമീപമുള്ള ഓവര്‍ബ്രിഡ്ജിന്റെ പുനര്‍നിര്‍മ്മാണം, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം പുതിയ ഓവര്‍ബ്രിഡ്ജും സലീം രാജന്‍ റോഡ്, മുല്ലശ്ശേരി കനാല്‍ റോഡ് എന്നിവയുടെ വികസനം, ജോസ് ജംഗ്ഷന്‍ മുതല്‍ സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വരെയുള്ള പുതിയ അപ്രോച്ച് റോഡ്, മാധവ ഫാര്‍മസി മുതല്‍ തേവര വരെയുള്ള എം ജി റോഡിന്റെ വികസനം, ബാനര്‍ജി റോഡില്‍ എറണാകുളം ടൗണ്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ മാധവ ഫാര്‍മസി വരെ വീതി കൂട്ടല്‍ എന്നീ പദ്ധതികള്‍ ഉടന്‍ നടപ്പാക്കാനാണ് തീരുമാനം. ഡല്‍ഹി മെട്രോ റെയില്‍ കാര്‍പ്പറേഷനാണ് ഈ പദ്ധതികള്‍ നടപ്പാക്കുക. 158.68 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ട സ്ഥലമെടുപ്പ് നടപടികളും പുനരധിവാസവും നടപ്പാക്കാന്‍ എറണാകുളം ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.  
 
ടൗണ്‍ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ തമ്മനം പുല്ലേപ്പടി റോഡ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് വികസിപ്പിക്കും. ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളും അങ്ങോട്ട് മാറ്റും. സലീംരാജന്‍ റോഡിനും അനുബന്ധ വികസനത്തിനും 107 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ള ഭൂമി എത്രയും വേഗം കൈമാറും. സ്വകാര്യവ്യക്തികളുടെ ഭൂമി പുനരധിവാസം ഉറപ്പുവരുത്തി ഏറ്റെടുക്കും. ബാനര്‍ജി റോഡ് വികസനത്തിന് ഫാസ്റ്റ് ട്രാക്കില്‍ ഭൂമി ഏറ്റെടുക്കും. ഇവിടെയുള്ള 85 കടകള്‍, ഒരു കോണ്‍വെന്റ്, ഒരു സ്‌കൂള്‍ എന്നിവയുടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഈ ഭൂമി ഏറ്റെടുക്കാനും കളക്ടറെ ചുമതലപ്പെടുത്തി. എന്തെങ്കിലും തര്‍ക്കം ഉയര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടും. പുനരധിവാസം ഉറപ്പുവരുത്താതെ ആരെയും ഒഴിപ്പിക്കില്ല. 2005-ല്‍ രൂപം നല്‍കിയ പദ്ധതി നടപ്പാക്കാന്‍ ഇനിയും കാലതാമസമുണ്ടായാല്‍ പദ്ധതി ചെലവ് ക്രമാധീതമായി ഉയരുമെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍മുഹമ്മദ് യോഗത്തില്‍ അറിയിച്ചു. 2000 കോടി രൂപയായിരുന്നു പദ്ധതിക്ക്  രൂപം നല്‍കിയപ്പോള്‍ ചെലവ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍, 4427 കോടി രൂപയായി ഉയര്‍ന്നിരിക്കയാണ്. പദ്ധതി നടപ്പാക്കാന്‍ ആകെ 25 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 15.9 ഹെക്ടര്‍  സ്വകാര്യവ്യക്തികളുടേതാണ്. അടിസ്ഥാനസൗകര്യവികസനത്തിനായി 30 കോടി രൂപ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് കൈമാറി കഴിഞ്ഞതായും ആര്യാടന്‍ അറിയിച്ചു.
 
കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തതോടെ മാത്രമെ പദ്ധതി നടപ്പാക്കാന്‍ കഴിയൂവെന്ന് യോഗത്തില്‍ പങ്കെടുത്ത ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ അറിയിച്ചു. കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള എം.എല്‍എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, ടി.യു കുരുവിള, ഡോമിനിക് പ്രസന്റേഷന്‍, വി.പി സജീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.