Friday, June 3, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍


 എന്‍ഡോസള്‍ഫാന്‍ രാജവ്യാപകമായി നിരോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടി. രാജ്യത്തെ 20 സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടതോടെയാണിത്. കേന്ദ്ര കൃഷിമന്ത്രാലയം വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തത്. യോഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ രാജവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 

എന്‍ഡോസള്‍ഫാന്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കേരളത്തിന്റെ നിലപാടിനെ യോഗത്തില്‍ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങള്‍ ഖണ്ഡിച്ചു. അത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ വാദിച്ചു. മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ചിലവ് കുറഞ്ഞതും ഫലപ്രദവുമായ കീടനാശിനിയാണെന്നും അവര്‍ വാദിച്ചു. നേരത്തെ കേരളത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ചില സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാട് മാറ്റി. ഒറീസ, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തെ ഒറ്റപ്പെടുത്തി മറുകണ്ടം ചാടിയത്. 

യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെയോ കര്‍ഷക പ്രതിനിധികളെയോ പങ്കെടുപ്പിച്ചില്ലെന്നത് ശ്രദ്ധേയമായി. കമ്പനിക്കെതിരെ രാഷ്ട്രീയലക്ഷ്‌ത്തോടെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും കമ്പനി പ്രതിനിധികള്‍ വാദിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.