Tuesday, July 5, 2011

ഭരണത്തിലേറിയപ്പോള്‍ ആദിവാസികളെ മറന്നവര്‍ കുതന്ത്രവുമായി രംഗത്ത്


ഒരു തുണ്ട് ഭൂമി സ്വപ്‌നം കണ്ട ആദിവാസികളെ കബളിപ്പിക്കാന്‍ വയനാട്ടില്‍ വീണ്ടും സി പി എമ്മിന്റെ സമരാഭാസം. 
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത്
ആദിവാസികള്‍ക്ക് ഒരു തുണ്ട് ഭൂമി നല്‍കാന്‍ തയ്യാറാവാത്ത ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാന്‍ സി പി എം നേതാക്കള്‍ കച്ചകെട്ടിയിറങ്ങിയ സമരനാടകത്തില്‍ വീണ്ടും ആദിവാസികള്‍ തന്നെ ഇരകളായി. ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള പട്ടയവിതരണവും, ധനസഹായവിതരണവും പട്ടികവര്‍ഗ-യുവജന ക്ഷേമവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഇന്ന് നിര്‍വ്വഹിക്കാനിരിക്കെയാണ് സി പി എം അനാവശ്യസമരം നടത്തിയത്. ആദ്യപടിയായി 150 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്യുന്നത്. ഭരണം മാറിയതോടെ ഘട്ടം ഘട്ടമായി ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്നിരിക്കെയാണ് പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വീണ്ടും സമരനാടകവും രാഷ്ട്രീയപകപോക്കലുമായി സി പി എം രംഗത്തെത്തുന്നത്. 2010 ഫെബ്രുവരി ആറിനാണ് സി പി എം പോഷകസംഘടനയായ എ കെ എസിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണഗിരിയിലെ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശഭൂമി കയ്യേറി ആദ്യമായി കുടില്‍ കെട്ടിയത്. കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കയ്യേറ്റക്കാരെ അധികം വൈകാതെ തന്നെ ഒഴിപ്പിച്ചു. തുടര്‍ന്ന് ഈ ഭൂമിക്ക് സ്ഥിരമായി പൊലീസ് കാവലും ഏര്‍പ്പെടുത്തി. ഭൂമി നല്‍കേണ്ടവര്‍ തന്നെ നടത്തിയ ഈ സമരത്തില്‍ നൂറ് കണക്കിന് ആദിവാസികളാണ് അന്ന് കരുവായത്. സമരം പൊളിഞ്ഞെങ്കിലും ഭൂമി സ്വന്തമാകുമെന്ന വിശ്വാസത്തില്‍ കാലം കഴിക്കാനായിരുന്നു ആദിവാസികളുടെ വിധി. തങ്ങളെ കബളിപ്പിച്ചവരെ തറപറ്റിച്ചാണ് തുടര്‍ന്ന് വന്ന ത്രിതലപഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആദിവാസികള്‍ പക പോക്കിയത്.
 
 ഇടതുദുര്‍ഭരണം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ പറയാനൊന്നുമില്ലാത്ത ഇടതുമുന്നണി വീണ്ടും കൈവശഭൂമികള്‍ ചൂണ്ടിക്കാട്ടിയാണ് ആദിവാസികളെ സമരമുഖത്തേക്കാനയിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ ഭരണമൊഴിയുന്നതുവരെ ആര്‍ക്കും ഒരു തുണ്ട് ഭൂമി കിട്ടിയിട്ടില്ലെന്നതും വാസ്തവമാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിലെ അഡ്വ. ജോര്‍ജ് പോത്തന്റെ കൈവശഭൂമിയിലും ആദിവാസികളെ മുന്‍നിര്‍ത്തി സി പി എം സമരനാടകം അരങ്ങേയിരുന്നു. നിയമവ്യവസ്ഥയെ അട്ടിമറിച്ചുനടത്തിയ ഈ സമരത്തില്‍ കോടതി ഇടപെട്ട് കയ്യേറ്റക്കാരെ ഒഴിപ്പിച്ചു. തൃശൂര്‍ വെച്ച് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി മൂന്ന് മാസത്തിനകം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഈ മോഹനവാഗ്ദാനം നിറവേറ്റാന്‍ മുഖ്യമന്ത്രി അച്യുതാനന്ദനായില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഭൂമി മോഹിച്ച് ആദിവാസികള്‍ കൃഷ്ണഗിരിയിലെ കൈവശഭൂമിയില്‍ സമരവുമായെത്തിയത്.നിയമവും നിയമവ്യവസ്ഥയും പുല്ലാണെന്ന മുദ്രാവാക്യം മുഴക്കിയാണ് സി പി എം പോഷകസംഘടനകളായ എ കെ എസിന്റെയും കെ എസ് കെ ടി യുവിന്റേയും നേതൃത്വത്തില്‍ മീനങ്ങാടി കൃഷ്ണഗിരിയിലെ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയത്. മീനങ്ങാടിയില്‍ നിന്നും മാര്‍ച്ചയായെത്തിയ സി പി എമ്മുകാരെ പൊലീസ് വിവാദഭൂമിക്ക് നൂറ് മീറ്റര്‍ അകലെ വെച്ച് തടഞ്ഞു. ചില സി പി എമ്മുകാര്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിവാദഭൂമിയില്‍ കൊടി നാട്ടുകയും ബാനര്‍ കെട്ടുകയും ചെയ്‌തെങ്കിലും ആര്‍ ഡി ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇത് പൊലീസ് നിമിഷനേരത്തിനകം നീക്കം ചെയ്യുകയും ചെയ്തു.
 
മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സി പി എമ്മുകാര്‍ സംഘര്‍ഷമുണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ അവസരോചിതമായി ഇടപെട്ട് തടഞ്ഞു. ശ്രേയാംസ്‌കുമാര്‍ 30 ദിവസത്തിനകം സ്വമേധയാ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്നും ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഭൂമി പിടിച്ചെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ജൂണ്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. ശ്രേയാംസ്‌കുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരി വെക്കുകയായിരുന്നു. ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് കോടതി നല്‍കിയ കാലാവധി രണ്ടുമാസം ബാക്കി നില്‍ക്കെയാണ് സി പി എമ്മുകാര്‍ കൈവശഭൂമിയിലേക്ക് സമരം നടത്തിയതെന്നതും വിചിത്രമാണ്.  സി പി എമ്മിന്റെ സമരം മൂലം ദേശീയപാത 212-ല്‍ ഗതാഗതം ഒരു മണിക്കൂറോളം നേരം സ്തംഭിച്ചു. എ കെ എസ് സംസ്ഥാനസെക്രട്ടറി വിദ്യാധരന്‍ കാണിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.കൃഷ്ണഗിരിയിലെ മണിക്കൂറുകള്‍ നീണ്ട ഉദ്യോഗജനകമായ നിമിഷങ്ങള്‍ക്ക് ശേഷം ഉച്ചക്ക് രണ്ടരയോടെ സി പി എമ്മുകാര്‍ കൃഷ്ണഗിരിയില്‍ അക്രമം അഴിച്ചുവിട്ടു. 
ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ കൃഷ്ണഗിരി എസ്റ്റേറ്റ് ജീവനക്കാരെയും സോഷ്യലിസ്റ്റ് ജനതാ നേതാവിനെയും സി പി എമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മീനങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോഷ്യലിസ്റ്റ് ജനത ബത്തേരി മണ്ഡലം പ്രസിഡന്റ് സി ബാലകൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എ പി പ്രകാശന്‍, പുരുഷോത്തമന്‍ എന്നിവരെയാണ് സി പി എം മുഖപത്രത്തിന്റെ ലേഖകനും വാര്‍ഡ് മെമ്പറുമടക്കമുള്ള പതിനഞ്ചോളം പേര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.