Monday, July 25, 2011

സി.പി.എമ്മിലെ പകര്‍ച്ചവ്യാധി കണ്ണൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക്; പി. ശശിയ്ക്ക് പിന്നാലെ ഗോപി കോട്ടമുറിയ്ക്കലും


സിപിഎമ്മിനെ പിടിച്ചുലച്ച് വീണ്ടും ഉന്നതനേതാവിന്റെ ലൈംഗീകകേളികളുടെ രഹസ്യങ്ങള്‍ പരസ്യമായി. എറണാകുളം ജില്ലാ സെക്രട്ടറിയും പിണറായി പക്ഷത്തേക്കു കൂറുമാറിയ ആളുമായ ഗോപീ കോട്ടമുറിയ്ക്കലാണ് പുതിയ താരം. നേരത്തെ സമാനവിഷയത്തില്‍ കണ്ണൂര്‍ ജില്ലാമുന്‍ സെക്രട്ടറി പി.ശശി പുറത്തിയാരുന്നു. കാസര്‍കോഡ് ജില്ലയിലെ ഉന്നതനെതിരേ ആരോപണം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് വീണ്ടുമൊരു ഉന്നതനേതാവ് ലൈംഗീകവിവാദത്തില്‍ അകപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകയായ അഭിഭാഷകയുമായി ചേര്‍ത്താണ് ഗോപീകോട്ടമുറിക്കലിനെതിരേ വിവാദം. എന്നാല്‍ അഭിഭാഷകയോ മറ്റാരെങ്കിലുമോ പരാതിക്കാരല്ല. എന്നാല്‍ പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഇരുവരും കൂടിക്കാഴ്ചയ്ക്കും ബന്ധം നിലനിര്‍ത്താനും വേദിയാക്കിയതാണ് പ്രശ്‌നമായത്. അതിനെതിരേ ജില്ലയിലെ പാര്‍ട്ടിക്കാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു.

എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന തരത്തില്‍ മൂടിവച്ചാണ് ലൈംഗികാപവാദം പുറത്തുവന്നത്. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരേയാണ് പരാതിയെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി എസ് പക്ഷത്തെ ചില നേതാക്കള്‍ വെള്ളിയാഴ്ച രാത്രിതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ, തുടക്കത്തില്‍ പി ശശിയുടെ കാര്യത്തിലെന്നപോലെ കോട്ടമുറിക്കലിന്റെ പേരും ഇതുവരെ പുറത്തുവന്നിട്ടില്ല. വി എസ് പക്ഷത്തുനിന്ന് ഉടക്കിപ്പിരിഞ്ഞ നേതാവ് എന്ന നിലയിലാണ് ഗോപിക്കെതിരായ വിവാദം അവര്‍ കത്തിക്കാന്‍ ശ്രമിക്കുന്നത്. അഭിഭാഷകയുമായുള്ള ബന്ധം മുമ്പേയുള്ളതാണെങ്കിലും രണ്ടുപേര്‍ക്കും പരസ്പര സമ്മതമുള്ള ബന്ധത്തെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു വി എസ് പക്ഷം. അതിനിടയിലാണ് ഇരുവരും തമ്മില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്.

ഇത് അവസരമാക്കിയെടുത്താണ് ഗോപിക്കെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപി കോട്ടമുറിക്കലിന് തൃപ്പൂണിത്തുറ സീറ്റ് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു എതിര്‍പ്പ്. തുടര്‍ന്ന് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചു. പകരം സി എം ദിനേശ്മണിയാണ് തൃപ്പൂണിത്തുറയില്‍ മല്‍സരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സെക്രട്ടറിയുടെ സ്ത്രീസൗഹൃദം ഔപചാരികമായി ചര്‍ച്ചയായത്. പരാതി ലഭിച്ചതിനെതുടര്‍ന്ന് , വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം വന്നിരുന്നു. കൂടുതല്‍ ചര്‍ച്ച പിന്നീടാകാമെന്നും അതിനു മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യട്ടെയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതിനു തുടര്‍ച്ചയായി ജില്ലാ കമ്മിറ്റിയും ചേരും.

പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഗോപി കോട്ടമുറിക്കല്‍ വിവാദം പാര്‍ട്ടിക്ക് പുതിയ തലവേദനയായി മാറും. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം വി.എസ് പക്ഷക്കാരനായ കെ.എ ചാക്കോച്ചന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നു. പിന്നീട് വിഷയം സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വന്നപ്പോള്‍ ഇരു ചെവിയറിയാതെ ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തര യോഗം ഇന്നലെ രാവിലെ ലെനിന്‍ സെന്ററില്‍ തുടങ്ങിയപ്പോള്‍ ഒരുവിഭാഗം അതിശക്തമായ നിലപാടുകളുമായി രംഗത്തുവരികയായിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക വിവാദത്തില്‍ പരാതിക്കാരുണ്ടായിരുന്നു. എന്നാല്‍ ആദ്യം അതു മറച്ചുവച്ച് ശശിക്ക് അവധി നല്‍കുകയും അത് ചികില്‍സയ്ക്കു വേണ്ടിയാണെന്ന് പറയുകയുമാണ് പാര്‍ട്ടി ചെയ്തത്. പിന്നീടാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. ശശിക്കെതിരേ അന്വേഷണ കമ്മീഷനെവച്ച് റിപ്പോര്‍ട്ട് വാങ്ങുകയും പുറത്താക്കേണ്ടി വരികയും ചെയ്തു. വി എസിന്റെ കടുത്ത നിലപാടാണ് ശശിക്കെതിരേ നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിച്ചത്. ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തിലും സമാന കടുംപിടുത്തമാണ് വി എസ് പക്ഷത്തിന്റേത്. നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു. വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം.

കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. കോട്ടമുറിക്കലിനെതിരേ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ കോപ്പി പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കൈയിലെത്തിയിരിക്കുകയാണ്.

വി.എസ്.-പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. അതേസമയം ഗോപീകോട്ടമുറിയ്ക്കലിന്റേത് പാര്‍ട്ടിയിലെ ഒറ്റപ്പെട്ട സംഭവമല്ല.

കോളിളക്കം സൃഷ്ടിച്ച പി.ശശി സംഭവത്തിനു പിന്നാലെ കാസര്‍കോടും സമാനമായ ഒരു പരാതി ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടുസഖാക്കള്‍ അഴിയെണ്ണിത്തുടങ്ങിയതിന്റെ ഞെട്ടല്‍മാറുന്നതിനിടെയാണ് സ്ത്രീപീഡനം എന്ന പകര്‍ച്ചവ്യാധി കൊച്ചിയിലും ാസര്‍കോടും വ്യാപിച്ചതായി പാര്‍്ട്ടി നേതൃത്വം ഞെട്ടലോടെ മനസിലാക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുന്‍ എം.എല്‍.എ.കൂടിയായ ട്രേഡ് യൂണിയന്‍ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി, സി.പി.എം.ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയിത്. സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ദമ്പതിമാരുടെ മകളായ പരാതിക്കാരി മുന്‍ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമാണ്. ഇവര്‍ വിവാഹിതയാണ്. സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനംചെയ്ത് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ നേതാവ് നിരന്തരം നിര്‍ബന്ധിക്കുകയാണെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ഇതുവരെ ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്തിട്ടില്ല.

ഇതിനിടെ, ആരോപണത്തിന് വിധേയനായ നേതാവ് മകനെ ഇതേ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായി. വി.വി.രമേശന്റെ മകള്‍ക്കു പരിയാരം മെഡിക്കല്‍ കോളജിലെ സ്വാശ്രയ സീറ്റ് വാങ്ങിയ വിഷയത്തിലും സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തിലും പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായതിനാല്‍ പുതിയ ആരോപണം ചര്‍ച്ചയാവാതെ ഒതുക്കിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമവും ആരംഭിച്ചു. പി.ശശിക്കെതിരെ നടപടി വന്നതിന്റെ അടുത്ത ദിവസമാണു യുവതി ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളനങ്ങളും തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ വിഷയം യോഗങ്ങളില്‍ സജീവ വിഷയമാകുമെന്നാണു സൂചനകള്‍. അതേസമയം പി. ശശിക്കെതിരെ ആദ്യം സ്വീകരിച്ച നടപടി ലാഘവത്തോടെയായത്, പരാതിയും ലാഘവരൂപത്തിലുള്ളതായതുകൊണ്ടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ പാര്‍ട്ടി കര്‍ശന നടപടിതന്നെ സ്വീകരിച്ചു.

ശശിക്കെതിരെ ആദ്യം തരംതാഴ്ത്തലും പിന്നീട് പുറത്താക്കല്‍ നടപടിയും സ്വീകരിക്കാനിടയായത് വിശദീകരിച്ച് പിണറായി പറഞ്ഞു. സംസ്ഥാനസമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നതിനായി ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പി.ശശിപ്രശ്‌നത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേയാണ് പിണറായി ഈ കാര്യം വിശദീകരിച്ചത്. പി. ശശിക്കെതിരെ ആദ്യം ലഭിച്ച പരാതിയില്‍ കാര്യങ്ങള്‍ ഗൗരവമായി ഉന്നയിച്ചിരുന്നില്ല. ഇതു പരിശോധിച്ചശേഷമാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പ്രശ്‌നത്തിന്റെ ഗൗരവം പാര്‍ട്ടിക്കുള്ളിലും മറ്റും നടന്ന ചര്‍ച്ചകളിലൂടെ ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പി.ശശിക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചുവെന്ന് പിണറായി പറഞ്ഞു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പി.ശശിപ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചു. ശശിക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടി തിരഞ്ഞെടുപ്പിനു മുമ്പേ വേണ്ടതായിരുന്നുവെന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്.

ശശിക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നാണ് പരാതി ഉണ്ടായത്. ആ നിലയ്ക്ക് ഇത്രയും കാത്തുനില്പ് വേണ്ടിയിരുന്നില്ല. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരായ പ്രചരണായുധമായി യു.ഡി.എഫ്. ഇത് ഉപയോഗിക്കുമെന്ന് അറിയാമായിരുന്നിട്ടും പാര്‍ട്ടി നേതൃത്വം അലംഭാവം കാട്ടുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പേ ശശിയെ പുറത്താക്കിയിരുന്നുവെങ്കില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമായിരുന്നുവെന്നും ചില അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. വിവാദംസൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലും സിപിഎം നേതാക്കളുടെ പങ്കു പാര്‍ട്ടിക്കു ഏറെ നാണക്കേടുണ്ടായിരുന്നു. രണ്ടു സിപിഎം നേതാക്കളാണ് സംഭവത്തില്‍ ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്. കൊച്ചിന്‍ റിഫൈനറിയിലെ തൊഴിലാളി സംഘടനാ നേതാവും പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എല്‍ദോ കെ.മാത്യു, സി.പി.എം മഴവന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസ് തോമസ് എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.

സ്ത്രീപീഡനപരാതിയുടെ പേരില്‍ രണ്ടാഴ്ച മുമ്പാണ് സി.പി.എമ്മിലെ ശക്തനായ പോരാളിയായ പി.ശശിയുടെ തലതെറിച്ചത്. സി.പി.എം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പി. ശശി. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിക്ക് വഴങ്ങേണ്ടിവന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ലോബിക്കും കനത്ത തിരിച്ചടിയാണ്. പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെതുടര്‍ന്ന് ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യതീരുമാനം. എന്നാല്‍ ഇതിനെതിരെ പരസ്യമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നു. കൂടുതല്‍ കടുത്ത നടപടി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപ്പെട്ട കേന്ദ്രനേതൃത്വം തരംതാഴ്ത്തല്‍ നടപടി പുനഃപരിശോധിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചുവെങ്കിലും പി.ശശിക്കെതിരായി ഉയര്‍ന്ന പരാതിയുടെ ഉള്ളടക്കം സിപിഎമ്മിനു തുടര്‍ന്നും തലവേദനയാകും. ശശിക്കെതിരായി ഉയര്‍ന്ന ആക്ഷേപം എന്താണെന്നും ആരാണു പരാതി നല്‍കിയതെന്നും ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകളിലെ സൂചനകള്‍ പ്രകാരം പാര്‍ട്ടി പറഞ്ഞു തീര്‍ക്കേണ്ട തരത്തിലുള്ള പരാതിയല്ല. അന്വേഷണ കമ്മിഷനെ നിയോഗിച്ച ശേഷം നടപടിയെടുത്തതാണെന്നു പൊതുവെ പറയാമെങ്കിലും തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സമ്മേളനങ്ങളിലും ഇതു മതിയാകില്ല. എന്താണ് ആക്ഷേപമെന്നും ആര്, എപ്പോള്‍ ഉന്നയിച്ചുവെന്നുമൊക്കെ അംഗങ്ങളോടു വിശദീകരിക്കേണ്ടി വരും. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചതെന്തു കൊണ്ടെന്ന അംഗങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വം വിയര്‍ക്കും. ഗുരുതരമായ ആക്ഷേപമായിട്ടു പോലും നടപടിയെടുക്കാന്‍ ഒരു കൊല്ലത്തോളം വൈകിയതെന്തുകൊണ്ടെന്ന ചോദ്യവും ഉയരും.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനു വേണ്ടവിധത്തില്‍ യുഡിഎഫിനെതിരെ പ്രയോഗിക്കാന്‍ സാധിക്കാതിരുന്നതു ശശിക്കെതിരെ ആക്ഷേപ മുയര്‍ന്നതിനാലും നടപടി വൈകിയതു കൊണ്ടാണെന്നുമുള്ള വാദങ്ങളും അംഗങ്ങള്‍ ഉയര്‍ത്തിയേക്കാം. വിവാദങ്ങള്‍ക്കിടെ ശശി വി.എസ്.അച്യുതാനന്ദനെതിരെ എഴുതിയ തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഏതുതരത്തില്‍ കൈകാര്യം ചെയ്തുവെന്ന ചോദ്യവും സിപിഎം അണികള്‍ക്കുണ്ട്. ശശിക്കെതിരായ പരാതിയുടെ നിയമവശമാണ് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്ന മറ്റൊരു വിഷയം.

ഇത്തരത്തിലുള്ള പരാതികളില്‍ പൊലീസിനു നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളുവെന്നു ചില നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം, പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കാന്‍ പറ്റൂ എന്നാണു പൊലീസിന്റെ നിലപാട്. ആരെങ്കിലും പരാതി നല്‍കുകയോ മൊഴി നല്‍കുകയോ കോടതി നിര്‍ദേശം ലഭിക്കുകയോ ചെയ്യാതെ പൊലീസിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍, പരാതി ഭാവിയില്‍ പൊലീസ് അന്വേഷിക്കാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പൂര്‍ണമായി അവഗണിക്കുന്നില്ല. അതോടൊപ്പം, പരാതി ഒരു വര്‍ഷത്തോളം നിയമപരമായ ഏജന്‍സികളില്‍ നിന്നു മറച്ചുവച്ചുവെന്ന കുറ്റം മറ്റു സിപിഎം നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിനിടെയാണ് കാസര്‍കോടുനിന്നും അതിനുപിന്നാലെ കൊച്ചിയിലും വീണ്ടും ആരോപണം. ഇത് എങ്ങനെ വിശദീകരിക്കുമെന്ന കാര്യത്തില്‍ നേതൃത്വം ഇരുട്ടില്‍ത്തപ്പുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.