Sunday, July 17, 2011

കൈക്കൂലി: അന്വേഷണം തുടങ്ങി

ജയിലില്‍ കഴിയുന്ന വിവാദ സ്വാ മി സന്തോഷ് മാധവന്‍ വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാറിനെതിരേ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര സെക്രട്ടറി കെ. ജയകുമാറാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പരാതിയില്‍ വസ്തുതയുണ്ടെന്നു വ്യക്തമാകുകയാണെങ്കില്‍ പൊലീസ് അന്വേഷണം നടത്തും. 

ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലം നികത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി സന്തോഷ് മാധവനില്‍നിന്നു വി.എ. അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ജൂലൈ അഞ്ചിനാണ് സെന്‍ട്രല്‍ ജയിലില്‍നിന്നു സന്തോഷ് മാധവന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. 

പരാതിയില്‍ അരുണ്‍ കുമാറിനെയും അദ്ദേഹത്തിന്‍റെ സഹായി അഡ്വ. ദീപ്തി പ്രസേനനെയുമാണ് എതിര്‍കക്ഷികളായി ചേര്‍ത്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ വടയാറുള്ള 120 ഏക്കര്‍ പാടം നികത്തുന്നതിനാണ് പണം പറ്റിയതെന്നു സന്തോഷ് മാധവന്‍. 2006 ഒക്റ്റോബര്‍ ഏഴിനു തലയോല പ്പറമ്പിലുള്ള ലോഡ്ജില്‍ ദീപ്തിയും അരുണ്‍ കുമാറും മറ്റു ചിലരും എത്തിയിരുന്നുവെന്നു സന്തോഷ് മാധവന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഒക്റ്റോബര്‍ ഏഴിന് എറണാകുളം എംജി റോഡിലുള്ള ഫെഡറല്‍ ബാങ്കിന്‍റെ ശാഖയില്‍ സന്തോഷ് മാധവന്‍റെ പേരിലുള്ള എ.സി. 8205 നമ്പര്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച 80 ലക്ഷം രൂപയാണ് കൈക്കൂലിയായി നല്‍കിയത്. ഇതില്‍ 70 ലക്ഷം രൂപ അരുണ്‍ കുമാറിന് കറുത്ത ബാഗിലും പത്തു ലക്ഷം രൂപ ബിഗ്ഷോപ്പറില്‍ ദീപ്തിക്കും നല്‍കിയതായി സന്തോഷ് മാധവന്‍ പരാതിയില്‍ ആരോപിക്കുന്നു. 

ഇതിനു ശേഷം പലതവണ സന്തോഷ് മാധവന്‍ വയല്‍ നികത്തല്‍ അനുമതിയെ സംബന്ധിച്ച് അരുണ്‍ കുമാറിനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഒടുവില്‍ പണം തിരികെ ചോദിച്ചെങ്കിലും നല്‍കാനും കൂട്ടാക്കിയില്ല. ഇതിനിടയിലാണ് സന്തോഷ് മാധവന്‍ അറസ്റ്റിലാകുന്നത്. പരാതി നല്‍കുന്നത് ഒഴിവാക്കാന്‍ ഇവര്‍ ശ്രമിച്ചതിന്‍റെ വിശദാംശങ്ങളും സന്തോഷ് മാധവന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ലഭിച്ച പരാതി സന്തോഷ് മാധവനാണ് നല്‍കിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് വഴിയാണ് പരാതി. ഇതു സംബന്ധിച്ചു വിശദാംശങ്ങള്‍ അന്വേഷിച്ചു വ്യക്തമാക്കണമെന്നു ജയില്‍ അധികൃതര്‍ക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ജയില്‍ അധികൃതര്‍ സന്തോഷ് മാധവനില്‍നിന്നു മൊഴിയെടുക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.