Wednesday, July 20, 2011

തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഭരണക്കാരോട്


അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാണ് പഴഞ്ചൊല്ല്. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ 'നാടകം' കണ്ടവര്‍ ഈ പഴഞ്ചൊല്ല് തിരുത്തും. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഭരണക്കാരോടെന്ന് മാറ്റിപ്പറയും.
കെ.എം മാണി ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയുടെ മൂന്നാം വായനയിലാണ്. ചാടിയിറങ്ങി, വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക്. വോട്ടെടുപ്പില്‍ കൃത്രിമം, ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നിങ്ങനെ മുദ്രാവാക്യം, ബഹളം. കാര്യമറിയില്ലെങ്കിലും കൂടെയുള്ളവരില്‍ ചിലരും ചേര്‍ന്നു. ഒടുവില്‍ മുദ്രാവാക്യം മുഴക്കി പുറത്തേക്ക്. വോട്ടെടുപ്പ് വൈകിച്ചെന്നും ഭരണപക്ഷത്തെ എം.എല്‍.എമാര്‍ ചായക്കടയിലും കള്ളുഷാപ്പിലുമായിരുന്നുവെന്നും വി.എസിന്റെ മൊഴി മാധ്യമങ്ങള്‍ ഒപ്പിയെടുത്തു. 
ശരിയാണ്, വോട്ടെടുപ്പ് ആരംഭിക്കുമ്പോള്‍ ഭരണപക്ഷത്ത് രണ്ടംഗങ്ങള്‍ കുറവായിരുന്നു. ദല്‍ഹിയിലായിരുന്ന ഹൈബി ഈഡനും ബന്ധുവിന്റെ മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ടി.യു കുരുവിളയും. അവര്‍ സഭയുടെ അനുമതിയോടെയാണ് വിട്ടുനിന്നത്. ഇവരില്ലെങ്കിലും ഭരണപക്ഷത്തിനല്ലേ സഭയില്‍ മുന്‍തൂക്കം. ഇനി അതല്ല, പ്രതിപക്ഷത്തിനാണ് അംഗങ്ങള്‍ കൂടുതലെങ്കില്‍ വോട്ട് ചെയ്താല്‍ പോരെ. അതൊന്നും ചോദിക്കരുത്. സഭയില്‍ നിന്ന് പോകണം, ഗവര്‍ണറെ കാണണം, നാട്ടുകാരെ പറ്റിക്കണം. അത്രയേ പ്രതിപക്ഷം ആഗ്രഹിച്ചുള്ളൂ. തിരക്കഥയനുസരിച്ച് നാടകം അങ്ങനെ നീണ്ടു. പക്ഷെ ഉമ്മന്‍ചാണ്ടി ഒരുകാര്യം തുറന്നു പറഞ്ഞു; പ്രതിപക്ഷത്തിന് അധികാരം കൈവിട്ടതിന്റെ വെപ്രാളമാണ്, ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണിത്. 
രാവിലെ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആദ്യം വാക്കൗട്ട്. വൈകുന്നേരം ബദല്‍ ധവള പത്രം സഭയുടെ മേശപ്പുറത്തുവെയ്ക്കാനുള്ള തോമസ് ഐസക്കിന്റെ ശ്രമം. സ്പീക്കര്‍ അത് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ബഹളം. ഏതായാലും പതിമൂന്നാം നിയമസഭയുടെ ഒന്നാംസമ്മേളനത്തിന്റെ കൊട്ടിക്കലാശം പ്രതിപക്ഷം കൊഴുപ്പിച്ചുവെന്ന് വേണം പറയാന്‍.  
ധനമന്ത്രി കെ.എം മാണി ധനവിനിയോഗ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നു. അപ്പോള്‍ വെയ്ക്കണം മേശപ്പുറത്ത് ബദല്‍ ധവളപത്രമെന്ന് ഐസക്. അനൗദ്യോഗിക രേഖകള്‍ ചെയറിന്റെ അനുമതിയില്ലാതെ വെയ്ക്കാന്‍ കഴിയുമോയെന്ന് സ്പീക്കറുടെ ചോദ്യം. തുടങ്ങി, ഉടന്‍ ബഹളം. മര്യാദകേടെന്ന് വി.എസ്. സഭയില്‍ അനുമതി നിഷേധിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ വെയ്ക്കുമെന്ന് കോടിയേരി. കാര്യങ്ങളുടെ കിടപ്പുവശം അറിയുന്നതിന് മുമ്പ് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍. ഇതിന്റെ 'കലിപ്പാണ്' തുടര്‍ന്നും സഭയില്‍ കണ്ടത്. ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ നയപ്രഖ്യാപനത്തോടെ ജൂണ്‍ 24-ന് ആരംഭിച്ച ബജറ്റ് സമ്മേളനം കേരള ധനവിനിയോഗ ബില്ലിന്റെ അനുബന്ധ നടപടികളോടെയാണ് ഇന്നലെ സമാപിച്ചത്. പതിമൂന്നാം നിയമസഭയില്‍ ഏറ്റവുമധികം സബ്മിഷനുകള്‍ അവതരിപ്പിക്കപ്പെട്ടതും ഇന്നലെയായിരുന്നു. പട്ടികയിലുണ്ടായിരുന്ന 54 സബ്മിഷനുകളില്‍ 52 എണ്ണം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളായ ഇ.പി ജയരാജനും രാജു എബ്രഹാമും സബ്മിഷന്‍ അവതരിപ്പിക്കേണ്ട സമയത്ത് സീറ്റിലുണ്ടായിരുന്നില്ല. സമയബന്ധിതമായി സബ്മിഷനുകള്‍ പൂര്‍ത്തിയാക്കാന്‍ മറ്റ് അംഗങ്ങള്‍ കാട്ടിയ സഹകരണത്തിന് സ്പീക്കറുടെ പ്രത്യേക അഭിനന്ദനം. രാസവളത്തിന്റെ വിലനിയന്ത്രണാധികാരം കമ്പനികളെ ഏല്‍പ്പിച്ച കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ മുല്ലക്കര. വിഷയം ഗൗരവമായതിനാല്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൂട്ടായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍.
 
കര്‍ഷകരെ ദ്രോഹിക്കുന്നവര്‍ നരകത്തില്‍ പോകുമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നരകത്തിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ടും വിസയുമെടുത്ത് കാത്തിരിക്കുകയാണെന്ന് വീണ്ടും മുല്ലക്കര. കേന്ദ്രസര്‍ക്കാരല്ല, മുന്‍ കൃഷിമന്ത്രിയായ മുല്ലക്കര തന്നെയാകും  ആദ്യം നരകത്തില്‍ പോവുകയെന്ന് കെ.പി മോഹനന്‍ തിരിച്ചടിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ കഴിയാത്ത മന്ത്രിയാണ് രത്‌നാകരനെന്നും മന്ത്രി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക പാക്കേജിന്റെ ഗുണഫലങ്ങള്‍ കാണാതെ, രാസവളത്തിന്റെ പ്രശ്‌നം പോലെ ഏതെങ്കിലും ഒരുവിഷയം മാത്രം അടര്‍ത്തിയെടുത്തു കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. അതൊന്നും അംഗീകരിക്കില്ല, ഞങ്ങള്‍ ഇറങ്ങിപ്പോവുക തന്നെ ചെയ്യുമെന്ന് വി.എസ്. കുടുംബശ്രീയ്ക്ക് നല്‍കിവരുന്ന സംരക്ഷണം ഇനിയും നല്‍കുമെന്ന ഉറപ്പാണ് കെ.സി ജോസഫിന് സഭയെ അറിയിക്കാനുണ്ടായിരുന്നത്. ആരെങ്കിലും അങ്ങനെയല്ലെന്ന് വിചാരിച്ചാല്‍ അത് തിരുത്തിക്കോട്ടെ എന്ന് കരുതിയാകണം കെ.സി ഇക്കാര്യം തുറന്നുപറഞ്ഞത്. പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമിയുടെ ശാഖയില്ലെന്ന പരാതി ഷാഫി പറമ്പില്‍ പറഞ്ഞപ്പോള്‍, കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരളയുടെ ഒരു ബ്രാഞ്ച് ആരംഭിക്കാനുള്ള നടപടിയെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി. 
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനെക്കുറിച്ച് കെ.എസ് സലീഖ വേവലാതിപ്പെട്ടു. ഒരു കൊലപാതകം നടന്ന് പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണമില്ലെന്ന്  അബ്ദുറഹ്മാന്‍ രണ്ടത്താണി. താനൂര്‍ മണ്ഡലത്തിലെ ഷമീര്‍ ബാബുവിന്റെ കൊലപാതകമാണ് വിഷയം. ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുമെന്നും മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയതോടെ സന്തോഷം. രണ്ടത്താണി സീറ്റിലിരുന്നു.
 
ചില എന്‍.ജി.ഒകളാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ത് എന്നകാര്യത്തില്‍ സുനില്‍കുമാറിന് സംശയമില്ല. വള്ളുവനാട് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ ഒറ്റപ്പാലം താലൂക്കിനെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണം- ഈ ഒരാവശ്യമാണ് ബല്‍റാമിനുള്ളത്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷണ ഫണ്ട് തിരിമറി സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ശിവന്‍കുട്ടി. വി.എസ് അച്യുതാനന്ദന്റെ മകള്‍ ഡോ. ആശയുടെ ഗവേണഷത്തെക്കുറിച്ച് വിവാദമുണ്ടായത് മനസില്‍ വെച്ചാകണം വി. ശിവന്‍കുട്ടിയുടെ സബ്മിഷന്‍. പക്ഷെ മുഖ്യമന്ത്രി പിടികൊടുത്തില്ല. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മറുപടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഴിമതി സര്‍ക്കാര്‍ കാണാതെ പോകരുതെന്ന് അബ്ദുള്ളക്കുട്ടി. നാടാര്‍ സമുദായത്തിന് വേണ്ടി പറയാന്‍ ഞാനേയുള്ളൂ എന്ന മട്ടിലായിരുന്നു ജമീലാ പ്രകാശം. സമുദായങ്ങള്‍ക്ക് മുഴുവന്‍ സംവരണം, സമുദായാചാര്യന്‍ വൈകുണ്ഠസ്വാമികളുടെ ജന്മദിനത്തില്‍ പൊതു അവധി, അദ്ദേഹത്തിന് ഉചിതമായ സ്മാരകം തുടങ്ങിയവ അംഗീകരിച്ചേ പറ്റൂ. അവധി നല്‍കുന്ന കാര്യത്തില്‍ സാങ്കേതിക തടസമുണ്ടെന്ന് മുഖ്യമന്ത്രി. സംവരണം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാം, 
പ്രതിമസ്ഥാപിക്കുന്നതില്‍ അനുകൂല നിലപാട് എടുക്കാം -മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ ജമീലയ്ക്ക് ദീര്‍ഘനിശ്വാസം. 
തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്‌തേ തീരുവെന്ന് മാത്യു ടി തോമസ്. തിരുവല്ലയില്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഇത്തരം വാഹനങ്ങള്‍ കിടക്കുന്നുണ്ടെന്ന് സ്പീക്കറുടെ ഓര്‍മ്മപ്പെടുത്തല്‍. നാല് മെഡിക്കല്‍ കോളേജ് അനുവദിച്ച സര്‍ക്കാര്‍ പാലക്കാട് അനുവദിക്കാതിരുന്നത് ശരിയായില്ലെന്ന് ചെന്താമരാക്ഷന്‍.  പുതിയവ തുടങ്ങട്ടെ, അടുത്തത് പാലക്കാടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടിയതോടെ ചെന്താമരാക്ഷന്റെ മുഖത്ത് ചാരിതാര്‍ത്ഥ്യം. 

മറുമൊഴി: കര്‍ഷകരെ ദ്രോഹിക്കുന്നവര്‍ നരകത്തില്‍ പോകുമെങ്കില്‍ ആദ്യം നരകത്തിലെത്തുന്നത് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനായിരിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.