Saturday, July 23, 2011

അരുണിനെചൂണ്ടി വി എസിനെ വെട്ടല്‍ ഔദ്യോഗികപക്ഷ തന്ത്രം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ഉടന്‍ തുടങ്ങുന്ന പ്രാദേശിക സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ മുഖ്യ ആയുധം വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍. ഇപ്പോള്‍ മിണ്ടാതിരിക്കുന്ന ഔദ്യോഗിക പക്ഷം ഇത്‌ വ്യക്തമായ തന്ത്രമായിത്തന്നെ സ്വീകരിച്ചുകഴിഞ്ഞു. കേരളത്തിലെന്നല്ല, രാജ്യത്തുതന്നെ സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനെതിരേ ഇത്ര കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വി എസ്‌ പക്ഷത്തിന്റെ വായടപ്പിക്കാനാണ്‌ തയ്യാറെടുപ്പ്‌. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള തിരിച്ചുവരവിന്‌ വി എേസാ, അദ്ദേഹത്തിന്റെ പക്ഷമോ നടത്താനിടയുള്ള നീക്കങ്ങള്‍ തടയാന്‍ ഇതിലും നല്ല ആയുധമില്ലെന്നുറപ്പിച്ചുതന്നെയാണു നീക്കം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ വിവാദ പൂജാരി സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ അയച്ച കത്തും കൊല്ലം എഴുകോണ്‍ സ്വദേശി സന്തോഷ്‌കുമാര്‍ കൊട്ടാരക്കര കോടതിയില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പുമുള്‍പ്പെടെയുള്ള പുതിയ വിവരങ്ങളും ഔദ്യോഗിക പക്ഷം ശേഖരിച്ചുകഴിഞ്ഞു. വൈക്കത്ത്‌ 120 ഏക്കര്‍ വയല്‍ കൈമാറുന്നതിന്‌ തടസങ്ങള്‍ നീക്കിത്തരാമെന്നു വാഗ്‌ദാനം ചെയ്‌ത്‌ 70 ലക്ഷം രൂപ അരുണ്‍ വാങ്ങിയെന്നാണ്‌ സന്തോഷ്‌ മാധവന്റെ പരാതി. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കു വേണ്ടി അഞ്ചു ലക്ഷം വാങ്ങിയിട്ട്‌ തിരിച്ചുകൊടുത്തില്ലെന്നാണ്‌ സന്തോഷ്‌കുമാറിന്റെ പരാതി.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ എഴുതിക്കൊടുത്ത 11 ആരോപണങ്ങള്‍, പി സി വിഷ്‌ണുനാഥ്‌ നിയമസഭയില്‍ ഉന്നയിച്ച ഐസിടിയുമായി ബന്ധപ്പെട്ട ആരോപണം എന്നിവയും പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ക്കുവേണ്ടി ഉപയോഗിക്കും. ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആരോപണങ്ങളില്‍ ലോട്ടറിക്കേസുമായി ബന്ധപ്പെട്ടത്‌ ഒഴികെയുള്ളവയില്‍ വിജിലന്‍സ്‌ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ലോട്ടറിക്കേസ്‌ സിബിഐ ആണ്‌ അന്വേഷിക്കുന്നത്‌. ഐസിടി വിവാദത്തില്‍ നിയമസഭാ സമിതി രൂപീകരിച്ചുകഴിഞ്ഞു. സന്തോഷ്‌ മാധവന്റെ കത്തിന്റെ അടിസ്ഥാനത്തിലും മറ്റൊരു അന്വേഷണമുണ്ടാകും. ഇത്രയധികം അന്വേഷണങ്ങള്‍ നേരിടുന്ന മറ്റൊരു നേതാവിന്റെ മകനും പാര്‍ട്ടിയില്‍ ഇല്ലെന്നും കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രിയുടെ മകനെതിരേയും ഇത്രയധികം അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിഎസിനെ പൂട്ടാനാണ്‌ ഉദ്ദേശം.
അരുണ്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഡയറക്ടറായി നിയമിച്ചുവെന്നാണ്‌ വിഷ്‌ണുനാഥ്‌ ആരോപിച്ചത്‌. വി എസ്‌ അതു നിഷേധിച്ചതിനെത്തുടര്‍ന്ന്‌ സഭാസമിതി അന്വേഷണം വിഷ്‌ണുനാഥ്‌ ആവശ്യപ്പെടുകയായിരുന്നു. സഭാസമിതി അന്വേഷിക്കട്ടെ എന്ന്‌ വി എസ്‌ നേരത്തേ വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ അഡ്വ: ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ തന്നില്‍ നിന്ന്‌ 80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ കഴിഞ്ഞയാഴ്‌ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ സന്തോഷ്‌ മാധവന്‍ കത്തയച്ചത്‌. 120 ഏക്കര്‍ വയല്‍ നികത്താനുള്ള അനുമതി നേടിത്തരാമെന്ന്‌ ഉറപ്പു നല്‍കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഇവര്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ്‌ കത്തിലെ ആരോപണം. അരുണിന്‌ 70 ലക്ഷവും ദീപ്‌തിക്ക്‌ 10 ലക്ഷവുമാണത്രേ കൊടുത്തത്‌. എന്നാല്‍ കാര്യം നടന്നില്ല. പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന്‌ ദീപ്‌തി ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ തനിക്കെതിരേ കേസുകള്‍ ഉണ്ടായതിനു പിന്നില്‍ ഇവരാണെന്നും ഭരണം മാറിയതുകൊണ്ടാണ്‌ ഇപ്പോള്‍ നീതികിട്ടുമെന്ന്‌ പ്രതീക്ഷിച്ച്‌ പരാതി അയയ്‌ക്കുന്നത്‌ എന്നുമാണ്‌ കത്തില്‍ പറയുന്നത്‌. പരാതി വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷിപ്പിച്ചാല്‍ മുഴുവന്‍ തെളിവുകളും നല്‍കാമെന്നും അഞ്ച്‌ പേജുള്ള കത്തില്‍ സന്തോഷ്‌ മാധവന്‍ പറയുന്നു. ഇത്‌ വളരെ ഗൗരവത്തിലാണ്‌ പാര്‍ട്ടി നേതൃത്വം എടുത്തിരിക്കുന്നത്‌. മകന്റെ ക്രമവിരുദ്ധ നടപടികള്‍ക്കെല്ലാം അച്‌ഛന്റെ പിന്തുണയുണ്ടെന്ന്‌ ആരോപിച്ച്‌ വിഎസ്‌ പക്ഷത്തെ നിര്‍വീര്യമാക്കാനാണ്‌ ഔദ്യോഗിക പക്ഷം കരുനീക്കുന്നത്‌.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്ക്‌ ഇന്റലിജന്‍സ്‌ മുഖേന ലഭിച്ച നിരവധി വിവരങ്ങളും പാര്‍ട്ടി സമ്മേളനങ്ങളില്‍ അരുണിനും വിഎസിനും വിനയാകും.സംസ്ഥാനത്ത്‌ ഏറ്റവുമധികം ഭൂമി പലയിടത്തായി വാങ്ങിക്കൂട്ടിയിരിക്കുന്നത്‌ അരുണ്‍കുമാറാണെന്ന്‌ ഔദ്യോഗിക പക്ഷത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വിഴിഞ്ഞത്തും കൊച്ചിയിലും ഉള്‍പ്പെടെയാണിത്‌. ഈ സമ്മേളനങ്ങളില്‍ ഉയരാവുന്ന ആരോപണങ്ങള്‍ നേരിടാന്‍ വിഎസിന്‌ കഴിയാത്ത വിധം ശക്തമാണ്‌ മകനെതിരായ തെളിവുകള്‍

No comments:

Post a Comment

Note: Only a member of this blog may post a comment.