Sunday, July 31, 2011

വിലക്ക് കടന്നു വി.എസ് ബെര്‍ലിനില്‍: പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാകുന്നു


സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറയാതെ പറഞ്ഞകാര്യങ്ങള്‍ ലംഘിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാനെത്തിയത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍്ച്ചാവിഷയമാകുന്നു. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കരുതെന്ന പിണറായി വിജയന്റെ വിലക്ക് ഒരര്‍ത്ഥത്തില്‍ സന്ദര്‍ശനം വേണ്ടെന്ന സൂചനകൂടിയായിരുന്നു. എന്നാല്‍ കുഞ്ഞനന്തനെ സന്ദര്‍ശിക്കുക മാത്രമല്ല, വിലക്കുണ്ടെന്നു പരസ്യമായി പറഞ്ഞു പാര്‍ട്ടിയേയും സെക്രട്ടറിയേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ് വി.എസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ വീണ്ടുമൊരു പടപ്പുറപ്പാടാണ് വി.എസിന്റെ ലക്ഷ്യമെന്നും സന്ദര്‍ശനം വ്യക്തമാക്കുന്നു.

കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി വി.എസ്സിനെ വിലക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. ഫലത്തില്‍, ബര്‍ലിനെ വീട്ടില്‍ പോയി കാണുന്നതിനെ പരോക്ഷമായി എതിര്‍ക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വം. ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് തനിക്ക് പാര്‍ട്ടി വിലക്കുണ്ടെന്ന് വി.എസ് പത്രലേഖകരുടെ മുന്നില്‍ പരസ്യമായാണ് പറഞ്ഞത്. ഈ തുറന്നുപറച്ചില്‍ വി.എസ്സിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ഒരേസമയം പാര്‍ട്ടിയെ അനുസരിക്കുകയും ഭംഗിയായി എതിര്‍ക്കുകയും ചെയ്യുന്ന തന്ത്രമായി വി.എസ്സിന്റെത്. സി.പി.എമ്മിലെ കടുത്ത വിഭാഗീയതയ്ക്ക് തുടക്കമിട്ട പ്രത്യയശാസ്ത്ര വിവാദത്തിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഒരേയൊരാളാണ് അദ്ദേഹം.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ആറുവര്‍ഷം മുമ്പാണ് അദ്ദേഹത്തെ പുറത്താക്കിയത്. അസുഖബാധിതനായ പഴയകാല നേതാവിനെ സന്ദര്‍ശിക്കുന്നതും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതും തടയുന്നത് ഔദ്യോഗികപക്ഷത്തിന്റെ വില കുറഞ്ഞ നീക്കമായിപ്പോയെന്ന് വി.എസ് പറയാതെപറഞ്ഞുവെക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ കുഞ്ഞനന്തന്‍ നായരുമായി രഹസ്യസംഭാഷണം നടത്തിയ ശേഷമാണ് വി.എസ് മടങ്ങിയത്. ഉടന്‍തന്നെ രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ബര്‍ലിന്‍ വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാന്‍ പോകുന്ന രാഷ്ട്രീയ നീക്കം എന്താണെന്ന് രഹസ്യസംഭാഷണത്തിനുശേഷം ബര്‍ലിന്‍ പത്രലേഖകരോട് തുറന്നുപറഞ്ഞു. ഇനിയുള്ള സമരം മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരെ തുറന്നു കാട്ടാനുള്ളതാണ്.

സമ്മേളനത്തിനുശേഷം വീണ്ടും വി.എസ് ഒരു തടസ്സവുമില്ലാതെ ഇവിടെ വരുമെന്ന് എനിക്കുറപ്പുണ്ട്. 14 കൊല്ലക്കാലം ഈ പ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു പിണറായി വിജയന്‍. ആ മുതലാളിത്ത ദത്തുപുത്രനെ തുറന്നുകാട്ടാനുള്ള സമരമാണിനി. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അത് പ്രതിഫലിക്കുക തന്നെ ചെയ്യുംബര്‍ലിന്‍ ഇത് പറയുമ്പോള്‍ വി.എസിന്റെ വാഹനം ഗേറ്റു കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ഥ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പുതിയ സമരമുന്നണി അടുത്തുതന്നെ ഉണ്ടാകുമെന്നും അതിന്റെ ലക്ഷ്യം തന്നെയാണ് വി.എസ്സിന്റെ ഈ സന്ദര്‍ശനമെന്നും ബര്‍ലിന്‍ പറഞ്ഞു. മുമ്പ് പി.ശശി സെക്രട്ടറിയായ കണ്ണൂര്‍ ലോബി വി.എസ്സിനെ അടുപ്പിക്കില്ലായിരുന്നു. പി.ശശിയും പി.ജയരാജനും മറ്റുമടങ്ങിയ കോക്കസാണ് അതിന് ചുക്കാന്‍പിടിച്ചത്.

പക്ഷേ, ഇന്ന് ശശിയെവിടെ എന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ട്കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. അതേ സമയം, ബര്‍ലിന്റെ വിട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് പാര്‍ട്ടി വിലക്കിയതായുള്ള വാര്‍ത്ത ജില്ലയിലെ ഔദ്യോഗികപക്ഷത്തിന് ക്ഷീണമായി. മുഴുവന്‍ പത്രങ്ങളും ഇത് വലിയ വാര്‍ത്തയാക്കി. വി.എസ് ആണെങ്കില്‍ തന്റെ വിമര്‍ശകരെ അടിക്കാനുള്ള വടിയാക്കി ഇതിനെ ബുദ്ധിപൂര്‍വം മാറ്റുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങളില്‍ വീണ്ടും പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ ചൂടുപിടിപ്പിക്കാനും ഇത് കാരണമാകും. വെള്ളിയാഴ്ച കണ്ണൂരിലെത്തിയ വി.എസ്സിന്റെ ആദ്യത്തെ പരിപാടി മുല്ലക്കൊടിയിലെ സി.ആര്‍.സി വായനശാലയുടെ ഒന്നാംനില കെട്ടിടം ഉദ്ഘാടനമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ പൂര്‍ത്തിയായ കെട്ടിടം അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ഭാരവാഹികളുടെ താത്പര്യം. എന്നാല്‍ വി.എസ് ഉദ്ഘാടനം ചെയ്യുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരന്നുവത്രെ. അതിനാലാണ് ഉദ്ഘാടനം മാറ്റിയത്. ആ മാറ്റിവെച്ച ഉദ്ഘാടനത്തിനാണ് വി.എസ് എത്തിയത്. അതിനുശേഷമായിരുന്നു സന്ദര്‍ശനം.

സൗഹൃദം പഞ്ഞ ശേഷം ഭക്ഷണത്തിനായി ബെര്‍ലിന്‍ വി.എസിനെ ക്ഷണിക്കുന്നതോടെയാണ് നാടകീയസംഭാഷണങ്ങള്‍ അരങ്ങേറിയത്. ടീപ്പോയില്‍ നിരത്തിവെച്ച മധുരനാരങ്ങയും ചെറുപഴവും ഉള്‍പ്പടെയുള്ള ഭക്ഷണം കഴിക്കാന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ക്ഷണിച്ചപ്പോള്‍ അച്യുതാന്ദന്‍ ഉറപ്പിച്ചുപറഞ്ഞു 'ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ട്. അതിനാല്‍ ഇതിന്റെ അടുത്ത് ഇരിക്കുകമാത്രം ചെയ്യാം'. 'ഒരു ഇളനീര്‍ കഴിച്ചുകൂടെ' കസേരയിലിരുന്ന വി.എസിനോട് ബര്‍ലിന്റെ ചോദ്യം. ഭക്ഷണത്തിന് വിലക്കുണ്ടെങ്കിലും ഇളനീര്‍ കഴിക്കാം എന്നുപറഞ്ഞ് വി.എസ് ഇളനീര്‍ മാത്രം കുടിച്ചു. വി.എസ്സിനെ നേരത്തെ കുഞ്ഞനന്തന്‍ നായര്‍ വീട്ടില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പുണ്ടായിരുന്നു. അക്കാര്യം സംസ്ഥാന നേതൃത്വത്തെ അവര്‍ അറിയിച്ചു. ബര്‍ലിന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കരുതെന്ന് ഉന്നതനേതാക്കള്‍ വി.എസ്സിനോട് പറഞ്ഞു.

അതിനാല്‍ വി.എസ്. വരാനിടയില്ലെന്ന് വി.എസ്സുമായി ബന്ധപ്പെട്ടവര്‍ കുഞ്ഞനന്തന്‍ നായരെ വ്യാഴാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുല്ലക്കൊടിയിലേയും കുറ്റിയാട്ടൂരിലേയും പരിപാടികള്‍ക്കുശേഷം വി.എസ്. നേരെ ബര്‍ലിന്റെ വീട്ടിലെത്തി. 'വീട്ടില്‍ വരുന്നതിന് വിലക്കുണ്ടായിരുന്നോ' എന്ന പത്രലേഖകരുടെ ചോദ്യത്തിന് 'ഇല്ല' എന്നാണ് വി.എസ്. പറഞ്ഞത്. അതേസമയം ഭക്ഷണം കഴിക്കുന്നതില്‍ വിലക്കുണ്ടെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. 'ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും ഒരുനാള്‍ വന്ന് കഴിക്കുമെന്നും' വി.എസ് പറഞ്ഞു. 'പാര്‍ട്ടിക്കുവേണ്ടി ഒരുപാട് ത്യാഗം ചെയ്തതാണ് ഞാന്‍. എന്റെ വീട്ടില്‍ എ.കെ.ജിയും പി.കൃഷ്ണ പിള്ളയും പിണറായി വിജയനും താമസിച്ചിട്ടുണ്ട്. ആ വീട്ടില്‍ വരുന്നതില്‍നിന്നാണ് ചില നേതാക്കള്‍ വി.എസ്സിനെ വിലക്കിയത്. പക്ഷേ, വി.എസ്. വന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്. ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിച്ചല്ലോ. അതുമതി'വി.എസ്. മടങ്ങിയശേഷം ബര്‍ലിന്‍ പത്രലേഖകരോട് പറഞ്ഞു. 'അദ്ദേഹത്തിന്റെ സന്ദര്‍ശനം ഈ പ്രായത്തിലും എനിക്ക് പുതിയ ആവേശം തരുന്നുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം.പി.പരമേശ്വരനെയും ഡോ. ഇക്ബാലിനെയും കാണുന്നതിന് തടസ്സമില്ല.

ഒന്നാംപാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത എന്നെ കാണുന്നത് തടയുന്നത് ക്രൂരമാണ്. പിണറായി വിജയനെപ്പോലുള്ള മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാര്‍ ഈ പാര്‍ട്ടിയെ തകര്‍ക്കും. ഇതിനെതിരെയാണ് വി.എസ് പൊരുതുന്നത്' ബര്‍ലിന്‍ പറഞ്ഞു. വി.എസ്സിന് കൊടുക്കാനായി ഇളനീര്‍ ഇടാന്‍ വരാമെന്നുപറഞ്ഞ ആളെപ്പോലും വിലക്കിയെന്ന് പറഞ്ഞാല്‍ എന്തു ക്രൂരതയാണ്? ബര്‍ലിന്‍ ചോദിച്ചു. കുറ്റിയാട്ടൂരിലെ പരിപാടി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് വി.എസും ജെയിംസ് മാത്യു എം.എല്‍.എയും നാറാത്തെത്തിയത്. കണ്ട ഉടനെ വി.എസ്സും ബര്‍ലിനും കെട്ടിപ്പിടിച്ചു. ഇതിനിടെ ബര്‍ലിന്റെ ഭാര്യ വി.എസ്സിന്റെ കാല്‍തൊട്ടുവന്ദിക്കുകയും ചെയ്തു. വെറും 20 മിനിട്ട് മാത്രമേ വി.എസ് അവിടെയുണ്ടായിരുന്നുള്ളു. അതിനിടെ 10 മിനിട്ട് ഇരുവരും അടച്ചിട്ട മുറിയിലിരുന്ന് രാഷ്ട്രീയകാര്യങ്ങളും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു. പാടിക്കുന്ന് രക്തസാക്ഷികളുടെ ചോര വീണു ചുവന്ന മുല്ലക്കൊടി ഗ്രാമത്തിന് ആവേശമായി വി.എസ്. അച്യുതാനന്ദന്‍ എത്തി. മുല്ലക്കൊടിയുടെ അക്ഷരഗോപുരമായ സിആര്‍സി വായനശാലയുടെ വിപുലീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം ഉല്‍സവാന്തരീക്ഷത്തില്‍ വി.എസ്. നിര്‍വഹിച്ചു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മുല്ലക്കൊടിയില്‍ പണിതീര്‍ന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും വി.എസിന്റെ സൗകര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സി.ആര്‍.സി വായനശാല. പുതിയ തലമുറയെ വായനയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇനിയും വൈകരുതെന്നു വി.എസ്. ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. വായന മരിക്കുമ്പോഴാണ് അരാഷ്ട്രീയവും ഭീകരപ്രവര്‍ത്തനവും ഉണ്ടാവുന്നത്. വായനശാലകള്‍ നാടിന്റെ ദീപസ്തംഭങ്ങളാണ്. ഒട്ടേറെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കു വായനശാലകള്‍ വഴിയൊരുക്കിയിട്ടുണ്ട് - വി.എസ്. പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തു ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണെന്നും വി.എസ്. ആരോപിച്ചു. ഒരു ഭാഗത്തു കുംഭകോണങ്ങളുടെയും ഒരു ഭാഗത്തു ജനദ്രോഹ നയങ്ങളുടെയും ഘോഷയാത്രയാണ്. മാവേലി സ്‌റ്റോറുകളില്‍ പോലും സാധനങ്ങള്‍ക്കു ക്രമാതീതമായി വിലകൂട്ടുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളുടെ അഭാവം കൊണ്ടു ശ്രദ്ധേയമായ വേദിയില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. അതേസമയം അതിനിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കുമ്പോള്‍ ഗ്രൂപ്പു സമവാക്യങ്ങളിലെ അപ്രതീക്ഷിത ധ്രുവീകരണങ്ങള്‍ സി.പി.എം കേരളഘടകത്തില്‍ നിര്‍ണായകമാകുന്നു. പാര്‍ട്ടിയുടെ ചെങ്കോട്ടയായ കണ്ണൂരായിരിക്കും ഇത്തവണ ചര്‍ച്ചകളുടെ ഫോക്കസെന്ന് ഉറപ്പായി. പി.ശശി മുതല്‍ പരിയാരം വരെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണു കണ്ണൂര്‍ ലോബി സംഭാവന ചെയ്തിരിക്കുന്നത്. മിക്കവാറും വിഷയങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലെന്നത് പരസ്യമായി. വി.എസ്പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന മുന്‍കാല അനുഭവങ്ങള്‍ തിരുത്തിയെഴുതപ്പെടുമെന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അഴിമതി മുതല്‍ വികസനം വരെയുള്ള വിഷയങ്ങളില്‍ രണ്ടു ചേരിയായി നിന്നുള്ള ആശയപ്പോരാട്ടത്തിനു ഇപ്പോള്‍ തന്നെ കളമൊരുങ്ങിയിട്ടുണ്ട്.

സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തിസ്രോതസായ കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്തിരിക്കുന്ന വിള്ളല്‍ സമ്മേളനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വമൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ ആയിരിക്കും ഔദ്യോഗികപക്ഷത്തിനു നേരിടേണ്ടി വരിക. വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനു കേന്ദ്രനേതൃത്വത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും തലവേദന സൃഷ്ടിക്കാന്‍ കാരണമായേക്കാം. വി.എസ് പക്ഷത്തെ ഏറെക്കുറെ അമര്‍ച്ച ചെയ്ത കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണു സംസ്ഥാന ഘടകത്തില്‍ ധ്രുവീകരണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു പ്രകടമായിത്തുടങ്ങി. ഈ സാഹചര്യത്തിലാണു വി.എസ്പിണറായി പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കഴിഞ്ഞ സമ്മേളനക്കാലങ്ങളില്‍ നിന്നും ഇത്തവണ വ്യത്യസ്തമാകുമെന്നു വിലയിരുത്തപ്പെടുന്നത്.

കണ്ണൂരില്‍നിന്നുയര്‍ന്ന വിവാദങ്ങള്‍ സമ്മേളനങ്ങളെ ആശയസംഘര്‍ഷ വേദികളാക്കുമ്പോള്‍ അവിടെനിന്നുള്ള പ്രതിനിധികളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരെ സ്വാധീനിച്ചേക്കാനും ഇടയുണ്ട്. പി. ശശി വിഷയം, വി.എസിന്റെ സ്ഥാനാര്‍ഥിത്വം, പരിയാരം മെഡിക്കല്‍ കോളജ് പ്രശ്‌നങ്ങളിലാണ് കണ്ണൂര്‍ നേതാക്കള്‍ പ്രധാനമായും വ്യത്യസ്ത അഭിപ്രായം വച്ചുപുലര്‍ത്തുന്നത്. പിണറായി വിജയനൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ നേതാക്കള്‍ പി.ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടെയാണു പലവഴി പിരിഞ്ഞത്. ശശിയെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതു കണ്ണൂരില്‍ നിന്നു തന്നെയുള്ള നേതാക്കളായിരുന്നു. വി.എസ്.അച്യുതാനന്ദന് പ്രസ്താവനകളിലൂടെ രംഗം കൊഴുപ്പിക്കേണ്ട നിയോഗം മാത്രമാണ് ഉണ്ടായിരുന്നത്. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിനുള്ള വിമുഖതക്കെതിരേ അടിത്തട്ടില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇക്കാര്യം സെപ്തംബറില്‍ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളോടെ മുഴങ്ങുമെന്നുറപ്പാണ്.

വി.എസ് പക്ഷത്തിന്റെ ആരോപണങ്ങളെ വിഭാഗീയമെന്നു പറഞ്ഞു ചെറുക്കുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം മാളത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍. വി.എസിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും കണ്ണൂരില്‍നിന്നും അപ്രതീക്ഷിതമായ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. അച്ചടക്കത്തിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും നടന്ന വി.എസ് അനുകൂലപ്രകടനങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി.ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമ്മിറ്റികളില്‍ വി.എസിന് അനുകൂലമായ നിലപാടു സ്വീകരിച്ചു. ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തനായ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പരസ്യമായ പ്രതിഷേധം അണികള്‍ പ്രകടിപ്പിച്ചു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സംസ്ഥാന നേതൃത്വം

No comments:

Post a Comment

Note: Only a member of this blog may post a comment.