Thursday, July 28, 2011

പിണറായി വിഭാഗം കണ്ടെത്തി: കോട്ടമുറിക്കലിനെതിരേയുള്ള മൂവര്‍സംഘത്തെ


ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ സി.പി. എം. സംസ്ഥാന കമ്മറ്റിയിലെ ത്രിമൂര്‍ത്തികള്‍. ആശുപത്രി, കള്ള്, റിയല്‍ എസ്‌റ്റേറ്റ് ബന്ധമുള്ള മൂവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ഔദ്യോഗികവിഭാഗം കണ്ടെ്ത്തിയിരിക്കുകയാണിപ്പോള്‍. ഇവരെ പൂട്ടാനുള്ള മറുതന്ത്രങ്ങളും സജീവമായതോടെ മുമ്പെങ്ങുമില്ലാത്തവണ്ണം ബലപരീക്ഷണത്തിലാണ് പാര്‍ട്ടി. തിരിച്ചടിയുടെ ഭാഗമായി ഈ മൂന്നുനേതാക്കള്‍ക്കുമെതിരേ ആരോപണങ്ങളും ഉടന്‍ ഉയര്‍ന്നുവരും. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ക്കണ്ട് നേതൃത്വത്തിന് മുന്നില്‍ പരാതി എത്തിച്ചതും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും മൂവര്‍ സംഘത്തിലെ ഒരാളാണെന്ന തെളിവുകള്‍ ഔദ്യോഗികവിഭാഗം ശേഖരിച്ചുകഴിഞ്ഞു. വി.എസ്. ഗ്രൂപ്പിന് മുന്‍തൂക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും സ്വഭാവദൂഷ്യ ആരോപണവുമായി രംഗത്തെത്തിയവരെ സരോജിനി ബാലാനന്ദനും എം.സി. ജോസഫൈനും അടക്കമുള്ളവര്‍ കൈവിട്ടതിന് പുറമെ ഇവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

കേന്ദ്ര കമ്മിറ്റി നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പു നേതൃത്വത്തിന്റെ പാലമായി പ്രവര്‍ത്തിച്ചിരുന്ന ജോസഫൈന്റെ പ്രതികരണം ഗ്രൂപ്പു നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ക്ക് മുന്നൊരുക്കം നടത്തിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ശര്‍മ്മയും ചന്ദ്രന്‍പിള്ളയും ജില്ലാ കമ്മിറ്റയില്‍ മൗനം പാലിച്ചതും കെ. എന്‍. രവീന്ദ്രനാഥും പി.എം. ഇസ്മയിലുമടക്കമുള്ളവര്‍ ജില്ലാ സെക്രട്ടറിക്ക് അനുകൂലമായി നിലയുറപ്പിച്ചതും ആരോപണത്തിനെതിരെ ഗ്രൂപ്പില്‍ നിന്നു തന്നെയുള്ള താക്കീതായി. എ.പി. വര്‍ക്കി മിഷന്‍ ആശുപത്രി, കള്ളുഷാപ്പ് സഹകരണസംഘം, നെടുമ്പാശേരി ഭൂമി ഇടപാട് എന്നിവയയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം. ഈ വിഷയങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ക്കായി അജണ്ട വച്ച് യോഗം വിളിച്ചത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. പാര്‍ട്ടി സമ്മേളനകാലത്ത് ഇത്തരം സംഭവങ്ങള്‍ക്ക് തങ്ങള്‍ക്ക് വിനയാകുമെന്ന തിരിച്ചറിവിലുമാണ് ഇവര്‍.

എ. പി. വര്‍ക്കി മിഷന്‍ ആശുപത്രിയുടെ 60 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ ട്രസ്റ്റിനെ മറയാക്കി ചിലര്‍ കൈവശം വച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്ത നാളില്‍ ആരോപണമുയര്‍ന്നിരുന്നു. ഇത് നിയമാനുസൃതം വിട്ടുനല്‍കണമെന്ന കര്‍ശന നിലപാടിലായിരുന്നു സംസ്ഥാന–ജില്ലാ നേതൃത്വങ്ങള്‍.  എസ്. ശര്‍മ്മ ചെയര്‍മാനായ സമിതിയാണ് ഭരണം നടത്തുന്നത്. ഇവരില്‍ ചിലരുടെ പേരില്‍ പാര്‍ട്ടിചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ചില രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഇത് മാറ്റണമെന്ന പിടി വാശിയിലായിരുന്നു ജില്ലാ സെക്രട്ടറി. വി. എസ്. അനുകൂലികളും ഇതിനെ പിന്‍തുണച്ചു. എ.പി. മിഷന്‍ ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അജണ്ട വച്ച് യോഗം വിളിപ്പിച്ചത് ത്രമൂര്‍ത്തികളെ അങ്കലാപ്പിലാക്കി. തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം ചാക്കോച്ചന്റേതായി പരാതി സംസ്ഥാന നേതൃത്വത്തിന് എത്തിയതെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകയായ അഭിഭാഷകയുമായി ചേര്‍ത്താണ് ഗോപീകോട്ടമുറിക്കലിനെതിരേ വിവാദം. എന്നാല്‍ അഭിഭാഷകയോ മറ്റാരെങ്കിലുമോ പരാതിക്കാരല്ല. എന്നാല്‍ പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഇരുവരും കൂടിക്കാഴ്ചയ്ക്കും ബന്ധം നിലനിര്‍ത്താനും വേദിയാക്കിയതാണ് പ്രശ്‌നമായത്. അതിനെതിരേ ജില്ലയിലെ പാര്‍ട്ടിക്കാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന തരത്തില്‍ മൂടിവച്ചാണ് ലൈംഗികാപവാദം പുറത്തുവന്നത്. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരേയാണ് പരാതിയെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി എസ് പക്ഷത്തെ ചില നേതാക്കള്‍ വെള്ളിയാഴ്ച രാത്രിതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ, തുടക്കത്തില്‍ പി ശശിയുടെ കാര്യത്തിലെന്നപോലെ കോട്ടമുറിക്കലിന്റെ പേരും ഇതുവരെ പുറത്തുവന്നിട്ടില്ല.

വി എസ് പക്ഷത്തുനിന്ന് ഉടക്കിപ്പിരിഞ്ഞ നേതാവ് എന്ന നിലയിലാണ് ഗോപിക്കെതിരായ വിവാദം അവര്‍ കത്തിക്കാന്‍ ശ്രമിക്കുന്നത്. അഭിഭാഷകയുമായുള്ള ബന്ധം മുമ്പേയുള്ളതാണെങ്കിലും രണ്ടുപേര്‍ക്കും പരസ്പര സമ്മതമുള്ള ബന്ധത്തെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു വി എസ് പക്ഷം. അതിനിടയിലാണ് ഇരുവരും തമ്മില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇത് അവസരമാക്കിയെടുത്താണ് ഗോപിക്കെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപി കോട്ടമുറിക്കലിന് തൃപ്പൂണിത്തുറ സീറ്റ് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു എതിര്‍പ്പ്.

തുടര്‍ന്ന് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചു. പകരം സി എം ദിനേശ്മണിയാണ് തൃപ്പൂണിത്തുറയില്‍ മല്‍സരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സെക്രട്ടറിയുടെ സ്ത്രീസൗഹൃദം ഔപചാരികമായി ചര്‍ച്ചയായത്. പരാതി ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം വന്നിരുന്നു. കൂടുതല്‍ ചര്‍ച്ച പിന്നീടാകാമെന്നും അതിനു മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യട്ടെയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതിനു തുടര്‍ച്ചയായി ജില്ലാ കമ്മിറ്റിയും ചേരും. പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഗോപി കോട്ടമുറിക്കല്‍ വിവാദം പാര്‍ട്ടിക്ക് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക വിവാദത്തില്‍ പരാതിക്കാരുണ്ടായിരുന്നു. എന്നാല്‍ ആദ്യം അതു മറച്ചുവച്ച് ശശിക്ക് അവധി നല്‍കുകയും അത് ചികില്‍സയ്ക്കു വേണ്ടിയാണെന്ന് പറയുകയുമാണ് പാര്‍ട്ടി ചെയ്തത്. പിന്നീടാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. ശശിക്കെതിരേ അന്വേഷണ കമ്മീഷനെവച്ച് റിപ്പോര്‍ട്ട് വാങ്ങുകയും പുറത്താക്കേണ്ടി വരികയും ചെയ്തു. വി എസിന്റെ കടുത്ത നിലപാടാണ് ശശിക്കെതിരേ നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിച്ചത്. ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തിലും സമാന കടുംപിടുത്തമാണ് വി എസ് പക്ഷത്തിന്റേത്. നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു.

വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം. കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. കോട്ടമുറിക്കലിനെതിരേ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ കോപ്പി പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കൈയിലെത്തിയിരിക്കുകയാണ്. വി.എസ്., പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.

ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.