Wednesday, July 13, 2011

ദക്ഷിണ മുംബൈയിലെ ഭീകരാക്രമണം


ദക്ഷിണ മുംബൈയിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ ഇന്നലെ സന്ധ്യയോടെ നടന്ന തുടര്‍ സ്‌ഫോടനങ്ങള്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ദാദര്‍ റെയില്‍വേ സ്റ്റേഷന്റെ കവാടത്തിലും കനകവ്യാപാര കേന്ദ്രമായ സാവേരി ബസാറിലും സദാഗതാഗതത്തിരക്കേറിയ ഒപ്പേറ ഹൗസിലുമാണ് പൊട്ടിത്തെറികള്‍ ഉണ്ടായത്. നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ് എന്ന ഭീകര സംഘടനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ തിരക്കേറിയ സമയത്ത് കൂടുതല്‍ മനുഷ്യനാശം ലക്ഷ്യംവെച്ച് നടത്തിയ ഈ ഭീകരാക്രമണം യാദൃച്ഛികമാണെന്ന് കരുതാന്‍വയ്യ. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ആക്രമണ പരമ്പരകളില്‍ കസ്റ്റഡിയിലുള്ള ഭീകരപ്രവര്‍ത്തകന്‍ അജ്മല്‍ അമീര്‍ കസബിന്റെ 24-ാം ജന്മദിനമായിരുന്നു ഇന്നലെ. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യയ്‌ക്കെതിരെ മുളപൊട്ടിയ വിധ്വംസക പ്രസ്ഥാനത്തിന് കസ്റ്റഡിയിലുള്ള ഭീകരനെ ചരിത്രപുരുഷനാക്കാന്‍ ദുരുദ്ദേശമുണ്ടാകുന്നത് സ്വാഭാവികം മാത്രം. പാകിസ്ഥാന് നല്‍കാമെന്ന് അമേരിക്ക സമ്മതിച്ചിരുന്ന എണ്‍പത് കോടി ഡോളറിന്റെ സൈനിക സഹായം മരവിപ്പിച്ചതും തുടര്‍ന്നുള്ള സഹായങ്ങള്‍ നിര്‍ത്തിവെച്ചതും കഴിഞ്ഞദിവസമാണ്. പാകിസ്ഥാനുള്ള യു.എസ് സഹായം മുമ്പും നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും മുന്‍ സാഹചര്യങ്ങളേക്കാള്‍ തികച്ചും സങ്കീര്‍ണമാണ് ഇപ്പോഴത്തെ അവസ്ഥ. ആഗോള ശക്തി ധ്രുവീകരണങ്ങളില്‍ സുപ്രധാനമായ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ അമേരിക്ക കൈക്കൊണ്ട നടപടിയുടെ പ്രത്യാഘാതമായും മുംബൈ സ്‌ഫോടനത്തെ കരുതുന്നവരുണ്ട്.
 
ഇന്ത്യന്‍ മുജാഹിദ് ഭക്ഷണപാത്രത്തിലും തുണിസഞ്ചിയിലും ഒളിപ്പിച്ചുവെച്ച ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 'ഇന്ത്യന്‍ മുജാഹിത്' എന്നാണ് പേരെങ്കിലും ഈ ഭീകരസംഘടനയുടെ ശക്തിയും പ്രചോദനവും പാകിസ്ഥാനാണ്. ഈയിടെയായി പാകിസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരും മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രകരും സമാനസ്വഭാവമുള്ളവരാണെന്ന് രഹസ്യാന്വേഷണവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. കൂടുതല്‍ മനുഷ്യനാശം സൃഷ്ടിച്ച് ഇന്ത്യന്‍ ഭരണകൂടത്തെയും ജനസമൂഹത്തെയും ഞെട്ടിക്കുകയാണ് ഭീകരസംഘടനയുടെ ലക്ഷ്യമെന്ന് അനുമാനിക്കണം. സ്‌ഫോടനസമയവും സ്‌ഫോടനം നടന്ന സ്ഥലങ്ങളും ജനനിബിഡമാകുന്ന അവസരം നോക്കിയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വൈകുന്നേരം പ്രവൃത്തി കഴിഞ്ഞ് ട്രെയിനുകളില്‍ യാത്രക്കാര്‍ വീട്ടിലെത്തുന്ന ഘട്ടത്തില്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള ദാദര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്വര്‍ണ വ്യാപാരകേന്ദ്രമാണ് രണ്ടാമത്തെ സ്ഥലമായ സാവേരി ബസാര്‍. വൈകുന്നേരങ്ങളില്‍ ഗതാഗതത്തിരക്കുകൊണ്ട് ശ്വാസം മുട്ടുന്ന ഒപ്പേറ ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ 70 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
 
പത്ത് മൃതദേഹങ്ങള്‍ അവിടെനിന്ന് കണ്ടെടുത്തു. സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവെച്ച തുണിസഞ്ചിയിലും ഭക്ഷണപാത്രത്തിലും 'ഐ.എം' എന്ന് രേഖപ്പെടുത്തിയിരുന്നു. അത് ഇന്ത്യന്‍ മുജാഹിദ് എന്ന സംഘടനയുടെ ചുരുക്കപ്പേരായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നു. 
പതിനാല് ട്രില്ല്യണ്‍ ഡോളറിന്റെ കടബാധ്യതകൊണ്ട് ക്ലേശിക്കുന്ന അമേരിക്ക പാകിസ്ഥാന് നല്‍കിവന്ന സാമ്പത്തികസഹായം നിര്‍ത്തിയത് ഇന്ത്യയ്‌ക്കെതിരെ ഭീകരന്‍മാര്‍ തിരിയാന്‍ കാരണമാകുന്നത് അപലപനീയമാണ്. യു.എസ് സഹായം സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കാതെ സൈനികശക്തി വിപുലപ്പെടുത്താനാണ് പാകിസ്ഥാന്‍ വിനിയോഗിച്ചത്. ആയുധശേഷികൊണ്ട് ഇന്ത്യയെ വിരട്ടാമെന്ന പാകിസ്ഥാന്റെ വ്യാമോഹത്തിന് പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. പാക് മണ്ണില്‍ മുളപൊട്ടിയ ഭീകര സംഘടനകള്‍ മുംബൈ നഗരത്തില്‍ ഇന്നലെ നടത്തിയ സ്‌ഫോടനങ്ങള്‍ 121 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്‍ബലവുമുള്ള ഇന്ത്യയുടെ ആത്മീയശക്തിയെ തകര്‍ക്കുമെന്ന് ആരും കരുതുന്നില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.