Friday, July 15, 2011

മകന്റെ മാത്രമല്ല, മകളുടേയും അച്ഛന്‍, അല്ലെങ്കില്‍ മക്കളുടെ അച്ഛന്‍


 പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ മകന്‍ അരുണ്‍ കുമാറിനുവേണ്ടി വഴിവിട്ട പലതും ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായതോടെ അദ്ദേഹത്തെ മകന്റെ അച്ഛന്‍ എന്ന പേരില്‍ പരിഹസിക്കുകയാണ് പലരും. അദ്ദേഹത്തിന് മകന്‍ അരുണ്‍ മാത്രമല്ല, ആശ എന്ന മകളും ഉണ്ടെന്നു മലയാളികള്‍ക്കെല്ലാം അറിയാം. അരുണിനെന്ന പോലെ ആശയ്ക്കു വേണ്ടിയും വി.എസ് അധികാരദുര്‍വിനിയോഗം നടത്തിയെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അച്യുതാനന്ദന്റെ മകള്‍ ഡോ.വി.വി. ആശയ്ക്കു ഗവേഷണത്തിനായി വനംവകുപ്പില്‍ നിന്നു 35 ലക്ഷം രൂപ കണക്കുകളൊന്നുമില്ലാതെ നല്‍കിയതാണ് പുതിയ വാര്‍ത്ത.

ഒരു ഗവേഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ അടുത്ത ഗവേഷണത്തിനു വേണ്ടി ലക്ഷക്കണക്കിന് രൂപ അനുവദിച്ചതായും, തയാറാക്കിയ പ്രബന്ധങ്ങളൊന്നും വനം വകുപ്പില്‍ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യത്തെക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും ഗവേഷണം നടത്താന്‍ വേണ്ടിയാണു നാലുതവണയായി വനംവികസന വിഭാഗത്തില്‍നിന്ന് 35 ലക്ഷം രൂപ അനുവദിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ ശാസ്ത്രജ്ഞയായ ഡോ.വി.വി. ആശയ്ക്കു 2001 മുതലാണു ഗവേഷണത്തിനായി വനംവകുപ്പില്‍ നിന്ന് പണം അനുവദിക്കാന്‍ തുടങ്ങിയത്. പശ്ചിമഘട്ട മലനിരകളിലെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി 11.97 ലക്ഷം രൂപ അനുവദിച്ചു.

2001ല്‍ തുടങ്ങിയ ഗവേഷണം 2006 വരെ നീണ്ടു. ഇതിനിടെ, 2005-08 ലേക്കായി 7.116 ലക്ഷം രൂപയുടെ അടുത്ത ഗവേഷണം ആരംഭിച്ചു. എലികളില്‍ നടത്തിയ പരീക്ഷണമായിരുന്നു വിഷയം. ഇതു തുടരുന്നതിനിടെ 2006-08 ലേക്ക് 9.74 ലക്ഷം രൂപയുടെ മൂന്നാമത്തെ ഗവേഷണം അനുവദിക്കപ്പെട്ടു. ആദ്യത്തെ ഗവേഷണത്തിന്റെ തുടര്‍ ഗവേഷണമായിരുന്നു ഇത്. 2008-09 ലേക്ക് വീണ്ടും 5.5 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2006, 07, 08, 10 വര്‍ഷങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഈ പ്രബന്ധങ്ങളൊന്നും വകുപ്പില്‍ ലഭ്യമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. വികസന വിഭാഗം ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍, ഡോ.വി.വി. ആശ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി മുഖാന്തരമാണു ഗവേഷണം നടത്തുന്നതെന്നും, പ്രബന്ധങ്ങള്‍ക്കായി അവിടെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി. പ്രബന്ധങ്ങള്‍ ഏതെങ്കിലും രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും 'അറിയില്ല എന്ന ഉത്തരം നല്‍കി വനം വകുപ്പ് അധികൃതര്‍ കൈകഴുകി.

2001 മുതല്‍ 2010 വരെ വനം വകുപ്പില്‍ നിന്ന് ഓരോ ശാസ്ത്രജ്ഞര്‍ക്കും അനുവദിച്ച ഗവേഷണ പദ്ധതികളും, ഇവര്‍ക്കു നല്‍കിയ പണത്തിന്റെ കണക്കും സംബന്ധിച്ച ചോദ്യത്തിനു വനം വകുപ്പ് അധികൃതര്‍ മൗനം പാലിച്ചിരിക്കുകയാണ്. ഡോ.വി.വി. ആശയ്ക്ക് തുടര്‍ച്ചയായി ഗവേഷണത്തിന് അനുമതി നല്‍കിയ വിവരം പുറത്താകാതിരിക്കാന്‍ വേണ്ടിയാണു വനം വകുപ്പിന്റെ ഈ മൗനമെന്ന് ആരോപണമുണ്ട്. ശാസ്ത്രജ്ഞര്‍ ചെയ്യുന്ന ഗവേഷണങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണു രാജീവ് ഗാന്ധി സെന്ററിലെ സ്ഥാനക്കയറ്റം തീരുമാനിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രമോഷന്‍ കമ്മിറ്റി, ആശയുടേതുള്‍പ്പെടെ ചില ശാസ്ത്രജ്ഞരുടെ പ്രമോഷന്‍ ശുപാര്‍ശ തള്ളിയിരുന്നു. ഇതിനു പിന്നാലെ സെന്റര്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണപിള്ളയുടെ കാലാവധി നീട്ടരുതെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയതും വിവാദമായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ, വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണു രാധാകൃഷ്ണപിള്ളയെ തുടരാന്‍ കേന്ദ്രം അനുവദിച്ചത്. അതേസമയം ഐ.സി.ടി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വെട്ടിലാകുമെന്ന് ഉറപ്പായി. ഡയറക്ടറായി നിയമിക്കപ്പെടാതെ തന്നെ മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിന്റെ മിനിട്‌സില്‍ പ്രസ്തുത സ്ഥനത്തിരുന്ന് അരുണ്‍കുമാര്‍ ഒപ്പിട്ടതെന്തിനെന്ന ചോദ്യത്തിനാണ് വി.എസ് മറുപടി പറയേണ്ടി വരിക. തന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്നു നിയമസഭയെ അറിയിച്ച വി.എസ്. ഇക്കാര്യം പരിശോധിക്കാന്‍ വിട്ടുപോയെന്നതാണ് വസ്തുത. അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റങ്ങള്‍ പലതും ചട്ടം ലംഘിച്ചുള്ളതായതിനാല്‍ മന്ത്രിസഭ സ്ഥാനമൊഴിയും മുമ്പ് അരുണിനെ സുരക്ഷിതമായ ഒരു സ്ഥാനത്തിരുത്തുന്നതിനുവേണ്ടിയാണ് ഐ.സി.ടിയെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

പൊതു സ്വകാര്യ പങ്കാളിത്തം സര്‍ക്കാര്‍ നയമല്ലെന്ന പേരില്‍ ഐ.സി.ടിയുടെ നോഡല്‍ ഏജന്‍സിയായി ഐ.എച്ച്.ആര്‍.ഡിയെ തീരുമാനിക്കുകയും രജിസ്‌റ്റേര്‍ഡ് ഓഫീസായി അരുണ്‍കുമാര്‍ ഡയറക്ടറായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളിനെ തീരുമാനിക്കുകയുമായിരുന്നു. അരുണിനെ ഐ.സി.ടിയുടെ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും ചെയ്തു. മോഡല്‍ ഫിനിഷിംഗ് സ്‌കൂളിന്റെ മറവിലാണ് ഈ നിയമനത്തിന് സാധുത നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അക്കാദമിയുടെ ധാരണാപത്രം ഒപ്പിടാന്‍ ചേര്‍ന്ന യോഗത്തില്‍ അരുണ്‍കുമാര്‍ പങ്കെടുത്തതും ഒപ്പിട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഐ.എച്ച്.ആര്‍.ഡിയിലെ നിയനങ്ങള്‍ പെട്ടെന്നു വിവാദമായതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് വൈകിക്കുകയായിരുന്നു. അരുണിനെ ഡയറക്ടര്‍ സ്ഥാനത്തു നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ലെന്ന ഉറപ്പിലാണ് ആരോപണം നിയമസഭ സമിതി അന്വേഷിക്കട്ടെയെന്ന് വി.എസ്. നിയമസഭയില്‍ പറഞ്ഞത്. വി.എസിന്റെ ഈ ന്യായീകരണം ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ വി.എസ്. ചെയര്‍മാനായ സ്ഥാപനത്തില്‍, അദ്ദേഹം പങ്കെടുത്ത യോഗത്തില്‍, സ്ഥാനത്തില്ലാത്ത വ്യക്തി കള്ളം പറഞ്ഞ് പങ്കെടുത്തതെന്തിനെന്ന ചോദ്യത്തിന് വി.എസ്. മറുപടി പറയേണ്ടിവരും.

അരുണ്‍കുമാറിനെ ചട്ടങ്ങള്‍ ലംഘിച്ചു നിയമിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ വി.എസ് അന്വേഷണം നേരിടുകയാണ്. വി.എസിന്റെ പഴയ ചാവേറായിരുന്ന കെ.എം ഷാജഹാന്‍ മകന്റെ അച്ഛന്‍ എന്ന പേരില്‍ മലയാളമനോരമയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സംഭവം ചൂടുപിടിക്കുന്നതും അന്വേഷണം പ്രഖ്യാപിക്കുന്നതും. ഷാജഹാന്റെ ആരോപണത്തെത്തുടര്‍ന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയിലെത്തിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവായ വിഎസിന്റെ തന്നെ അഭ്യര്‍ഥന സ്വീകരിച്ചാണ് അന്വേഷണത്തിനു സ്പീക്കര്‍ ഉത്തരവായതെന്ന പ്രത്യേകതയും സംഭവത്തിനുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേക സഭാസമിതിയെ നിയോഗിക്കുന്നത്.

ചൊവ്വാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് അരുണ്‍കുമാറിന്റെ അനധികൃത നിയമനം സംബന്ധിച്ചു വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചത്. ഇന്നലെ സഭയില്‍ ആരോപണത്തിനു മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ്, ഐസിടി ഡയറക്ടറായി മുന്‍ സര്‍ക്കാര്‍ ആരെയും നിയമിച്ചിട്ടില്ലെന്നും നിയമനം പുതിയ സര്‍ക്കാരിനു വിടുകയായിരുന്നു എന്നും വിശദീകരിച്ചു. എടുത്തിട്ടില്ലാത്ത തീരുമാനത്തിന്റെ പേരിലാണ് എംഎല്‍എയുടെ ആരോപണമെന്നും പറഞ്ഞു. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ആരോപണം പിന്‍വലിച്ചു ക്ഷമാപണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഏതന്വേഷണവും സ്വീകാര്യമാണെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. തന്റെ കൈവശമുള്ള എല്ലാ രേഖകളും അന്വേഷണം നടത്തുന്നവര്‍ക്കു കൈമാറാമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്നു നിയമസഭാ സമിതി അന്വേഷണത്തിനു സ്പീക്കര്‍ ഉത്തരവിടുകയായിരുന്നു. സമിതിയുടെ ഘടന പിന്നീടു തീരുമാനിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ സമയം വിഎസ് സഭയില്‍ ഉണ്ടായിരുന്നില്ല. എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. അധ്യക്ഷനെ സ്പീക്കര്‍ തീരുമാനിക്കും. സഭാസമ്മേളനം അവസാനിക്കുന്ന 20നു സമിതിയെ സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിക്കാനാണു സാധ്യത. അരുണ്‍കുമാറിനെ ഐ. സി. ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് ഒരു നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് അന്വേക്ഷിപ്പിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് വി. എസ്. അച്യുതാനന്ദന്‍ മാറി നില്‍ക്കണമെന്നും അദ്ദേഹതിന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. എം. ഷാജഹാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വി. എസ്‌സിനെ അതിരൂക്ഷമായാണ് ഷാജഹാന്‍ വിമര്‍ശിച്ചിട്ടുള്ളത്. അച്യുതാനന്ദനെ ജനകീയ നേതാവാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഷാജഹാന്‍. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ തിരഞ്ഞെടുപ്പില്‍ വി. എസ്. ഫാക്ടര്‍ എന്നൊരു ഘടകം ഇല്ലായിരുന്നുവെന്ന് സമര്‍ത്ഥിച്ചിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളായ, ആറു പതിറ്റാണ്ടിലധികം കാലത്തെ പോരാട്ട പാരമ്പര്യമുള്ള വി.എസ്. അച്യുതാനന്ദന്‍ മകനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ തുനിയുമോ? വിശ്വസിക്കാനാവുന്നില്ല- എന്നുപറഞ്ഞായിരുന്നു ഷാജഹാന്റെ ലേഖനം തുടങ്ങുന്നത്. പക്ഷേ വിശ്വസിക്കാതെ തരവുമില്ല. കാരണം, രേഖകള്‍ സംസാരിക്കുന്ന തെളിവുകളായി മുന്നില്‍ കിടക്കുകയാണ്-ലേഖനം തുടരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായിരിക്കെ, സ്വന്തം വകുപ്പിനു കീഴില്‍ സ്വന്തം മകനെ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി, കേരളത്തിലാകെ അധികാരപരിധിയുള്ള ഐസിടി അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമായി, ഒന്നര ലകഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചു എന്ന വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്.

വെറുമൊരു എംസിഎ ബിരുദം മാത്രമേ വി.എ. അരുണ്‍കുമാര്‍ എന്ന ഈ മകനുള്ളു. സാധാരണഗതിയില്‍ ഒരു സ്ഥാപനം രൂപീകരിച്ചാല്‍ അതിനു ശേഷമാണു ഡയറക്ടറെയും മറ്റും നിയമിക്കുക. എന്നാലിവിടെ, സ്ഥാപനം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഡയറക്ടര്‍ നിയമിക്കപ്പെടുകയായിരുന്നു. ആ വ്യക്തിയാകട്ടെ, രൂപീകരിക്കപ്പെടുന്ന സ്ഥാപനത്തെ നിയന്ത്രിക്കുന്ന വകുപ്പുമന്ത്രിയും അതിലുപരി മുഖ്യമന്ത്രിയുമായ വ്യക്തിയുടെ മകനും! കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊക്കെ നടക്കുമോ? ഈ നിയമനം നടക്കുന്നതു വി.എസിന്റെ മകനുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു എന്നോര്‍ക്കണം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പാണു നിയമനം നടന്നത്. ആ സമയത്ത് ഇതു ചെയ്യാന്‍ കൂട്ടുനിന്നവരെ നമിച്ചേ മതിയാകൂ. ആറു വര്‍ഷത്തേക്കാണത്രേ മകന്റെ നിയമനം. അതായത് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങി ഒരു വര്‍ഷം കൂടി കഴിയുമ്പോഴേ മകന്റെ ഈ തസ്തികയുടെ നിയമന കാലാവധി അവസാനിക്കൂ. അപ്പോള്‍ അധികാരത്തിലുണ്ടാവുക ഇടതുപക്ഷ സര്‍ക്കാരായിരിക്കും എന്നു പ്രതീക്ഷിച്ചാവാം. അപ്പോള്‍ ഈ തസ്തികയില്‍ തുടരുകയോ വേണമെങ്കില്‍ ഇതിനെക്കാള്‍ വലുത് തരപ്പെടുത്തിയെടുക്കുകയോ ചെയ്യാമല്ലോ!

ഈ മകനെപ്പറ്റി എനിക്കു മറ്റു ചിലതും അറിയാം. വിഎസ് ഓണ്‍ലൈന്‍ ലോട്ടറികളുടെ കൊള്ളയ്‌ക്കെതിരെ പോരാടുന്ന കാലത്ത് ഈ മകന്റെ ഭാര്യ പങ്കാളിയായ ഒരു സ്ഥാപനം കേരളത്തില്‍ നിര്‍ബാധം ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. മുഖ്യമന്ത്രിയായശേഷം വിഎസ് മകനു വഴങ്ങുന്നു എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ഐഎച്ച്ആര്‍ഡി എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംസിഎ ബിരുദധാരി മാത്രമായ മകന്‍ അടിക്കടി ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടാന്‍ തുടങ്ങിയതോടെ അതു വ്യക്തമായി. വിഎസില്‍ മാറ്റം പ്രകടമായിത്തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറായി മകന്‍ അവരോധിക്കപ്പെടുകയും ഈ സ്ഥാപനത്തിനു തിരുവനന്തപുരത്തും എറണാകുളത്തും ഫിനിഷിങ് സ്‌കൂളുകള്‍ നടത്താന്‍ വിഎസ് തന്റെ കീഴിലുള്ള ഐടി വകുപ്പില്‍നിന്നു രണ്ടു കോടി രൂപ അനുവദിക്കുകയുംകൂടി ചെയ്തതോടെ വിഎസ് മകനു വഴങ്ങി എന്നെനിക്ക് ഉറപ്പായി. പിന്നീടാണ് ഐഎച്ച്ആര്‍ഡിയില്‍ മകനു ലഭിച്ച സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ ഇടയായത്.

ആ രേഖകള്‍ കണ്ട് അകഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി. 1993ല്‍ കേവലം എംസിഎ ബിരുദവുമായി ഒരു 'അണ്‍പെയ്ഡ് ട്രെയിനി മാത്രമായി ഐഎച്ച്ആര്‍ഡിയില്‍ ചേര്‍ന്ന മകന്‍, ഒരു ദിവസത്തെ അധ്യാപന പരിചയമോ പിഎച്ച്ഡിയോ പോലുമില്ലാതെ 2010 ആയതോടെ ഒരു ലക്ഷത്തിനടുത്തു രൂപ ശമ്പളം വാങ്ങുന്ന (പ്രോ വൈസ് ചാന്‍സലര്‍ വാങ്ങുന്ന ശമ്പളം) പ്‌ളാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്ടറായും, ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറായും ഉയര്‍ന്ന, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് ആ രേഖകളിലൂടെ തെളിഞ്ഞുവന്നത്. മറ്റൊരു വസ്തുത കൂടി ആ രേഖകളില്‍ എനിക്കു കാണാനായി. 2010 മോഡല്‍ ടൊയോട്ട ഇന്നോവ എന്ന വാഹനത്തിലായിരുന്നു മകന്റെ ഔദ്യോഗിക യാത്രകള്‍! ഈ വാഹനം വാടകയ്‌ക്കെടുക്കുന്നതിനായി ഐഎച്ച്ആര്‍ഡിക്കു പ്രതിമാസം 35,000 രൂപ ചെലവാകുമായിരുന്നത്രേ. പ്രിയ വിഎസ്, സമൂഹത്തിലെ ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പടപൊരുതുന്ന അങ്ങേയ്ക്ക് എങ്ങനെയാണു സ്വന്തം പുത്രന്റെ ഈ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയെ ന്യായീകരിക്കാനാവുക?-ലേഖനത്തില്‍ ഷാജഹാന്‍ ചോദിക്കുന്നു. ഈ മകന്‍ തിരുവനന്തപുരം ഗോള്‍ഫ് ക്‌ളബിന്റെ ആജീവനാന്ത അംഗമാണ്. ഫീസ് 75,000 രൂപയാണ്. ഗോള്‍ഫ് കിറ്റിന്റെ വില പതിനായിരങ്ങളാണ്. പക്ഷേ, മകന്റെ ഗോള്‍ഫ് ക്‌ളബ് അംഗത്വത്തെ ലളിതവല്‍ക്കരിക്കാനാണു വിഎസ് ശ്രമിച്ചത്. 'കളിച്ചു കഷീണിക്കുമ്പോള്‍ അല്‍പം മദ്യപിച്ചാലെന്താണ് എന്നാണു ഗോള്‍ഫ് ക്‌ളബിലെ മദ്യപാനത്തെക്കുറിച്ചു മകനുമായി ബന്ധപെ്പട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപേ്പാള്‍ വിഎസ് പ്രതികരിച്ചത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകന്‍ ലക്ഷങ്ങള്‍ മുടക്കി, അതിസമ്പന്നന്മാരുടെ വിനോദത്തില്‍ ഏര്‍പ്പെടുന്നതിനെ എങ്ങനെയാണു വിഎസിനു ന്യായീകരിക്കാനാകുക? മകനെ ഉയര്‍ന്ന തസ്തികയില്‍ ഐസിടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചത് അച്ഛനായ വിഎസ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ആയിരുന്നപ്പോഴാണ് എന്നാണു പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഇതു സത്യപ്രതിജ്ഞാലംഘനമായും വിലയിരുത്തപ്പെടാം. അതുകൊണ്ട്, ഒരു ഉന്നത നിഷ്പകഷ ഏജന്‍സിയെക്കൊണ്ട് ഇക്കാര്യം ഉള്‍പ്പെടെയുള്ള ആകേഷപങ്ങള്‍ അന്വേഷിപ്പിക്കണം എന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അതുവരെ താന്‍ പ്രതിപകഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നും പറയാനുള്ള ആര്‍ജവം വിഎസ് കാട്ടുമോ? അതോ 'മകന്റെ അച്ഛനായി സ്ഥാനത്തു കടിച്ചുതൂങ്ങുമോ വിഎസ് എന്നും ഷാജഹാന്‍ ചോദിക്കുന്നു. ഇതിനു പിന്നാലെയാണ് ആശയ്ക്കുവേണ്ടിയും വി.എസ് വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.