Friday, July 29, 2011

സൗമ്യസമരങ്ങളുടെ നായകന്‍


പ്രതിപക്ഷ നേതാവായി കേരളത്തില്‍ അഞ്ചുവര്‍ഷക്കാലം ഓടിനടന്ന അനുഭവങ്ങളാണ് 'പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍' എന്ന പുസ്തകത്തില്‍ ഉമ്മന്‍ചാണ്ടി പങ്കുവയ്ക്കുന്നത്.
കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ പ്രഥമ കൃതിയും കേരള ചരിത്രത്തിന്റെ തുടിക്കുന്ന താളുകളുമാണ്.
ഇടതുമുന്നണിയുടെ അഞ്ചുവര്‍ഷത്തെ കിരാതഭരണത്തെ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ഒരു പ്രതിപക്ഷനേതാവ് എങ്ങനെ നേരിട്ടു എന്നതിന്റെ കൃത്യമായ നാള്‍ വഴികൂടിയാണീ പുസ്തകം. രമേശ് ചെന്നിത്തലയുടെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പോരാട്ടത്തിതന്റെ ദിനരാത്രങ്ങള്‍ എന്നൊരു ലേഖനം തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. 'ചെങ്ങറ ഒരു വിജയഗാഥ' മുതല്‍ 'തകര്‍ന്ന ഇടതുമുന്നണി' വരെ എണ്‍പതോളം ലേഖനങ്ങളുടെ സമാഹരം. അതിദീര്‍ഘമല്ലാത്ത ലേഖനങ്ങള്‍ കാര്യമാത്ര പ്രസക്തമായ വായനയ്ക്ക് ഉതകുന്നതാണ്. ദീര്‍ഘമായ അധ്യാപന ലേഖനങ്ങളുടെ കമ്പോളം സാക്ഷര കേരളത്തില്‍ അടയുകയാണ്. നമ്മുടെ ജീവിത വേഗത, സമയ ദൗര്‍ലഭ്യം എന്നിവ ചെറുലേഖനങ്ങളെ സ്വാഗതം ചെയ്യുന്നു. കൃത്രിമമല്ലാത്ത സരളഭാഷ കൃതിയെ കൂടുതല്‍ ജനകീയമാക്കുന്നു. ഉമ്മന്‍ചാണ്ടിയെപോലെ പ്രായോഗികമതിത്വം ഇപ്പുസ്തകത്തിനും ഉണ്ട്.
കേരളീയര്‍ രാഷ്ട്രീയ സാക്ഷരരാണെന്നതിന്റെ ഉദാഹരണമാണ് അക്രമ രാഷ്ട്രീന്റെ കരണ്ണീരായ കണ്ണൂരില്‍ ജനാധിപത്യ മുന്നണി നേടുന്ന ശാന്തമായ വിജയങ്ങള്‍. കേരളീയര്‍ പൊതുവില്‍ സമാധാന പ്രിയരാണ്. കൊലപാതകം, അക്രമം തുടങ്ങിയവ കര്‍മ്മമേഖലകളാക്കിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടുകാര്‍പോലും അവരുടെ അക്രമ-കൊലപാതകമാര്‍ഗ്ഗത്തിന് അനുകൂലമല്ലെന്നതാണ് സത്യം. ഇതിന്റെ വസ്തുതാരേഖയാണ് ഐക്യമുന്നണി വിജയങ്ങള്‍. ഇടതുഭരണം പാര്‍ട്ടികാര്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടതാണെന്ന് ആവര്‍ത്തിച്ചുള്ള ഇടതുഭരണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങളുടെ പേരില്‍ ജയിക്കുകയും പാര്‍ട്ടിക്കു വേണ്ടി മാത്രം ഭരിക്കുകയും ചെയ്യുന്ന ഇടതുഭരണത്തിന്റെ വിരോധഭാസം കേരളത്തിന് നന്നേ ബോധ്യമായി തുടങ്ങിയിട്ടുണ്ട്.
 
പാര്‍ട്ടി ലാഭ നിലപാടുകളുടെ ഫലമായി ഉണ്ടാകുന്ന നഷ്ടങ്ങളും ജനാധിപത്യധ്വംസനങ്ങളുമാണ് കേരളത്തെ പിറകോട്ട് അടിക്കുകയും പാര്‍ട്ടിയെ കൊഴുപ്പിക്കുകയും ചെയ്യുന്നത്. ആദര്‍ശപരമായി പരാജയപ്പെട്ട ഇടതുപാര്‍ട്ടികള്‍, പാര്‍ട്ടി വിശ്വാസികളെ, അന്ധവിശ്വാസികളാക്കി മാറ്റി കേരളത്തെ പരീക്ഷിക്കുകയാണ്. അധികാരമാണ് ഇവരുടെ മുഖ്യായുധവും വരുമാനവും. അതിനായി നേതൃനിരയില്‍ തന്നെ ശത്രുതാപൂര്‍വ്വമായ ഗ്രൂപ്പുകള്‍പോലുമുണ്ട്. ഈ പശ്ചാതലത്തില്‍ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാം പൈങ്കിളിയെ എന്ന് അദ്ധ്വാനിക്കുന്നവരെ ആശിപ്പിച്ച ഇടതുപ്രസ്ഥാനങ്ങളാണ്, അവരെ തിരിച്ചറിഞ്ഞ് സ്വതതന്ത്രമായി സംഘടിപ്പിച്ചത്. ചെങ്ങറയിലെ മണ്ണിനുവേണ്ടിയുള്ള പോരാട്ടക്കാരെ കായികമായിപോലും കൈകാര്യം ചെയ്തത് ഇടതുമാണ്. ഇതിന് എതിരെ ഉപവാസമുള്‍പ്പെടെയുള്ള സമരം ചെയ്താണ് പ്രതിപക്ഷം ഇതിനൊരു പരിഹാരം കണ്ടെത്തിയത്. ഒരു ക്രിയാത്മക പ്രതിപക്ഷവും അതിന്റെ നേതാവും എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്നത്.പാരസ്ഥിതിക പ്രശ്‌നം കണ്ണൂര്‍ കണ്ടല്‍ക്കാട് പ്രശ്‌നം മെര്‍ക്കിസ്റ്റണ്‍ ഭൂമി എന്നിവയിലൊക്കെയുള്ള തന്റെ നിലപാടുകളാണ് ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്ന മറ്റൊരു വിഷയം. അത് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ വരെ ചെന്നെത്തുന്നു അതിന്റെ നാടകങ്ങളും തന്റെ ജനപക്ഷ നിലപാടുകളും ഉമ്മന്‍ചാണ്ടി ഇവിടെ തുറന്നെഴുതുകയാണ്. കണ്ടല്‍കാട് പ്രദര്‍ശന വസ്തുവാക്കി പണം പിടുങ്ങാനുള്ള ഇടതുസൂത്രമൊക്കെ ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്.
 
സ്ത്രീപീഡനകേസുകളില്‍ താന്‍ വന്നാല്‍ ഇത്തരക്കാരെ കയ്യാമം മച്ച് വഴിയിലൂടെ നടത്തുമെന്ന പറഞ്ഞയാള്‍ സ്ത്രീപീഡനത്തിന്റെ ഇരുമ്പു മറയാകുന്നത് ഉമ്മന്‍ ചാണ്ടി വേദനയോടെ തുറന്നു കാണിക്കുന്നു. ആരാണ് ഇത്തരക്കാരുടെ സംരക്ഷകരെന്ന് ശാരിവിഷയം ഉള്‍പ്പെടെയുള്ളത് ചൂണ്ടിക്കാണിച്ച് ഉമ്മന്‍ ചാണ്ടി പറയുന്നു. അതുപോലെ തന്നെ ലാവ്‌ലിന്‍, ടോട്ടല്‍ ഫോര്‍ യു, ഗുണ്ടാരാജ് ഒക്കെ ഇവിടെ പരാമര്‍ശവിഷയമാകുന്നു.പൊതുജനത്തിന്റെ ഭാഗ്യന്വേഷണത്തെപോലും വഞ്ചിച്ച സാന്റിയാഗോ മാര്‍ട്ടിമാരും ഫാരീസ് അബൂബേക്കറും ഈ പുസ്തകത്തിലൂടെ മറയില്ലാതെ ജനസവിധത്തില്‍ എത്തുന്നു. അതിനായി പ്രതിപക്ഷം നടത്തിയ വസ്തുതാപരമായ പോരാട്ടങ്ങള്‍ ഇവിടെ വെളിപ്പെടുകയാണ്. വികസന പ്രവര്‍ത്തനങ്ങളിലെ തകര്‍ച്ച, ജനകീയാസൂത്രണത്തിലെ അഴിമതി എല്ലാം ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്നു. കപട വികസന പരസ്യങ്ങള്‍ നല്കി ഒരു ജനതയെ സംഘടിത അഴിമതിക്കാര്‍ തെറ്റിധരിപ്പിച്ചത് എങ്ങനെയെന്ന് ഈ പുസ്തകം വിളംബരം ചെയ്യുന്നു. അക്രമത്തിന്റെ സമരവാക്കല്ല പോരാട്ടമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു. സമാധാനപരമായും വസ്തുതാപരമായുമുള്ള ഒരു സത്യാന്വേഷണമാണ് ഇവിടെ പോരാട്ടം. ഒരു സാക്ഷരസമൂഹം അതാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷ ഇടതുഭരണ പരാജയത്തിന്റെ നാള്‍വഴിയാണീ പുസ്തകം. അതിനെതിരെ ഒരു ജനനായകന്‍ നടത്തിയ പോരാട്ടങ്ങളുടെ പൊരുള്‍ കൂടിയാണിത്. നമ്മുടെ ജനാധിപത്യചരിത്രത്തിലെ ഈ തുടിക്കുന്ന താളുകള്‍ ചരിത്രത്തിലേയ്ക്കാണ് മറിയുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.