Monday, July 25, 2011

ഒന്നുകില്‍ വിഎസ്‌ ഗ്രൂപ്പില്‍; അല്ലെങ്കില്‍ പീഡനക്കേസില്‍

സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നവരുമായ എല്ലാവരും അറിയുന്നതിന്‌ എന്ന തലക്കെട്ടില്‍ ഒരു പരസ്യം കൊടുക്കുന്നതിനെക്കുറിച്ച്‌ എകെജി സെന്റര്‍ ആലോചിക്കുന്നുണ്ടത്രേ. ഇതാണ്‌ ഉള്ളടക്കം: പാര്‍ട്ടിയിലോ പുറത്തോ ഉള്ള സ്‌ത്രീകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലെ വി എസ്‌ പക്ഷത്തു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതാണ്‌. അല്ലാത്തപക്ഷം അവരുടെ പിന്നാലെ നടന്ന്‌ സ്‌ത്രീപീഡന വിവാദം കത്തിക്കാന്‍ ശ്രമമുണ്ടാകുന്നതാണ്‌. അതിനു മാത്രമായി അവര്‍ പ്രത്യേക സ്‌ക്വാഡ്‌ ഉണ്ടാക്കിയിട്ടുണ്ട്‌ എന്നത്‌ ഓര്‍മിപ്പിക്കുന്നു. പണ്ടേ വിഎസ്‌ പക്ഷക്കാരനല്ലാത്ത സഖാവ്‌ പി ശശി, പണ്ട്‌ വിഎസ്‌ പക്ഷക്കാരനും പിന്നെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ന്നയാളുമായ സഖാവ്‌ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ അനുഭവം മാത്രം ഉദാഹരണമായി തല്‍ക്കാലം ചൂണ്ടിക്കാട്ടുന്നു. സഖാവ്‌ ശശി ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതും ഗോപി സഖാവിന്‌ പുറത്തേക്ക്‌ വഴി കാട്ടിക്കൊടുക്കാന്‍ അവര്‍ സജീവമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നതും ഓര്‍മിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമല്ലോ.
എങ്ങനെയുണ്ട്‌ പരസ്യം? വേണ്ടതല്ലേ. വി എസ്‌ പക്ഷക്കാരെ പേടിച്ച്‌ പാര്‍ട്ടിയില്‍ ആര്‍ക്കും സ്‌ത്രീസൗഹൃദമേ പാടില്ലെന്നാണ്‌ ഇപ്പോഴത്തെ സ്ഥിതി. സ്‌ത്രീയും പുരുഷനുമായി ഒരൊറ്റത്തരം ബന്ധം മാത്രമേ പറ്റുകയുള്ളൂവെന്ന്‌ വിശ്വസിച്ചു വശായിരിക്കുന്ന ആളാണല്ലോ വി എസ്‌ അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ കൂടെയുള്ളവരും അങ്ങനെതന്നെ വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തു പോരുന്നതിനെ കുറ്റം പറയാനാകില്ല. അവരൊക്കെ അങ്ങനെയായതുകൊണ്ടായിരിക്കാം മറ്റുള്ളവരെക്കുറിച്ചും അങ്ങനെ ചിന്തിച്ചുപോകുന്നത്‌. ഏതായാലും പാര്‍ട്ടിയും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുമൊക്കെയാകുമ്പോള്‍ തരംപോലെ എടുത്തുപയോഗിക്കാനുള്ള വജ്രായുധത്തിന്റെ പേരാകുന്നു സ്‌ത്രീ പുരുഷ ബന്ധം. അങ്ങനെ ഉപയോഗിക്കാതിരിക്കണമെങ്കിലുള്ള മിനിമം ക്വാളിഫിക്കേഷനാണ്‌ കൂടെക്കൂടുക എന്നത്‌. അപ്പോള്‍ ഞങ്ങള്‍ സംരക്ഷിക്കും, കൂടെ നില്‍ക്കും. അല്ലെങ്കിലോ ? കണ്ടില്ലേ ഗോപി സഖാവിന്റെ സ്ഥിതി. നെഞ്ചില്‍ മുട്ട വച്ചാല്‍ ഓംലറ്റാകുന്നത്ര തീ നെഞ്ചില്‍ കൊണ്ടുനടക്കുവല്ലേ. ആദ്യം ദീര്‍ഘകാല അവധി, പിന്നെ തരംതാഴ്‌ത്തല്‍, പുറത്താക്കല്‍ അങ്ങനെ എത്രയെത്ര പീഡാനുഭവ പര്‍വങ്ങളാണ്‌ അദ്ദേഹത്തെ കാത്തിരിക്കുന്നത്‌. മാധ്യമ വിചാരണ എന്ന നരകാഗ്നി വേറെയും.
എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ ഇന്നോ ഇന്നലെയോ അല്ല അഭിഭാഷകയുമായി സൗഹൃദത്തിലായത്‌. അക്കാലത്ത്‌ അദ്ദേഹം വി എസ്‌ പക്ഷക്കാരനായിരുന്നു. അതുകൊണ്ട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ ചേര്‍ന്ന്‌ അദ്ദേഹത്തിനെതിരേ സംസ്ഥാന കമ്മിറ്റിക്കു പരാതി കൊടുത്തില്ല, അന്വേഷണം ആവശ്യപ്പെട്ടില്ല, മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തുമില്ല. എന്നാല്‍ വിഎസ്‌ വിരുദ്ധനായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യം ചാനല്‍ വാര്‍ത്ത എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാവിനെതിരേ ലൈംഗികാരോപണം. പിറ്റേന്ന്‌ പത്രവാര്‍ത്ത: സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി കൂടി ലൈംഗികാരോപണത്തില്‍. ഇതു രണ്ടും ചേര്‍ത്തുവായിച്ചാല്‍ പി സി ജോര്‍ജ്ജിനു പോലും മനസിലാകും ആരാണ്‌ ആളെന്ന്‌. പോരേ പൂരം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രശ്‌നം ചര്‍ച്ചയ്‌ക്കുവന്നതാണ്‌ വാര്‍ത്തയ്‌ക്ക്‌ കാരണമായത്‌. സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയൊന്നുമുണ്ടായില്ല എന്നതാണു വസ്‌തുത. പക്ഷേ, വാര്‍ത്തയായി. അതായിരുന്നു ലക്ഷ്യം. ജില്ലാ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച ചെയ്യട്ടെ എന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. അടുത്ത ദിവസം ജില്ലാ സെക്രട്ടേറിയറ്റ്‌ ചേര്‍ന്ന്‌ സംസ്ഥാന കമ്മിറ്റിക്കു വിട്ടു. അങ്ങനെ തട്ടിക്കളിക്കുകയാണ്‌ ഇപ്പോള്‍ കോട്ടമുറിക്കലിനെ. ഇനിയങ്ങോട്ടു സംഭവിക്കാന്‍ പോകുന്നതിന്റെ വ്യക്തമായ സൂചന.
ദൈവം ഗോപി കോട്ടമുറിക്കലിനെ രക്ഷിക്കട്ടെ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്‌ ഇഷ്ടപ്പെടാന്‍ ഇടയില്ല. പക്ഷേ, മാര്‍ക്‌സ്‌ രക്ഷിക്കട്ടെയെന്ന്‌ ഏംഗല്‍സ്‌ രക്ഷിക്കട്ടെയെന്നോ പറഞ്ഞിട്ടു കാര്യമില്ലതാനും. പിണറായി വിജയന്‍ രക്ഷിച്ചോളും എന്നു തീരെ പറയാനാകില്ല. അദ്ദേഹത്തിന്‌ അതു സാധിക്കുമായിരുന്നെങ്കില്‍ പി ശശി സഖാവിന്‌ ഈ ഗതി വരുമായിരുന്നില്ലല്ലോ.ആരായിരുന്നു ശശി സഖാവെന്നും അദ്ദേഹത്തിന്‌ ഔദ്യോഗികപക്ഷവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴം എന്തായിരുന്നുവെന്നും ഓര്‍ക്കുക. പിന്നല്ലേ ഇന്നലെ വന്ന പാവം ഗോപി.. ഇനിയാര്‌ രക്ഷിക്കും. വിഎസോ., ഛെ, ഛെ അദ്ദേഹം പുരുഷന്‍മാരെ രക്ഷിക്കാറില്ലല്ലോ. സത്രീകളുടെ രക്ഷകനായി സ്വയം പ്രഖ്യാപിച്ചു പോയില്ലേ....

No comments:

Post a Comment

Note: Only a member of this blog may post a comment.