Saturday, July 16, 2011

കുളിമുറിയില്‍ നിന്ന് ചിത്രം പകര്‍ത്തിയ സി.പി.എം അദ്ധ്യാപക നേതാവിന് സസ്‌പെന്‍ഷന്‍


 കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കുളിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സി.പി.എം സംഘടനാ നേതാവായ അദ്ധ്യാപകനെ കാര്‍ഷിക സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തു. സര്‍വ്വകലാശാലയുടെ പട്ടാമ്പിയിലെ മേഖലാ ഗവേഷണ കേന്ദ്രത്തില്‍
അഗ്രോണമി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ ബി. രഞ്ജനെയാണ് രജിസ്ട്രാര്‍ ഡോ. പി.ബി. പുഷ്പലത സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തിട്ടുണ്ട്. നേതാവ് ഒളിവിലാണ്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വെള്ളാനിക്കര കാര്‍ഷിക കോളേജില്‍ നിന്നും പഠന പര്യടനാര്‍ത്ഥം പട്ടാമ്പിയില്‍ എത്തിയതായിരുന്നു കുട്ടികള്‍. സംഘത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ട്രെയിനിംഗ് ഹോസ്റ്റലിന്റെ ചുമതലയുള്ള അദ്ധ്യാപകനാണ് രഞ്ജന്‍. താമസവും അവിടെ തന്നെയാണ്. നടുവിലെ ബാത്ത് റൂമില്‍ ഒളിഞ്ഞു നിന്നാണ് ചിത്രമെടുത്തത്. പെണ്‍കുട്ടി കുളിച്ചിരുന്ന ബാത്ത്‌റൂമിന്റെ മുകള്‍തട്ടില്‍ ഇയാള്‍ നേരത്തെ തന്നെ കണ്ണാടി ഒട്ടിച്ച് വെച്ചിരുന്നു. കണ്ണാടിയില്‍ പതിയുന്ന ചിത്രമാണ് ക്യാമറിയില്‍ പകര്‍ത്തിയത്. മുകളിലെ കണ്ണാടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് തൊട്ടടുത്ത കുളിമുറിയില്‍ അദ്ധ്യാപകന്‍ നില്‍ക്കുന്നത് കണ്ടത്. ബഹളം വെച്ച് പുറത്ത് കടന്ന കുട്ടി മറ്റുള്ളവരെ വിളിച്ചുകൂട്ടി. രഞ്ജനില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പ് പകര്‍ത്തിയ രംഗം ഇയാള്‍ ഡിലിറ്റ് ചെയ്ത് കളഞ്ഞു. എന്നാല്‍ ക്യാമറയില്‍ വേറെ ചില അശീല ചിത്രങ്ങള്‍ ഉണ്ടായിരുന്നു. 
സി.പി.എം നിയന്ത്രണത്തിലുള്ള ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കെ.എ.യു. സംഘടനയുടെ നേതാവാണ് കൊല്ലം സ്വദേശിയായ രഞ്ജന്‍. കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി ചേര്‍ന്നത്.
 
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം നടത്തിയ പിന്‍വാതില്‍ നിയമനങ്ങളില്‍ ഒന്നായിരുന്നു രഞ്ജന്റെ നിയമനം. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അച്ഛനും ഇന്നലെ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍വ്വകലാശാലയുടെ കാലാവസ്ഥ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പ്രസാദറാവുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഏതാനും മാസം മുമ്പ് സി.പി.എം സംഘടനയില്‍ പെട്ട ഡോ. ഇ. ശ്രീനിവാസന്‍ ഒരു താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിക്ക് ഇടയാക്കിയിരുന്നു. ശ്രീനിവാസനെ അന്ന് സസ്‌പെന്റ് ചെയ്യുകയുണ്ടായി. എന്നാല്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാലയിലെ സി.പി.എം ഭരണസമിതി തയ്യാറാകാത്തത് പരാതിക്ക് ഇടയാക്കിയിരുന്നു. ഇയാളെ തിരിച്ചെടുത്ത് നീലേശ്വരത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.