Wednesday, July 20, 2011

ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഐസക്ക് നടത്തിയത് ഒളിച്ചോട്ടം


ധവളപത്രത്തിലൂടെ താന്‍ മുന്നോട്ടുവച്ച പ്രധാന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ടി.എം തോമസ് ഐസക്കിന് കഴിഞ്ഞില്ലെന്ന് ധനമന്ത്രി കെ.എം മാണി. വെല്ലുവിളിച്ചതുപോലെ ബദല്‍ ധവള പത്രം പുറത്തിറക്കാന്‍ ഐസക്കിന് കഴിഞ്ഞില്ല.
ആരോപണങ്ങള്‍ക്ക് വേണ്ട വിധത്തില്‍ മറുപടി പറയാതെ ഒളിച്ചോട്ടമാണ് ഐസക്ക് നടത്തിയതെന്നും കെ.എം മാണി പത്ര സമ്മേളനത്തില്‍ ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണം,മാന്ദ്യ വിരുദ്ധ പാക്കേജ്, എന്നിവ മൂലമുള്ള ചിലവുകള്‍ കൊടുത്തു തീര്‍ക്കുന്നതിന് 5133 കോടി രൂപ മാത്രമാണ് ബജറ്റില്‍ ഐസക്ക് വകയിരുത്തിയിരിക്കുന്നത്. ശേഷിക്കുന്ന ബാധ്യതയായ  5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കി വച്ചിരുന്നില്ല. ആവശ്യത്തിന് തുക വകയിരുത്താതെ,പുതിയ വരുമാന മാര്‍ഗ്ഗം ഇല്ലാതെ  പ്രഖ്യാപനം നടത്തുക വഴി വലിയ ബാധ്യത പുതിയ സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഐസക്ക് ചെയ്തത്-മാണി പറഞ്ഞു. തന്റെ ഈ പ്രധാന ആരോപണത്തിന് മറുപടി പറയാന്‍ ഐസക്ക് തയ്യാറായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റിലെ ഓരോ ഖണ്ഡികയും ഐസക്ക് വിശകലനം ചെയ്ത് മറുപടി നല്‍കണം. വെറുതെ പ്രഖ്യാപനം നടത്താന്‍ ധനമന്ത്രിയുടെ ആവശ്യം ഇല്ല. എത് കൊച്ചു കുട്ടിക്കും പ്രഖ്യാപനം നടത്താന്‍ കഴിയും. രൂപയില്ലാതെ ബജറ്റില്‍ പ്രഖ്യാപനം  നടത്തിയിട്ടെന്തുകാര്യമെന്നും കെ.എം മാണി ചോദിച്ചു. 
ഈ വര്‍ഷം ശമ്പള ബാധ്യത വരില്ല എന്ന് ഐസക്ക് പറയുന്നത് ശരിയല്ലെന്ന് മാണി പറഞ്ഞു. സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറി മിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവച്ചാലും 2500 കോടിയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന ഐസക്കിന്റെ വാദവും ശരിയല്ല. പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഐസക്ക് പണം നല്‍കിയിട്ടില്ല. ശമ്പള പരിഷ്‌കരണത്തിനും അധിക ഡി.എക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയെന്ന ഐസക്കിന്റെ പ്രസ്താവന തെറ്റാണെന്നും കെ.എം മാണി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.