Wednesday, July 13, 2011

ഹരിത പ്രതീക്ഷകളുമായി വീണ്ടും കാര്‍ഷിക കേരളം

കൃഷിയുടെ മഹിമ മറന്നതാണ് കേരളത്തിന്റെ പോരായ്മകളുടെ ഹേതു. മന്ത്രി മാണി അവതരിപ്പിച്ച ബജറ്റ് കാര്‍ഷിക മഹിമ വീണ്ടെടുക്കാനുള്ള ധീരമായ ചുവടുവയ്പ്പാണ്.

കേരള വികസനത്തിന് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശനത്തിന് പ്രത്യക്ഷോദാഹരണമാണ് ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റ്. കൃഷിപുരോഗമിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭാവി അപടകത്തിലാകുമെന്നു മനസ്സിലാക്കിക്കൊണ്ടാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്.  അതേസമയം വ്യവസായ മേഖലയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.  കിസാന്‍ ബജറ്റെന്ന് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിന്റെ കാര്‍ഷിക ജീവിത്തിന് പുതിയ ഉണര്‍വ്വ് നല്‍കുമെന്നുറപ്പ്. 
കേരളീയരുടെ മുഖ്യാഹാരമാണ് അരി. സമുദ്രനിരപ്പില്‍ നിന്നു താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടു മുതല്‍ 1500 മീറ്റര്‍ ഉയരത്തിലുള്ള ഇടുക്കിയിലെ വട്ടവട വരെ നെല്ല് കൃഷി വ്യാപിച്ചുകിടക്കുന്നു. മലയാളിക്ക് അരിയാഹാരമില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല എന്നതുതന്നെ.  അരിയാഹാരത്തോട് അനുബന്ധമായ പച്ചക്കറികളോടാണ് പഥ്യം. കേരളീയ കാലാവസ്ഥയ്ക്ക് അനുഗുണമായ പച്ചക്കറികള്‍ ഇവിടെ വിളയണം. കൃഷി കേരളത്തിന്റെ ജീവവായുവാകണം.  ആ വസ്തുത മനസ്സിലാക്കിയിട്ടുള്ള  ഒരു ധനകാര്യപദ്ധതിയാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് കേരളീയ സമൂഹത്തിന് കാഴ്ചവച്ചിരിക്കുന്നത്.  
 
എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടങ്ങള്‍ എന്ന ആശയം വളരെ പ്രശംസനീയമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണിത്.  വിദ്യാര്‍ത്ഥികളെയും യുവജനങ്ങളേയും തെരുവിലിറക്കി സമരം ചെയ്യുന്നതിനുപകരം അവരെ ക്രിയാത്മകമായ പദ്ധതികളില്‍ പങ്കെടുപ്പിക്കണം. തെരുവില്‍ കല്ലെറിഞ്ഞു നടക്കുന്ന സമയത്ത് ഒരു തൈ നടാന്‍ പഠിക്കുന്നതല്ലേ നല്ലത്.  അക്രമാസക്ത സമരങ്ങളില്‍ പങ്കെടുക്കുന്ന നിഷ്‌കളങ്കരായ യുവജനത ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.  കാലാകാലങ്ങളായി തൊഴിലില്ലായ്മയില്‍ വേവലാതിപ്പെടുകയും തൊഴിലില്ലായ്മ പരിഹരിയ്ക്കപ്പെടാതായപ്പോള്‍ നിഷ്‌ക്രിയതയിലേക്കും പ്രവാസജീവിതത്തിലേയ്ക്കും വിധ്വംസകതയിലേക്കും വഴുതിവീഴുകയും ചെയ്തവരാണ് കേരളീയ യുവത്വം. ഒരു വര്‍ഷം ഒരു ദിവസം പോലും തൊഴില്‍ ലഭിക്കാത്തവര്‍ മുപ്പതു ലക്ഷത്തോളമുള്ള കേരളത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയോ വ്യവസായവത്ക്കരണമോ കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാന്‍ സാദ്ധ്യമല്ല.
 
വൈറ്റ് കോളര്‍ ജോലികളില്‍ മാത്രം കണ്ണുനട്ടുള്ള നമ്മുടെ ജീവിതവീക്ഷണം കേരളത്തെ ഒരു ഉപഭോക്തൃസംസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്.  തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തതിനുപിന്നില്‍ ചില ഇടതുപക്ഷഗൂഢാലോചനകളുണ്ട്.  പണിയുള്ളവരെ പടയണിക്കു കിട്ടുകയില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കറിയാം.  അതിനാല്‍ പണി ചെയ്യാന്‍ മടിയുള്ളവരെ 'സിന്ദാബാദ്' വിളിപ്പിച്ച് പ്രകടനത്തൊഴിലാളികളാക്കി അവരുടെ ജീവിതത്തിന്റെ ചാറ് ഊറ്റിക്കുടിക്കുവാന്‍ മാത്രമാണ് ഇടതുപക്ഷനേതാക്കന്മാര്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.  മാറി മാറി ഇടതുപക്ഷം ഭരിച്ച ബംഗാളിലും കേരളത്തിലും തൊഴിലില്ലായ്മയും ഒരു സാമൂഹ്യപ്രശ്‌നമായി നിലനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. ഇത്രകാലം ഭരണം കയ്യാളിയിട്ടും തൊഴിലില്ലായ്മ  പരിഹരിയ്ക്കുവാന്‍ ഇടതുപക്ഷഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.  തൊഴിലില്ലാത്തവരില്‍ 75 ശതമാനം പേരും യുവാക്കളാണ്.  
 
കേരളത്തിലെ അഭ്യസ്തവിദ്യരില്‍ 40 ശതമാനവും തൊഴില്‍രഹിതരാണ്.  ഐ.ടി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം കാര്‍ഷികമേഖലയ്ക്കു കൂടി നല്‍കിയാല്‍ മാത്രമേ കേരളത്തിന്റെ സാമ്പത്തിക വികസനം പൂര്‍ണ്ണമാവുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം ഐക്യജനാധിപത്യമുന്നണി തിരിച്ചറിഞ്ഞിരിക്കുന്നു.  ധനമന്ത്രി കെ. എം. മാണി ഗവണ്‍മെന്റും ഗവണ്‍മെന്റിതര ഏജന്‍സികളുമായി ദീര്‍ഘനാള്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് പുതിയ ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.  കേരളത്തിലെ 58 ശതമാനം ഭൂമിയും കാര്‍ഷികവൃത്തിക്ക് ഉപയുക്തമാണെന്നാണ് ജിയോഗ്രഫിക്കല്‍ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നത്.  27 ശതമാനം വനഭൂമി കൂടി കണക്കിലെടുക്കുമ്പോള്‍ 85 ശതമാനവും ഹരിതമനോഹരമായി മാറേണ്ടനാടാണ് നമ്മുടേത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ 30.43 ലക്ഷം ഹെക്ടര്‍ വിളഭൂമിയില്‍ 5.15 ലക്ഷം ഹെക്ടറില്‍ മാത്രമാണ് നാം ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നത്.  പച്ചക്കറികളുടെയും നിത്യോപയോഗഭക്ഷ്യധാന്യങ്ങളുടെയും കാര്യത്തില്‍ പൂര്‍ണ്ണമായും അന്യസംസ്ഥാനങ്ങളെ ഉപജീവിക്കാതെ നിവര്‍ത്തിയില്ലാതായിരിയ്ക്കുന്നു.
 
പരിപൂര്‍ണ്ണമായ ഇച്ഛാശക്തിയോടെ കേരളീയരെ കാര്‍ഷികജീവിതത്തിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഐക്യജനാധിപത്യമുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.  സമഗ്രവും സുസ്ഥിരവുമായ വികസനത്തിനു വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഒരു സമഗ്രവികസന നയരേഖ അവതരിപ്പിച്ചിരുന്നു. വികസനത്തകര്‍ച്ച വികസനത്തിനുള്ള തന്ത്രങ്ങള്‍, വികസനലക്ഷ്യങ്ങള്‍ മുതലായവയെക്കുറിച്ചുള്ള സര്‍വ്വതല സ്പര്‍ശിയായ ഒരു ചര്‍ച്ചയാണ് അവിടെ നടന്നത്.  സാമൂഹ്യ വികസനത്തില്‍ മുന്നില്‍ നിന്നിരുന്ന കേരളം ഇടതുപക്ഷ  ഭരണത്തിന്റെ ഫലമായി രൂക്ഷമായ വികസനത്തകര്‍ച്ച നേരിടുകയാണ്. കേരളത്തിലെ 42 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഇടതുഭരണം കൊണ്ടുണ്ടായ നേട്ടം.  വികസനത്തിന്റെ അടിസ്ഥാനഘടകങ്ങളായ ഗതാഗതം, കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളെ ഇടതുഭരണം സ്തംഭനാവസ്ഥയിലാക്കി.  ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പരിണിതഫലമായി വിദേശങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തോടെ സംസ്ഥാനത്തിലേയ്ക്കു തിരിച്ചുവന്നു.
 
ഇടതുപക്ഷ ഭരണകൂടം ഇവരെ സ്വാഗതം ചെയ്ത് കേരളത്തില്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അവരെ തൊഴിലില്ലാപ്പടയണിയില്‍ ചേര്‍ത്ത് രാഷ്ട്രീയലാഭം കൊയ്യാനാണ് ഇടുതുപക്ഷം ശ്രമിക്കുന്നത്. കേരളത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി, മെട്രോ റെയില്‍പദ്ധതി, പാലക്കാട്ടെ റെയില്‍വേ കോച്ചുഫാക്ടറി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളെല്ലാം രാഷ്ട്രീയ വൈകല്യലക്ഷ്യങ്ങളുടെ തിമിരാന്ധകാരത്തില്‍ മുക്കിത്താഴ്ത്താന്‍ ശ്രമിച്ചു. വ്യാവസായികമേഖലയോടൊപ്പം കാര്‍ഷികമേഖലയേയും തച്ചുതകര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്.  വിദേശരാജ്യങ്ങളിലധിവസിക്കുന്ന കേരളീയരുടെ സംഖ്യ 14 ലക്ഷത്തിലേറെയാണ്. 1990കളില്‍ ഗള്‍ഫ് നാടുകളിലെ മലയാളികള്‍ കേരളത്തിലേക്കൊഴുകിയത് 10835 കോടി രൂപയായിരുന്നു. 2006 ല്‍ ഗള്‍ഫ് മലയാളികള്‍ കേരളത്തിലേയ്ക്ക് അയച്ചത് 22000 കോടി രൂപയാണ്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ നിന്നും അവിദഗ്ധ തൊഴിലാളികളെ തിരിച്ചയയ്ക്കുന്ന സാഹചര്യത്തില്‍ ഈ വരുമാനം കേരളത്തില്‍ ഇനി പ്രതീക്ഷിക്കുവാന്‍ വക നല്‍കുന്നില്ല.
 
ആഭ്യന്തരോല്പ്പാദന വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖല കുടിയേറ്റങ്ങളുടെ ഫലമായി തകര്‍ന്നടിഞ്ഞു. റബ്ബറൊഴിച്ചുള്ള കാര്‍ഷികോല്പ്പാദനങ്ങളുടെ ഉല്പ്പാദനം നിലംപൊത്തുകയും കേരളം ഉപഭോക്തൃസംസ്ഥാനമായി മാറുകയും ചെയ്തു. ഗള്‍ഫ് കുടിയേറ്റം വ്യാപകമായിരുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കാര്‍ഷികമേഖല നിര്‍ജ്ജീവമായി.  ഇതിനു കാരണം ഉല്‍പ്പാദനച്ചെലവിലെ വര്‍ദ്ധനയും കാര്‍ഷികോല്പ്പാദനങ്ങളുടെ വിലക്കുറവുമായിരുന്നു. പ്രവാസികളെ ആശ്രയിച്ചുകഴിയുന്ന കേരളജനതയ്ക്ക് ഗള്‍ഫ് പണം അനായാസേന ലഭിക്കുന്ന സ്ഥിരവരുമാനമെന്ന മിഥ്യാധാരണയുണ്ട്.  വൈവിധ്യമാര്‍ന്ന കാര്‍ഷികവിഭവങ്ങള്‍ അന്യനാടുകളില്‍ നിന്നും കമ്പോളങ്ങളിലെത്തുകയും അതിനെ ഉപഭോഗം ചെയ്യുവാനുള്ള സാമ്പത്തിക ശക്തി സ്വന്തമായുണ്ടെന്നുള്ള വിശ്വാസം വളരുകയും ചെയ്തതോടെ കേരളീയമനോഭാവം കാര്‍ഷികവിമുഖമായി മാറി. ഈ മനോഭാവത്തെ മാറ്റിമറിയ്ക്കുവാനാണ് ഐക്യജനാധിപത്യമുന്നണി കാര്‍ഷിക സൗഹൃദപരമായ ഒരു ധനകാര്യപദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.  അരയേക്കര്‍ സ്ഥലത്ത് ഒരു കുടുംബത്തിനാവശ്യമായ മിക്ക കാര്‍ഷികവിളകളും വളര്‍ത്തിയെടുക്കാനുള്ള ആധുനിക സമ്പ്രദായങ്ങള്‍ നിലനിന്നിട്ടുകൂടി അതിലേയ്ക്ക് ശ്രദ്ധതിരിയ്ക്കുവാന്‍ മലയാളിയുടെ വികലവീക്ഷണങ്ങള്‍ അനുവദിക്കുന്നില്ലെന്നുള്ളതാണ് പരമാര്‍ത്ഥം. 
 
തൊഴിലില്ലായ്മ കുറയ്ക്കുന്നതില്‍ പ്രവാസജീവിതം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും വൈദേശികത്തൊഴിലുകളുടെ സാദ്ധ്യതകള്‍ മാത്രം  ചൂഷണം ചെയ്ത് എക്കാലത്തും അതിജീവനം ചെയ്യാമെന്ന ധാരണയില്‍ നിന്നും കേരളീയര്‍ പിന്മാറേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.  ഇവിടുത്തെ മരങ്ങളും മലകളും മൃഗങ്ങളും വെള്ളവും വിളകളും സംരക്ഷിയ്ക്കപ്പെടണമെങ്കില്‍ കാര്‍ഷികസംസ്‌ക്കാരം വളരണം.  ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഉള്‍പ്പെടെയുള്ള ദീര്‍ഘദര്‍ശികള്‍ കേരളീയ കാര്‍ഷിക സംസ്‌കൃതിയെ പുനരുജ്ജീവിപ്പിയ്ക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഗാന്ധിയന്‍ ദര്‍ശനത്തെ ഉപജീവിച്ചുള്ള ഒരു കാര്‍ഷിക ബജറ്റാണ് മുന്നോട്ടുവച്ചിട്ടുള്ളത്.  ഒരു ഹെക്ടര്‍ വരെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള തീരുമാനം കാര്‍ഷികവൃത്തിയിലേയ്ക്ക് ജനതയെ ആകര്‍ഷിക്കുമെന്നുള്ളതാണ്. ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു തീരുമാനമാണ് വനം, പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുമെന്നുള്ളത്.
 
കര്‍ഷക ജനതയോടു കൂറു പുലര്‍ത്തുന്നതും സാമൂഹ്യക്ഷേമത്തിനു പ്രാധാന്യം നല്‍കുന്നതുമായ ഒരു നയരേഖയാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടനാടന്‍ കര്‍ഷകര്‍ക്കുള്ള പമ്പിംഗ് സംബ്‌സിഡി പൂര്‍ണ്ണമാക്കിയത് ഏറ്റവും ഗുണകരമായ തീരുമാനമാണ്.  എല്ലാ കൃഷികള്‍ക്കും ബാധകമായ അപകട ഇന്‍ഷ്വറന്‍സും പെന്‍ഷന്‍ ആനുകൂല്യങ്ങളും കൂടിച്ചേര്‍ന്ന കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി ഭാവനാപൂര്‍ണ്ണമായ സമഗ്രപരിഷ്‌ക്കരണ പ്രക്രിയയാണ്. പുതിയ കാര്‍ഷികനിയമങ്ങളിലൂടെ കര്‍ഷകന്റെ അന്തസ്സ് ഉയരുകയും കൂടുതല്‍ സാങ്കേതികവൈദഗ്ധ്യം കാര്‍ഷികരംഗത്ത് അവതരിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രത്യുല്‍പ്പാദനപരമല്ലാത്ത മേഖലകളില്‍ പണം മുടക്കിക്കൊണ്ട് ജനങ്ങളെ വീണ്ടും പ്രതീക്ഷയില്ലാത്തവരാക്കി മാറ്റുന്നതിനു പകരം അവരെ കര്‍മ്മപദ്ധതിയിലേയ്ക്കു നയിക്കുവാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.