Thursday, July 28, 2011

ബദല്‍ധവളപത്രത്തെച്ചൊല്ലി സിപിഎമ്മില്‍ പുകച്ചില്‍

നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ കഴിയാതെ പാര്‍ട്ടിയും മുന്നണിയും നാണംകെട്ടെന്ന്‌ സിപിഎമ്മില്‍ വിമര്‍ശനം. മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ബദല്‍ ധവളപത്രത്തെച്ചൊല്ലിയാണു വിവാദം. പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്‌. മുന്നണിയിലെ ഘടക കക്ഷികള്‍ക്കുമുണ്ട്‌ പരാതി. എന്നാല്‍ വിവാദമാക്കി യുഡിഎഫിന്‌ വടി നല്‍കാന്‍ താല്‌പര്യം കാണിക്കുന്നില്ലെന്നു മാത്രം. അടുത്ത മാസം ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത്‌ ചര്‍ച്ചയ്‌ക്കു വന്നേക്കും.
ധനമന്ത്രി കെ എം മാണിയുടെ ധവളപത്രത്തിനു ബദലായി തോമസ്‌ ഐസക്കിന്റെ ധവളപത്രം സഭയില്‍ വന്നില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാമായിരുന്നു എന്നതാണ്‌ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തിന്റെ കാതല്‍. ഐസക്‌ ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്തുവയ്‌ക്കാന്‍ അനുമതി തേടുകയും സ്‌പീക്കര്‍ അത്‌ നല്‍കാതിരിക്കുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളില്‍പെട്ട്‌ 30 മിനിറ്റോളം നഷ്ടപ്പെട്ടു. ഈ സമയമത്രയും സഭയില്‍ ഭരണപക്ഷത്ത്‌ വേണ്ടത്ര എണ്ണം എംഎല്‍എമാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്‌ മനസിലാക്കി ധനവിനിയോഗബില്‍ അവതരണത്തിനും അതിന്റെ വോട്ടെടുപ്പിനും നേരത്തേ അവസരമുണ്ടാക്കുന്നതിനു പകരം ബദല്‍ ധവളപത്രത്തിന്റെ പേരില്‍ സമയം നഷ്ടപ്പെടുത്തി. പിന്നീട്‌ ധനവിനിയോഗ ബില്‍ അവതരിപ്പിച്ച്‌ ധനമന്ത്രി പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ മാത്രമാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോയത്‌ പ്രതിപക്ഷ നേതാക്കള്‍ക്ക്‌ മനസിലായത്‌. പൊടുന്നനെ സടകുടഞ്ഞെണീറ്റ്‌ കളം തിരിച്ചു പിടിക്കാനും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടവര്‍ തന്നെ അതില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌കരിക്കുകയും ചെയ്‌തു.
നിയമസഭയില്‍ മന്ത്രിമാരല്ലാത്തവര്‍ക്ക്‌ ധവളപത്രം പോലുള്ള രേഖകള്‍ സമര്‍പ്പിക്കണമെങ്കില്‍ സ്‌പീക്കറുടെ പ്രത്യേക അനുമതി വേണം. അതിനാകട്ടെ നേരത്തേ എഴുതിക്കൊടുക്കുകയും വേണം. മാണിയുടെ ധവളപത്രത്തിനെതിരേ ബദല്‍ ധവളപത്രം കൊണ്ടുവരുമെന്നു തലേന്നു പ്രഖ്യാപിച്ച തോമസ്‌ ഐസക്‌ അത്‌ സഭയുടെ മേശപ്പുറത്ത്‌ വെയ്‌ക്കാന്‍ സ്‌പീക്കറുടെ അനുമതി തേടിയിരുന്നില്ല. അുകൊണ്ടുതന്നെ സ്‌പീക്കര്‍ അനുവദിച്ചുമില്ല. അതേത്തുടര്‍ന്നായിരുന്നു ബഹളം.
എം വിജയകുമാര്‍ സ്‌പീക്കറായിരുന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ ഇതുസംബന്ധിച്ച്‌ സഭാ ചട്ടങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്‌. മന്ത്രിമാരല്ലാത്തവരും സര്‍ക്കാര്‍ കാര്യവുമായി ബന്ധപ്പെട്ടത്‌ അല്ലാത്തതുമായ രേഖകള്‍ സാമാജികന്‌ സഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണമെങ്കില്‍ സ്‌പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന്‌ നിയമസഭാചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ക്ക്‌ ഇത്‌ ഒരുപോലെ ബാധകമാണ്‌.എന്നാല്‍ മുമ്പ്‌ മൂന്നുതവണ എംഎല്‍എ ആയിരിക്കുകയും അഞ്ചു വര്‍ഷം ധനമന്ത്രിയായിരിക്കുകയും ചെയ്‌ത തോമസ്‌ ഐസക്‌ ഇതു മനസിലാക്കാതെ പെരുമാറിയെന്നാണ്‌ വിമര്‍ശനം. മറ്റു മുതിര്‍ന്ന അംഗങ്ങളും ഇത്‌ ചൂണ്ടിക്കാട്ടാതിരുന്നത്‌, പാര്‍ട്ടിയുടെയും മുന്നണിയുടെയും നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമായി മാറുന്നുവെന്നതിന്‌ ഉദാഹരണമായാണ്‌ പുറത്തുള്ള നേതാക്കള്‍ ആരോപിക്കുന്നത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.