Friday, July 29, 2011

മാന്യതയില്ലാത്ത രാഷ്ട്രീയം


രാഷ്ട്രീയത്തില്‍ ധാരാളം അനാരോഗ്യ പ്രവണതകളുണ്ട്. എതിരാളികളെ തേജോവധം ചെയ്യാനുള്ള നീക്കം അതിലൊന്നാണ്. വ്യത്യസ്ത അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും ഏറ്റുമുട്ടല്‍ എന്ന ആരോഗ്യകരമായ സമീപനത്തിന് പകരം നുണക്കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമായിരിക്കില്ല.
എതിരാളി എന്നുകരുതുന്ന വ്യക്തിയോടുള്ള സമീപനത്തില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ ഒരാളിന്റെ മഹത്വവും മാന്യതയും വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ കേരളത്തിലെ സി.പി.എം ഒരിക്കലും മാന്യമായ സമീപനം പുലര്‍ത്തിയിട്ടില്ല. ആറുവര്‍ഷം മുമ്പ് ആലപ്പുഴയിലെ കണിച്ചുകുളങ്ങരയില്‍ നടന്ന ആസൂത്രിതമായ ഒരു കൂട്ടക്കുരുതി കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. എറണാകുളത്തെ ചെറായി കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ഒരു ചിട്ടിക്കമ്പനിയുടെ ഉടമകള്‍ വാടകക്കൊലയാളികളെ നിയോഗിച്ച് വാഹനാപകടമെന്ന് തോന്നിപ്പിക്കുംവിധം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. ആ കേസിലെ പ്രതികളെ രക്ഷിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കൈക്കൂലി വാങ്ങി എന്നാരോപിച്ച് കണിച്ചുകുളങ്ങര ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹക്കിം എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ആ പരാതിയുടെ സത്യസന്ധത പരിശോധിക്കുകയോ പരാതി ഉന്നയിച്ച വ്യക്തിയുടെ വിശ്വാസ്യത കണക്കിലെടുക്കുകയോ ചെയ്യാതെ അതേപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് 2007 ആഗസ്റ്റില്‍ അന്വേഷണവും ആരംഭിച്ചു. തീരെ വിശ്വാസ്യത പുലര്‍ത്തിയിട്ടില്ലാത്ത ആളും പൊലീസിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കുറ്റകരമായ പശ്ചാത്തലമുള്ള വ്യക്തിയുമാണ് പരാതിക്കാരന്‍ എന്ന് അറിയാമായിരുന്നിട്ടും കെ.പി.സി.സി പ്രസിഡന്റിനെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടുപോയി. അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരാതിക്കാരനും ചേര്‍ന്ന് നടത്തിയ ഒരു ഗൂഡാലോചനയായിരുന്നു ആ വിജിലന്‍സ് അന്വേഷണം എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
 
പരാതിക്കാരന്‍ പരസ്യമായി ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അപ്പോള്‍ അയാള്‍ ആരോപണം പിന്‍വലിക്കുകയാണ് ചെയ്തത്. വ്യാജപരാതിയാണ് അയാള്‍ ഉന്നയിച്ചതെന്ന് വ്യക്തമായിരിക്കെ രാഷ്ട്രീയസദാചാരത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന് അപ്പോള്‍ തന്നെ ഉപേക്ഷിക്കാമായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം ശത്രുപക്ഷത്തുള്ള രമേശ് ചെന്നിത്തലയോട് ആ മാന്യത ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. മൂന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് രമേശ് ചെന്നിത്തല നിരപരാധിയാണെന്നും പരാതി വ്യാജമാണെന്നും രേഖകള്‍ പലതും കൃത്രിമമാണെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടതു സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണസംഘത്തെ മൂന്നരക്കൊല്ലം നിലനിര്‍ത്തിയതിന് പൊതുഖജനാവിന് ഉണ്ടായ നഷ്ടം എത്ര ഭീമമാണ്? രാഷ്ട്രീയ എതിരാളിയെ തേജോവധം ചെയ്യാന്‍ ഇത്രയും നീചമായ ഒരു നടപടി സി.പി.എം നയിക്കുന്ന ഇടതുസര്‍ക്കാരിന് മാത്രമേ സ്വീകരിക്കാനാവൂ. കൊലക്കേസ് പ്രതികളില്‍ നിന്ന് രമേശ് 45.3 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിച്ചെന്ന് കാണിക്കുന്ന രേഖ കൃത്രിമമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ 2002ല്‍ പ്രതികളില്‍ ഒരാള്‍ ചെന്നിത്തലയ്ക്ക് എഴുതിയതായി പറയുന്ന കത്തും വ്യാജമാണെന്ന് അന്വേഷകര്‍ മനസ്സിലാക്കുന്നു.
 
ഇത്തരത്തില്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കി സമുന്നതനായ ഒരു നേതാവിനെ തേജോവധം ചെയ്യാന്‍ മുതിര്‍ന്ന പരാതിക്കാരന്റെ പേരില്‍ നിയമനടപടി സ്വീകരിക്കേണ്ടതാണ്. പരാതി അന്വേഷിക്കാന്‍ വിജിലന്‍സിനെ നിയോഗിക്കുകവഴി സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും അയാളില്‍ നിന്ന് ഈടാക്കാവുന്നതാണ്. ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കിയവരുമായി പരാതിക്കാരന്‍ ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം

No comments:

Post a Comment

Note: Only a member of this blog may post a comment.