Sunday, July 31, 2011

'പരിവര്‍ത്തിതൊ' ബംഗാള്‍


34 വര്‍ഷത്തെ സി.പി.എം. ഭരണത്തിനു ശേഷം ബംഗാളില്‍ അധികാരത്തിലേറിയ മമതാ ബാനര്‍ജിയുടെ ഗവണ്‍മെന്റിനെക്കുറിച്ച് വിലയിരുത്താന്‍ സമയമായിട്ടില്ല. മുദ്രാവാക്യങ്ങള്‍ വിട്ട് പ്രവര്‍ത്തിക്കേണ്ട ഘട്ടം വരുമ്പോള്‍ മമതയുടെ മുന്നില്‍ ഉയരാവുന്ന വെല്ലുവിളികള്‍ ഏറെയാണ്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ കണ്ടു കഴിഞ്ഞു
''തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ കൂടുതല്‍ 60 ദിവസത്തെ ഭരണത്തിനിടയില്‍ നിറവേറ്റിക്കഴിഞ്ഞു''- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ബ്രിഗേഡ് പരേഡ് മൈതാനത്തില്‍ നടത്തിയ പാര്‍ട്ടി പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞതാണിത്. 

സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്കുവേണ്ടി സര്‍ക്കാര്‍ പിടിച്ചെടുത്ത് ടാറ്റായ്ക്ക് കൈമാറിയ ഭൂമി സര്‍ക്കാര്‍ തന്നെ തിരിച്ചുപിടിച്ചു സമ്മതമില്ലാത്ത കര്‍ഷകര്‍ക്ക് നല്‍കാനുള്ള നടപടികളും ജംഗല്‍ മഹലില്‍ ശാന്തി പുനഃസ്ഥാപിക്കാനുള്ള നടപടികളും ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖാ ലാന്‍ഡ് പ്രശ്‌നത്തിന് പരിഹാരമായി ത്രി കക്ഷി ഉടമ്പടി ഒപ്പുവെച്ചതും തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങളായി മമത അവകാശപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ എടുത്ത നടപടികളും തന്റെ ഭരണ നേട്ടമായി മമത പൊക്കിപ്പിടിക്കുന്നുണ്ട്.

കൊല്‍ക്കത്തയെ ലണ്ടനും ഉത്തര ബംഗാളിനെ സ്വിറ്റ്‌സര്‍ലന്‍ഡുമൊക്കെയാക്കുമെന്നും മമത വീമ്പടിച്ചിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിച്ചതായും മമത അവകാശപ്പെട്ടു. രണ്ടുമാസത്തെ ഭരണം കൊണ്ട് ഇത്രയധികം നേട്ടങ്ങള്‍ മറ്റൊരു സര്‍ക്കാറിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും മമത അഭിപ്രായപ്പെട്ടു. പ്രതികാരമല്ല, മാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നര്‍ഥംവരുന്ന 'ബദ്‌ല നോയ്, ബദല്‍ ചായ്' എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അതുകൊണ്ട് തന്നെ 34 വര്‍ഷത്തെ ഇടതു ഭരണത്തില്‍ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുകയും സംസ്ഥാനത്തിന്റെ മുതല്‍ കൊള്ളയടിക്കുകയും ചെയ്ത സി.പി.എമ്മുകാര്‍ക്കെതിരെ ഒരുതരത്തിലുള്ള പ്രതികാര നടപടികളും എടുക്കരുതെന്ന് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ തന്നെ അവര്‍ക്ക് ശിക്ഷ കൊടുത്തുകഴിഞ്ഞെന്നും അതിലും വലിയ ശിക്ഷ ആവശ്യമില്ലെന്നും മമത പറയുകയുണ്ടായി. 

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും സമാനമായി കാണുമെന്നും പക്ഷപാതിത്വപരമായി അവരോടു പെരുമാറുക യില്ലെന്നും മമത പ്രഖ്യാപിച്ചു. ഇത്രയും കാലം സി.പി. എം. തുടര്‍ന്നുപോന്ന ഏകകക്ഷി സര്‍വാധിപത്യം തങ്ങള്‍ തുടരുകയില്ലെന്നും -മമത തറപ്പിച്ചു പറയുകയുണ്ടായി. 'പരിവര്‍ത്തന്‍', മാറ്റം ആയിരുന്നു തിരഞ്ഞെടുപ്പുകാലത്ത് തൃണമൂല്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇപ്പോള്‍ 'പരിവര്‍ത്തിതൊ' ബംഗാളിന്റെ, പരിവര്‍ത്തനം ചെയ്യപ്പെട്ട ബംഗാളിന്റെ, മുഖ്യമന്ത്രിയാണ് മമത.

ഇടതു മുന്നണിയുടെ 34 വര്‍ഷത്തെ അധികാര കുത്തക അവസാനിപ്പിച്ചു മമത അധികാരത്തിലെത്തിയിട്ട് രണ്ടു മാസം മാത്രമാണ് പിന്നിട്ടത്. ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കാലയളവേ അല്ല ഇത്. പക്ഷേ, മുഖ്യമന്ത്രിതന്നെ മേല്‍ വിവരിച്ചവിധം വിലയിരുത്തലിനു മുതിര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ അവകാശവാദങ്ങളെ പരിശോധിക്കുന്നതില്‍ അപാകം തോന്നേണ്ട ആവശ്യമില്ല. 

മമതയെ സംബന്ധിച്ചിടത്തോളം പദ്ധതികളുടെ പ്രഖ്യാപനമാണ് പ്രധാനം, അത് നടപ്പാക്കില്ല എന്ന് മനസ്സിലാക്കാന്‍ അവര്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നടപടികളിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. റെയില്‍വേ ഇന്ന് കുത്തഴിഞ്ഞ സ്ഥിതിയിലാണ്. റെയിലപകടങ്ങള്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പറയാനേ ഇല്ല. പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സിനെപ്പറ്റി വേവലാതിപ്പെടാറില്ല. കാരണം, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കിക്കൊള്ളണമെന്നില്ലല്ലോ. 

സംസ്ഥാനത്തിന്റെ ഭരണകാര്യത്തിലും മമത അവലംബിക്കുന്നത് ഇതേ രീതിയാണ്. മുമ്പും പിമ്പും നോക്കാതെ നടപടികള്‍ എടുക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയുമാണ്. സിംഗൂരിന്റെ പ്രശ്‌നം തന്നെയെടുക്കാം. ആദ്യം ഓര്‍ഡിനന്‍സ് വഴി ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, നിയമവിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും തടസ്സവാദങ്ങള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. ധൃതികൂട്ടി നിയമസഭയില്‍ ഒരു ബില്‍ പാസ്സാക്കിയെടുത്തെങ്കിലും ടാറ്റയും ഭൂമി കൊടുത്തവരും നിയമയുദ്ധത്തിന് ഒരുമ്പെട്ടതുകൊണ്ട് സമ്മതമില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമി കൈമാറാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. 

മാവോവാദികളുടെ പ്രക്ഷോഭങ്ങളെക്കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ജംഗല്‍മഹലില്‍ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും സംയുക്തസേനയുടെ സാന്നിധ്യത്തിലും രാഷ്ട്രീയക്കാരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലും അവരെ നിരുപാധികം വിട്ടയയ്ക്കുന്ന പ്രശ്‌നത്തിലും മാവോവാദികളും ആദിവാസി സംഘടനകളും മനുഷ്യാവകാശസംഘടനകളും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ സമാധാനം പുനഃസ്ഥാപിക്കാനോ വികസന പദ്ധതികള്‍ നടപ്പാക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. 

അധികാരത്തിലെത്തുന്നതിനു മുമ്പ് മമത തന്നെ ആവശ്യപ്പെട്ടിരുന്നതാണ് സംയുക്ത സേനയുടെ പിന്‍മാറ്റവും രാഷ്ട്രീയ തടവുകാരുടെ മോചനവുമൊക്കെ. പക്ഷേ, അധികാരത്തിലെത്തിയശേഷം ഇക്കാര്യങ്ങളില്‍ കാണിക്കുന്ന മെല്ലെപ്പോക്ക് നയം അവര്‍ക്ക് എതിരാളികളെ സൃഷ്ടിച്ചിരിക്കുകയാണ്. 

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുമായി ഏറെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഗൂര്‍ഖാലാന്‍ഡ് ഉടമ്പടി ഗൂര്‍ഖ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയില്ല എന്നത് ഉടമ്പടി ഒപ്പുവെച്ച ശേഷം ഇരുകൂട്ടരും നടത്തുന്ന പ്രസ്താവനകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം തന്നെയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും അതിലേക്കുള്ള ആദ്യ പടിയാണ് ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉടമ്പടിയിലൂടെ തങ്ങള്‍ ചവിട്ടിയതെന്ന ഗൂര്‍ഖാ ജനമുക്തി നേതാവ് ബിമല്‍ ഗുരുങ്ങിന്റെ പ്രസ്താവനയും ഒരു കാരണവശാലും ബംഗാള്‍ വിഭജിക്കുന്ന പ്രശ്‌നമില്ലെന്നും ഉള്ള മമതയുടെ പ്രഖ്യാപനവും പ്രശ്‌നത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നതാണ്. 

പ്രശ്‌നങ്ങളുടെ പണ്ടോരയുടെ പെട്ടകം തുറക്കുകയാണ് ഈ ഉടമ്പടിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ഗൂര്‍ഖാലാന്‍ഡ് ഉടമ്പടിയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു വിശാല കൂച്ച്ബിഹാര്‍ പ്രക്ഷോഭകാരികള്‍ തങ്ങളുടെ സമരം ശക്തിപ്പെടുത്താന്‍ രംഗത്തെത്തിയതു പ്രതിപക്ഷത്തിന്റെ വാദഗതിയെ സാധൂകരിക്കുകയാണ്! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഉത്സാഹം വര്‍ധിപ്പിക്കും ഈ ഉടമ്പടി. പുതിയ സര്‍ക്കാറിനു തലവേദനയും അതുണ്ടാക്കും.

ആകാരത്തില്‍ ചെറുതായ മന്ത്രിസഭ മമതയുടെ പ്രധാന അവകാശവാദങ്ങളില്‍ ഒന്നായിരുന്നു. ഇടതു മുന്നണിയുടെ കാലത്തുള്ള ജംബോ മന്ത്രിസഭയെ പാര്‍ട്ടി നേതാക്കള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള ഉപാധിയാണെന്ന് പരിഹസിച്ചിരുന്ന മമതയും തന്റെ നേതൃത്വത്തില്‍ ശപഥം ചെയ്യിച്ചത് ആകാരത്തില്‍ ഇടതു മുന്നണിയുടെ കാലത്തുള്ള ജംബോമന്ത്രിസഭതന്നെയാണ്. 

കൂടാതെ മന്ത്രിസഭയില്‍ ഇടംകിട്ടാത്തവരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. (റെയില്‍വേമന്ത്രിയായിരുന്ന കാലത്തും മമത തന്റെ സില്‍ബന്ധികള്‍ക്ക് വിവിധ കമ്മിറ്റികളില്‍ വന്‍ തുക പാരിതോഷികം നല്‍കി ഇടം കൊടുത്തിട്ടുണ്ടായിരുന്നു). അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ആരോഗ്യ രംഗത്ത് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. 

സര്‍ക്കാര്‍ ആസ്പത്രികളില്‍ ആരോഗ്യവകുപ്പിന്റെ കൂടി വകുപ്പുള്ള മുഖ്യമന്ത്രി നടത്തുന്ന മിന്നല്‍ സന്ദര്‍ശനങ്ങള്‍ താത്കാലികമായ ഒരു ചലനം സൃഷ്ടിച്ചേക്കാം. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനങ്ങള്‍! മാധ്യമങ്ങളില്‍ വാര്‍ത്തയും സാധാരണ ജനങ്ങളുടെ ഇടയില്‍ 'താത്കാലികാവേശ'വും സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്നലാതെ വലിയ ഗുണഫലം അത് കൊണ്ടുണ്ടാകുമോ എന്ന് സംശയമാണ്. 

വിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് പഠനത്തിനു മുന്‍തൂക്കം നല്‍കിയതും സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ട പ്രസിഡന്‍സി കോളേജിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് അമര്‍ത്യാ സെന്‍ രക്ഷാധികാരിയായി രൂപവത്കരിച്ച കമ്മിറ്റിയും മറ്റും തീര്‍ച്ചയായും മധ്യവര്‍ഗത്തെ കൈയിലെടുക്കുന്നതില്‍ സഹായിച്ചേക്കാം. ഒരു അടിമുടി അഴിച്ചുപണിക്കു തയ്യാറാകാത്തിടത്തോളം ഈ രംഗത്തും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയുകയില്ല. ഇപ്പോഴും ബംഗാളില്‍ നിരക്ഷരരുടെയും ഇടയ്ക്കുവെച്ചു വിദ്യാഭ്യാസം നിര്‍ത്തുന്നവരുടെയും സംഖ്യ വളരെ കൂടുതലാണ്. 

താന്‍ അധികാരത്തില്‍ വന്നാല്‍ ക്രമസമാധാനം മെച്ചപ്പെടുത്തുമെന്നും ഏകകക്ഷി മേധാവിത്വം അവസാനിപ്പിക്കുമെന്നും മമത ആണയിട്ടിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകഴിഞ്ഞു മമത മുഖ്യമന്ത്രിയായത്തിനു ശേഷം സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ഇതിനോടകം ഭരണകക്ഷിയില്‍പ്പെട്ടവരടക്കം മുപ്പതിലധികം പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് വീടും നാടും വിട്ടോടിപ്പോകേണ്ടി വന്നു. 

പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പരാതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ സി.പി.എം. മേധാവിത്വമാണ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേതാണെന്നുമാത്രം. കോണ്‍ഗ്രസ്സിന്റെ ട്രേഡ്‌യൂണിയന്‍ സംഘടനയായ ഐ.എന്‍.ടി.യു.സി. പോലും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമത്തെക്കുറിച്ച് പരാതിപ്പെടുകയുണ്ടായി. 

ഗ്രാമങ്ങളില്‍ പഴയ ഭൂവുടമകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പാട്ടക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭൂവുടമകളുടെ ഗുണ്ടകളും പോലീസുകാരില്‍ ഒരു വിഭാഗവും ചേര്‍ന്നുകൊണ്ടാണ് പാട്ടക്കൃഷിക്കാരെ ഒഴിപ്പിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണ മന്ത്രിയായിരുന്ന അബ്ദുര്‍ റസാക്‌മൊല്ലയുടെ നേതൃത്വത്തില്‍ പാട്ടക്കൃഷിക്കാരും പ്രതിരോധം സംഘടിപ്പിക്കുന്നുണ്ട്. 



ഈ സമരത്തില്‍ നക്‌സല്‍ ആഭിമുഖ്യമുള്ള സംഘടനകളും പങ്കെടുക്കുന്നുണ്ട്. സിങ്കൂരിലെയും നന്ദിഗ്രാമിലെയും സമരങ്ങള്‍ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നെന്ന കാര്യം ഭരണത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് മറക്കുകയാണ്. ഈ സംഭവങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൃഷിഭൂമി പണ്ടത്തെ ഭൂവുടമകള്‍ ഒഴിപ്പിച്ചെടുക്കും എന്ന സി.പി.എമ്മിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്.

തീരുമാനങ്ങളെടുക്കുന്നതില്‍ സ്വേച്ഛാധിപത്യ പ്രവണത, സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത മന്ത്രിമാര്‍, പാര്‍ട്ടിയിലും സര്‍ക്കാറിലും ചോദ്യം ചെയ്യപ്പെടാത്ത മമതയുടെ നേതൃത്വം. ഇവ ഭാവിയില്‍ അലോസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 
രണ്ടു ലക്ഷം കോടിയിലധികം കടബാധ്യതയുള്ള ഖജനാവാണ് കഴിഞ്ഞ സര്‍ക്കാര്‍ മമതയ്ക്ക് സമ്മാനിച്ചു പോയത്. 

ഡല്‍ഹിയില്‍ ദര്‍ബാറുകള്‍ നടത്തിയ മമതയ്ക്ക് കേന്ദ്രധനകാര്യമന്ത്രിയും പ്ലാനിങ് കമ്മീഷനും വമ്പന്‍ പാക്കേജ് വാഗ്ദാനം ചെയ്‌തെങ്കിലും മമതയുടെ തന്നെ ഭാഷയില്‍ ഒരു നയാപൈസപോലും ഇതുവരെയും സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നത് മമത പറയുമ്പോള്‍ ഇപ്പോഴത്തെ ഖജനാവിന്റെ സ്ഥിതി വെച്ചു ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുംകൂടി കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. കൂടുതല്‍ നികുതികള്‍ ചുമത്തി വരുമാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന് ആനുപാതികമായ തുകയേ കേന്ദ്രം അനുവദിക്കുകയുള്ളൂ എന്നതിനാല്‍ ജനങ്ങളുടെ മേല്‍ മമതയ്ക്ക് അധികഭാരം ചുമത്തേണ്ടി വരും. 

തങ്ങളുടെ കൂടി പിന്തുണയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ദിവസവും പുറത്തുവരുന്ന വന്‍ അഴിമതിക്കഥകള്‍, ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന അലംഭാവം എന്നിവയുടെ പാപഭാരം സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന് ചുമക്കേണ്ടിവരും. ജനങ്ങള്‍ ഉടനെ തന്നെ മമതയ്‌ക്കെതിരെ തിരിയില്ലെങ്കിലും ദേശവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ അലയടികള്‍ ഭാവിയില്‍ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല. 

എന്നിരുന്നാലും ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ നിഷ്‌ക്രിയതയും മമതയുടെ മേലുള്ള ജനങ്ങളുടെ അമിത പ്രതീക്ഷകളും പുതിയ സര്‍ക്കാറെന്ന നിലയ്ക്ക് ജനങ്ങള്‍ അനുവദിക്കുന്ന സമയവും വിട്ടുവീഴ്ചകളും മമത സര്‍ക്കാറിനെ എതിരാളികളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നു. കൂടാതെ നിയമസഭയിലുള്ള മൃഗീയ ഭൂരിപക്ഷവും മമതയുടെ സഹായതിനുണ്ടല്ലോ. രാഷ്ട്രീയ 'ഗിമ്മിക്കുകളും' വാചക കസര്‍ത്തുംകൊണ്ടുമാത്രം എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നത് വലിയൊരു ചോദ്യമാണ്. ഏറെ പ്രതീക്ഷകളോടെ നേടിയെടുത്ത പരിവര്‍ത്തനം ജനങ്ങള്‍ക്ക് ബാധ്യതയാകുമോ എന്ന് വരുന്ന ദിനങ്ങള്‍ തെളിയിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.