Wednesday, July 20, 2011

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു


 ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വോട്ടിംഗില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെന്ന പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ധനവിനിയോഗ ബില്‍ ചര്‍ച്ചക്കൊടുവില്‍  ധനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ സഭയില്‍ ഭരണപക്ഷത്തെ 68 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍  പ്രതിപക്ഷത്തിന്റെ  അംഗബലം 67  മാത്രമായിരുന്നു. പുരുഷന്‍ കടലുണ്ടി എന്ന പ്രതിപക്ഷാംഗം സഭയില്‍ സന്നിഹിതനായിരുന്നില്ല. വോട്ടിംഗിന്  കൃത്യസമയത്ത് ഭരണപക്ഷാംഗങ്ങളായ അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ അംഗബലം 70 ആയി. ഭരണപക്ഷാംഗങ്ങളായ ഹൈബി ഈഡനും ടിയു കുരുവിളയും ബുധനാഴ്ച സഭയില്‍ എത്താന്‍ സാധിക്കില്ലായെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ ഡെല്‍ഹിയിലാണ്. ടിയു കുരുവിള ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലങ്കില്‍ പ്രതിപക്ഷം എന്തിനാണ് വോട്ടിംഗില്‍ നിന്നും പിന്‍മാറിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇല്ലാത്ത പ്രശ്‌നങ്ങള്‍  ഉണ്ടാക്കി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പതിമൂന്നാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ധനമന്ത്രി കെഎം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റിനെ കേരളജനത നെഞ്ചിലേറ്റി. യുഡിഎഫ് സര്‍ക്കാരിന്റെ ഈ ചരിത്രനേട്ടത്തിനെതിരെ പ്രതിപക്ഷം പല രാഷ്ടീയ അടവുകളും പയറ്റി. അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഭൂരിപക്ഷം ഇല്ലന്നപേരില്‍ നടന്ന ഈ നാടകം. ഈ കാപട്യം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.