Wednesday, July 20, 2011

നിയമ സഭയില്‍ അപഹാസ്യ നാടകവുമായി പ്രതിപക്ഷം

ധനവിനിയോഗ ബില്‍ പാസാക്കുന്നത് തടയാന്‍ വിഫലനീക്കം

പതിമൂന്നാം നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്നലെ സമാപിക്കുന്ന വേളയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിച്ചു.  
സമ്മേളനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ്  സഭയില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി പ്രതിപക്ഷം പരാജയം തുറന്ന് സമ്മതിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അപഹാസ്യനാടകത്തെ തുടര്‍ന്ന് ധനവിനിയോഗ ബില്‍ പാസാക്കുകയും ചെയ്തു. അപ്പോള്‍ ഭരണപക്ഷത്ത് 69 അംഗങ്ങളുണ്ടായിരുന്നു. ഇറങ്ങിപ്പോയവരുടെ എണ്ണം 67. കഴിഞ്ഞ ഇടതുസര്‍ക്കാരിനെതിരെ ഭരണപക്ഷാംഗങ്ങള്‍ ഉന്നയിച്ച കൃത്യതയാര്‍ന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസംവരെ  പ്രതിപക്ഷം പല അടവുകളും പയറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചതിരിഞ്ഞ് ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വോട്ടിംഗില്‍ പ്രതിപക്ഷത്തിന്റെ ഒരടവും ഫലിച്ചില്ല. സ്പീക്കര്‍ വോട്ടിംഗിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ലെന്നും ഭരണപക്ഷം മനപ്പൂര്‍വം വോട്ടിംഗ് വൈകിപ്പിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ ഏറെനേരം ബഹളം ഉണ്ടായി. ഇതിനിടെ ബില്‍ സഭ പാസാക്കിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
 
അപ്പോള്‍ സ്പീക്കറോടായി പ്രതിപക്ഷത്തിന്റെ രോഷം. സ്പീക്കര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. അതേസമയം, സഭയില്‍ ഇന്നലെ എത്താന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന രണ്ട് അംഗങ്ങള്‍ ഒഴിച്ച് ഭരണപക്ഷത്തെ മറ്റെല്ലാ അംഗങ്ങളും സഭയില്‍ ഹാജരായിരുന്നുതാനും.ഇതിനിടെ ധവളപത്രത്തിന്റെ പേരിലും സഭ അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. മുന്‍ ഇടതു സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ധവളപത്രം ധനമന്ത്രി കെ.എം.മാണി കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് തയാറാക്കിയ 'ബദല്‍ ധവളപത്രം' സഭയില്‍ വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചട്ടങ്ങള്‍ നിരത്തി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. ഇതേതുടര്‍ന്ന് സഭ അല്‍പനേരത്തേയ്ക്ക് പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും നടന്നു. രണ്ടു തവണ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സഭാരേഖകള്‍ സ്പീക്കര്‍ക്ക് നേരെയും ഭരണപക്ഷാംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. സ്പീക്കറുടെ ചെയറിനു സമീപം ഓടിപ്പാഞ്ഞെത്തിയ സിപിഎം അംഗം വി ശിവന്‍കുട്ടി ഭരണപക്ഷാംഗങ്ങളെ നോക്കി ''വാടാ-പോടാ'' വിളിയും നടത്തി.  
 
പ്രതിപക്ഷത്തിന്റെ അനാവശ്യപ്രതിഷേധത്തെ സ്പീക്കര്‍ ശക്തമായി വിമര്‍ശിച്ചു. അനൗദ്യോഗികരേഖകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ ചെയറിന്റെ അനുമതി വേണമെന്നും ചട്ടം അനുവദിക്കാത്തതിനാല്‍ ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനാവില്ലെന്നും സ്പീക്കര്‍ റൂള്‍ ചെയ്തു. ഇത്തരത്തിലുള്ള ശ്രമം ചെയര്‍ തടഞ്ഞ ചരിത്രമുണ്ടെന്ന് സഭാരേഖകള്‍ ഉദ്ധരിച്ച് സ്പീക്കര്‍ കാര്‍ത്തികേയന്‍ പറഞ്ഞു. തുടര്‍ന്ന് ബദല്‍ ധവളപത്രം മേശപ്പുറത്ത് വയ്ക്കാനുള്ള ശ്രമത്തില്‍നിന്ന് തോമസ് ഐസകിന് പിന്മാറേണ്ടി വന്നു. കെ.എം.മാണിയുടെ 'വൈറ്റ് പേപ്പര്‍', 'ബ്ലാക് പേപ്പ'റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ പറഞ്ഞു.ഐസക്കിന്റെ ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കു മുന്‍പാകെ വയ്ക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചു പറയുന്നത് കേട്ടു. എന്നാല്‍ ധനമന്ത്രിയെന്നല്ല മുഖ്യമന്ത്രിയായാലും സ്പീക്കറുടെ റൂളിംഗിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.ധനവിനിയോഗ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്ക് ധനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞപ്പോള്‍ വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ധനമന്ത്രി നടത്തിയ ബില്ലിന്റെ മൂന്നാം വായനയ്ക്കിടക്ക് ധവളപത്രത്തിലെ ചില കണക്കുകളെക്കുറിച്ച് തോമസ് ഐസക്ക് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു. ഇത് സാധ്യമെല്ലന്ന് സ്പീക്കര്‍ വീണ്ടും ആവര്‍ത്തിച്ചു. തുടര്‍ന്ന് ബില്‍ വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചു.
 

എന്നാല്‍ പ്രതിപക്ഷ ബഹളം ഇതോടെ ഉച്ചസ്ഥായിയിലായി. പത്ത് മിനിട്ടോളം ബഹളം തുടര്‍ന്നു. ഇതിനിടയില്‍ ധനമന്ത്രി പ്രസംഗത്തിന് തയ്യാറായപ്പോള്‍ വോട്ടിംഗ് വൈകിപ്പിക്കാനായി  ധനമന്ത്രി പ്രസംഗം മനപൂര്‍വം ദീര്‍ഘിപ്പിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം അടവുമാറ്റി. വോട്ടിംഗ് സമയത്ത് ഭരണപക്ഷത്തെ ചില അംഗങ്ങള്‍ സഭയില്‍ ഇല്ലായിരുന്നുവെന്നും സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അപ്പോഴാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
 
ഭൂരിപക്ഷം ഉറപ്പായിരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: 
ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വോട്ടിംഗില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെന്ന പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ ചര്‍ച്ചക്കൊടുവില്‍  ധനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ സഭയില്‍ ഭരണപക്ഷത്തെ 68 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ  അംഗബലം 67  മാത്രമായിരുന്നു. പുരുഷന്‍ കടലുണ്ടി എന്ന പ്രതിപക്ഷാംഗം സഭയില്‍ സന്നിഹിതനായിരുന്നില്ല. വോട്ടിംഗിന് കൃത്യസമയത്ത് ഭരണപക്ഷാംഗങ്ങളായ അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ അംഗബലം 70 ആയി. ഭരണപക്ഷാംഗങ്ങളായ ഹൈബി ഈഡനും ടിയു കുരുവിളയും ബുധനാഴ്ച സഭയില്‍ എത്താന്‍ സാധിക്കില്ലായെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ ഡല്‍ഹിയിലാണ്. ടിയു കുരുവിള ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷം എന്തിന് വോട്ടിംഗില്‍ നിന്നും പിന്‍മാറിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പതിമൂന്നാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ധനമന്ത്രി കെഎം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റിനെ കേരളജനത നെഞ്ചിലേറ്റി. യുഡിഎഫ് സര്‍ക്കാരിന്റെ ഈ ചരിത്രനേട്ടത്തിനെതിരെ പ്രതിപക്ഷം പല രാഷ്ടീയ അടവുകളും പയറ്റി. അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഭൂരിപക്ഷം ഇല്ലന്നപേരില്‍ നടന്ന ഈ നാടകം. ഈ കാപട്യം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.