Thursday, July 28, 2011

മമ്മൂട്ടിയെ ആയുധമാക്കി പിണറായിയെ വെട്ടാന്‍ വി എസ്‌

കൈരളി ടിവി ചെയര്‍മാനായ സൂപ്പര്‍താരം മമ്മൂട്ടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡ്‌ ആയുധമാക്കി സിപിഎം ഔദ്യോഗിക പക്ഷത്തെ അടിക്കാന്‍ വി എസ്‌ അച്യുതാന്ദന്റെ കരുനീക്കം. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പിണറായി പക്ഷത്തിനെതിരേ മമ്മൂട്ടിയെയും ഇരയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇന്നലെ അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇതു സംബന്ധിച്ചു നല്‍കിയത്‌ വ്യക്തമായ സൂചനയാണ്‌. ഔദ്യോഗിക പക്ഷം ഇത്‌ അതീവ ഗുരുതരമായി എടുത്തിട്ടുമുണ്ട്‌.
കൈരളി ചെയര്‍മാനായ മമ്മൂട്ടിയുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി കണക്കില്‍പെടാത്ത പണത്തിന്റെ രേഖകള്‍ കണ്ടെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടാണ്‌ വിഎസ്‌ കാത്തിരുന്നതുപോലെ പ്രതികരിച്ചത്‌. പാര്‍ട്ടിയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സമയത്ത്‌ തന്റെ അഭിപ്രായം പറയുമെന്ന്‌ ആമുഖമായി പറഞ്ഞ വി എസ്‌, മമ്മൂട്ടിപ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു വെളിപ്പെടുത്താന്‍ കൂടിയാണ്‌ ഉദ്ദേശിച്ചത്‌. മമ്മൂട്ടിയുടെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്‌ഡ്‌ കൈരളി ചെയര്‍മാന്‍ എന്ന തലത്തിലേക്ക്‌ ഇതുവരെ ചര്‍ച്ചയായിരുന്നില്ല.
എത്ര പ്രമാണിയായ ആളായാലും പെട്ടെന്ന്‌ ഇങ്ങനെയൊരു റെയ്‌ഡൊക്കെ നടക്കുമ്പോള്‍ അതില്‍ കഴമ്പില്ലാതിരിക്കില്ല എന്നുകൂടി വി എസ്‌ പറഞ്ഞു. മമ്മൂട്ടി സാമ്പത്തിക സത്യസന്ധതയില്ലായ്‌മ കാണിച്ചുവെന്നും അത്തരമൊരാള്‍ എത്ര പ്രമുഖനായാലും പാര്‍ട്ടി ചാനലില്‍ വച്ചുപൊറുപ്പിക്കില്ലെന്നുമാണ്‌ വിഎസ്‌ ലൈന്‍ എന്ന്‌ അദ്ദേഹത്തിന്റെ പക്ഷം സൂചിപ്പിക്കുന്നു. പിണറായി വിജയനുമായും ഔദ്യോഗിക പക്ഷവുമായും കൈരളിയില്‍ നിന്ന്‌ ഏഷ്യാനെറ്റിലേക്കു പോയ മുന്‍ എംഡി ജോണ്‍ ബ്രിട്ടാസുമായും മമ്മൂട്ടി പുലര്‍ത്തുന്ന അടുപ്പവും വിഎസിനെ പ്രകോപിപ്പിക്കുന്ന കാര്യമാണ്‌.
സര്‍ക്കാര്‍ എന്തു തീരുമാനിക്കുന്നുവെന്നു നോക്കട്ടെ, എന്നിട്ട്‌ ആലോചിക്കാം എന്നാണ്‌ വിഎസ്‌ പറയുന്നത്‌. സര്‍ക്കാര്‍ എന്നുദ്ദേശിച്ചത്‌ ആദായ നികുതി വകുപ്പിനെയാണെന്നു വ്യക്തം. മമ്മൂട്ടി നികുതി വെട്ടിപ്പു നടത്തിയെന്ന കണ്ടെത്തല്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയാല്‍ അത്‌ ചൂണ്ടിക്കാട്ടി മമ്മൂട്ടിയെ നീക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നാണ്‌ വിഎസിന്റെ കണക്കു കൂട്ടല്‍.
അതേസമയം, തനിക്ക്‌ കണക്കില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന്‌ മമ്മൂട്ടിതന്നെ വ്യക്തമാക്കിയത്‌ ഔദ്യോഗിക പക്ഷത്തിന്‌ തിരിച്ചടിയായിട്ടുണ്ട്‌. വന്‍ തുക പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങളുടെയൊക്കെ വീടുകളില്‍ റെയ്‌ഡ്‌ നടക്കുന്നതും നികുതി അടയ്‌ക്കാത്ത സ്വത്ത്‌ കണ്ടെത്തുന്നതും ഇതാദ്യമല്ല. എന്നാല്‍ കൈരളി ചെയര്‍മാനായതിനാല്‍ മമ്മൂട്ടിയുടെ വീട്ടിലെ റെയ്‌ഡിന്‌ പുതിയ മാനം വരുകയാണ്‌

No comments:

Post a Comment

Note: Only a member of this blog may post a comment.