Wednesday, July 20, 2011

ബജറ്റ് വലതും ഇടതും


എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ
മിഡ് ടേം ഫിസിക്കല്‍ ഡെഫിസിറ്റി പോളിസി പ്രഖ്യാപിച്ചുകൊണ്ട് 2015-ല്‍ കേരളം സീറോ റവന്യൂ ഡെഫിസിറ്റ് സ്വപ്‌നം കാണുന്ന ബഡ്ജറ്റാണ് മാണിസാര്‍ അവതരിപ്പിച്ചതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.
മാണിയുടേയും ഐസക്കിന്റേയും ബഡ്ജറ്റ് അവരുടെ ജൂബ്ബപോലെയാണ്. ഒന്നര മീറ്റര്‍ തുണികൊണ്ട് ഒതുക്കി പാകത്തിന് തുന്നിയ ജുബ്ബ. കേരളീയ സാമ്പത്തിക ശരീരത്തിന് പറ്റിയ ബഡ്ജറ്റാണ് മാണിസാറിന്റേത്. എന്നാല്‍ ഐസക്കിന്റേതോ? നാലരമീറ്റര്‍ തുണികൊണ്ട് ഒരു ജൂബ്ബ ആര്‍ഭാടമായി തയ്ക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വസ്ത്രധൂര്‍ത്ത്. ഒതുക്കമില്ലാത്ത, അച്ചടക്കമില്ലാത്ത അദ്ദേഹത്തിന്റെ ബഡ്ജറ്റ് പോലെ തന്നെയാണത് . പുതിയ തലമുറ പറയുന്നത് ടാക്‌സ് എത്ര വേണമെങ്കിലും തരാം, പക്ഷേ ഞങ്ങള്‍ക്ക് നല്ല ഫെസിലിറ്റി തരണം എന്നാണ്. കാലം മാറുകയാണ,് കാഴ്ചപ്പാടുകളും. കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റില്‍ ചെറുതാണെങ്കിലും ഈ വികാരം പരിഗണിച്ചിട്ടുണ്ട്.“
 
ആര്‍ഭാട കാറിന് ആര്‍ഭാട നികുതി”
4000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ വലിപ്പമുള്ള വീടിന് രണ്ട് ശതമാനം സെസ്സ് ന്യായമായ നല്ല വരുമാനം കിട്ടുന്ന ഒരു വിഭവ സമാഹരണമാണ്. ഇതുപോലെ ഒട്ടനവധി മേഖലകള്‍ ടാക്‌സ് ടാപ്പ് ചെയ്യാനുണ്ട്്. പ്രതേ്യകിച്ച് സര്‍വ്വീസ് മേഖല.
അങ്ങയുടെ ബഡ്ജറ്റില്‍ തന്നെ ജി എസ് ഡി പിയുടെ 63 ശതമാനം സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. ഒരു വടവൃക്ഷം പോലെയാണ് ഈ മൂന്നാം മേഖല വളരുന്നത്. മൊബൈല്‍ഫോണ്‍ യൂസേര്‍സില്‍ നിന്ന്, കേബിള്‍ ടി വി ഓപ്പറേറ്റേര്‍സില്‍ നിന്ന് ഇന്റര്‍നെറ്റ് യൂസേഴ്‌സ് ഫീ തുടങ്ങി എത്ര എത്ര ചാകരകള്‍-വന്‍ വികസന പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ ബെനിഫിറ്റ് കിട്ടുന്നവരില്‍ നിന്ന് സ്‌പെഷ്യല്‍ ബെനിഫിറ്റ് ടാക്‌സ് വാങ്ങാം. എക്കണോമിസ്റ്റുകള്‍ പറയുന്നത് വിന്‍ ഫോള്‍ ഗെയിന്‍ എന്നാണ്. ഒരു ബൈപ്പാസ്സ് വന്നാല്‍ അതിന്റെ ചുറ്റും സ്ഥലവില കൂടുന്നു. ആ ലാഭം അല്‍പ്പം സര്‍ക്കാരിനും അവകാശപ്പെട്ടതല്ലേ? നിലവില്‍ നികുതികള്‍ കൊടുക്കുന്നവരെ പിഴിയുന്നതിന് പകരം ടാക്‌സ് നെറ്റ് വ്യാപിപ്പിക്കുകയാണ് വേണ്ടത്. നിലവിലുള്ള നികുതികള്‍ പലതും നക്കാപ്പിച്ചയാണ്.
 
കെട്ടിട നികുതി-ഭൂനികുതി കേട്ടാല്‍ ആരും മൂക്കത്തു വിരല്‍ വെക്കും
എന്റെ വീടിന്റെ കാര്യം പറയാം. കൊച്ചു വീടാണ്. മനോഹരവും. 10 സെന്റില്‍ 2450 സ്‌ക്വയര്‍ഫീറ്റ്.  വര്‍ഷത്തില്‍ നികുതി 457 രൂപ മാത്രം. നമ്മുടെ നാട്ടില്‍ ഫഌറ്റില്‍ താമസിക്കുന്നവര്‍ ഒരു മാസം മെയ്ന്റനന്‍സ് ചാര്‍ജ്ജ് നല്‍കുന്നത് 1500-ഉം 2000 രൂപയാണെന്ന് കൂടി ഓര്‍ക്കുക. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ താമസിക്കുന്ന മാണിയുടെ പാലാക്കാരായ അമേരിക്കക്കാര്‍ കൊടുക്കുന്ന വീട് കരം വര്‍ഷത്തില്‍ നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ്. ലക്ഷങ്ങള്‍ ഒന്നും വേണ്ട, 10,000 രൂപ വാങ്ങാന്‍ പറ്റിയാല്‍ കേരളം മുഴുവന്‍ മാന്‍ഹട്ടന്‍ ആക്കാം. എന്റെ അഭിപ്രായത്തില്‍ കെട്ടിട നികുതി കുത്തനെ കൂട്ടണം. ഒരു 2500 രൂപ വര്‍ഷത്തില്‍ ആയാലും തരക്കേടില്ല. അങ്ങിനെയാണെങ്കില്‍ കേരളത്തിലെ 30 ലക്ഷം വീട് ത 2500 മിനിമം= മാണി സാറിന്റെ കണ്ണു തള്ളുന്ന കോടികള്‍ വിഭവമായി ഖജനാവില്‍ കിട്ടും. അത് ഉപയോഗിച്ച് പാവങ്ങള്‍ക്ക് വീടും സ്ഥലവും വാങ്ങിക്കൊടുക്കുവാന്‍ സാധിക്കും.
എന്റെ വീട് കണ്ട സ്വീഡനില്‍നിന്ന് വന്ന ഒരു സായിപ്പും മദാമ്മയും ചോദിച്ച ചോദ്യം കേട്ടാല്‍  ആശ്ചര്യപ്പെടും. അവര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ചിനു വന്നവരായിരുന്നു. ചായകുടി കഴിഞ്ഞപ്പോള്‍ മദാമ്മ എന്റെ കെട്ടിയോളോട് ചോദിച്ചു: എംപിയുടെ ഒഫീഷ്യല്‍ ബംഗ്ലാവാണോ ഇത്? 2500 സ്‌ക്വയര്‍ ഫീറ്റ് കണ്ടിട്ട് ഇതാണ് ചോദ്യമെങ്കില്‍ കേരളത്തിലെ വലിയ വീടുകള്‍ കണ്ടാല്‍ ഈ മദാമ്മ എന്തൊക്കെയായിരിക്കും ചോദിക്കുന്നത്?
 
ഇവിടെയാണ് മാണിസാറിന്റെ രണ്ട് ശതമാനം സെസ്സിന്റെ പ്രസക്തി. 4000 സ്‌ക്വയര്‍ഫീറ്റ് വീട്ടുകാര്‍ മാത്രം പോരാ. 2500 മുതല്‍ തുടങ്ങട്ടെ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മണ്ഡലത്തിലെ എടക്കാട് പഞ്ചായത്തിനെ ഉദാഹരണമായി എടുക്കാം. ആകെ 13150 വീട്-5000 പാവങ്ങളുടെ വീടുകളും, 3000 ഇടത്തരക്കാരുടെ വീടുകളും ഒഴിവാക്കിയാലും 5150 വീടുകള്‍ക്കെങ്കിലും നല്ല നികുതി ചുമത്താനാവും. കേരളത്തിലെ പ്രധാന ടൗണില്‍ ചെന്ന് നിങ്ങള്‍ ഒരു മുറി വാടകയ്ക്ക് ചോദിക്കുക. സ്‌ക്വയര്‍ഫീറ്റിന് 50 രൂപാ മുതല്‍ 100 വരെ ആയിരിക്കും ചോദിക്കുക. എന്നാല്‍ ഈ വന്‍കിടക്കാരുടെ കെട്ടിട നികുതി കൂട്ടും എന്ന് കേട്ടാല്‍ ഉടമകളുടെ നെറ്റി ചുളിഞ്ഞുപോകും. ടോളിനോടും ടാക്‌സിനോടും നമ്മുടെ മനോഭാവം മാറ്റണം. ഈ യിടെ എറണാകുളത്ത് എന്‍ എച്ചില്‍ ടോളിനെതിരെ സമരം ചെയ്തവരില്‍ എ ഐ വൈ എഫുകാരും ഉണ്ടായിരുന്നു. സാക്ഷാല്‍ കമ്മ്യൂണിസ്റ്റു ക്യൂബയില്‍ കാസ്‌ട്രോയുടെ അനുജന്‍ റൗള്‍ കാസ്‌ട്രോ ടോള്‍ പിരിക്കാന്‍ തുടങ്ങിയ കാര്യം ഈ കൊച്ചു സഖാക്കളെ പഠിപ്പിക്കാന്‍ ആരുണ്ട്? 
ടോള്‍ പിരിവിന്റെ രാഷ്ട്രീയം വിശകലനം ചെയ്താല്‍ നാം ചോദിക്കും, സത്യത്തില്‍ ആര്‍ക്കു വേണ്ടിയാണീ സമരം? പാവങ്ങള്‍ക്കു വേണ്ടിയാണോ?
 
ഒരു കൗതുകത്തിന് ഞാന്‍ എന്റെ ജന്മനാടായ നാറാത്ത് പഞ്ചായത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് പഠനം നടത്തി. നാറാത്ത് പഞ്ചായത്തില്‍ 9000 വീടുണ്ട്. 2300 വീടുകളിലാണ് വാഹനം. 50 ശതമാനത്തില്‍ അധികം ടൂവീലര്‍. വാഹനം ഉള്ള വീടുകള്‍ നല്ല ഇടത്തരക്കാരുടേത് മാത്രം. അവരെല്ലാം പറയുന്നു ഞങ്ങള്‍ ടോളിന് അനുകൂലമാണ്. കാരണം നല്ല റോഡു വന്നാല്‍ ടോള്‍ നല്‍കിയാലും ലാഭമാണത്രേ. കുറഞ്ഞ മെയിന്റനന്‍സിന്റെ ഇക്‌ണോമിക്‌സാണ് അവര്‍ പറയുന്നത്. നമ്മുടെ സമരങ്ങള്‍ പലതും ആഭാസമാവുകയാണ്.

കൃഷി
കൃഷിയെ പറ്റി പറയുകയാണെങ്കില്‍, പ്രധാന പ്രശ്‌നം പണിക്ക് ആളെക്കിട്ടാത്തതാണ്. അത് ഇവിടെ മാത്രമല്ല ലോകത്ത് എവിടേയും കിട്ടുന്നില്ല. മലേഷ്യക്കാര്‍ ചെയ്ത ഒരു കാര്യം ആലോചിക്കാവുന്നതാണ്. അവര്‍ അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്‌സിനെ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരാക്കി. മാണി സാര്‍ ഭയപ്പെടേണ്ട ശമ്പളമില്ല. മാസം 1500 രൂപ അലവന്‍സ് പ്ലസ് പണിക്കു പോയാല്‍ കിട്ടുന്ന കൂലിയും കൂടി കൂട്ടുമ്പോള്‍ തരക്കേടില്ല. ആ മോഡല്‍ ഇവിടെ പരീക്ഷിക്കാം. എന്‍ ആര്‍ ഇ ജി എസില്‍ നിന്നും 150 രൂപാ കൃഷിപ്പണിയെടുക്കുന്നവര്‍ക്ക് കൂട്ടിക്കൊടുക്കുക. സ്വകാര്യ വ്യക്തി നല്‍കുന്ന കൂലി + 150 = 500 രൂപയോളം വരും. പിന്നെ കൃഷിപ്പണിക്ക് കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയെക്കാള്‍ ഡിമാന്റായിരിക്കും.
 
വിദ്യാഭ്യാസം
ഓക്‌സ്‌ഫോര്‍ഡ്, ഹൈഡല്‍ബര്‍ഗ് പോലെ നമ്മുടെ സ്ഥാപനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ കെഎം മാണി അദ്ദേഹത്തിന്റെ ബഡ്ജറ്റില്‍ ആഗ്രഹിക്കുന്നു. അത് സാധിക്കണമെങ്കില്‍ യാതൊരു അക്കാദമിക്ക് താല്‍പ്പര്യവും ചര്‍ച്ച നടക്കാത്ത, സേവനവേതന വ്യവസ്ഥകള്‍ മാത്രം ചിന്തിക്കുന്ന ഇന്നത്തെ സെനറ്റും സിന്‍ഡിക്കേറ്റും പിരിച്ചുവിടണം. കോഴ്‌സുകളും പരീക്ഷകളും യൂണിവേഴ്‌സിറ്റിയില്‍ സമയത്തിന് നടക്കണം. അത് ഏകീകൃത സര്‍വ്വകലാശാലാനിയമം വേണം.  എല്‍ ഡി എഫ് അതിന് മുമ്പ് എതിരായിരുന്നു. എന്നാല്‍ എം.എ.ബേബി കൊണ്ടുവന്ന അനന്തകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മാത്രം മതി കലാശാലകളുടെ രൂപവും ഭാവവും മാറും. ബഡ്ജറ്റ് മാണി സാറിന്റെതാണെങ്കിലും  ചര്‍ച്ച പൊടിപൊടിച്ചത് ഐസക്കിന്റെ പഴയ ബഡ്ജറ്റിനെപ്പറ്റിയാണ്. സത്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 68 സീറ്റ് കിട്ടിയത് വി.എസ്.ഫാക്ടര്‍ കൊണ്ടൊന്നുമല്ല. ഐസക്ക് ഫാക്ടറാണ്. 40,000 കോടിയുടെ റോഡ്-വഴിയേ പോകുന്നവര്‍ക്കെല്ലാം പെന്‍ഷന്‍, പിറന്നു വീഴുന്ന കുട്ടികള്‍ക്കെല്ലാം 10,000 രൂപാ - ഇത് കേട്ടാല്‍ ആരാ വോട്ട് ചെയ്യാതിരിക്കുക! അതൊന്നും നടപ്പുള്ള കാര്യമേ അല്ല എന്ന് സാക്ഷാല്‍ ഐസക്കിന് തന്നെയറിയാം. ഐസക്കാണ് ധനമന്ത്രിയെങ്കിലും ആ സ്‌കീമുകള്‍ തള്ളി പറയേണ്ടി വരും. അതുകൊണ്ട് സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരണം. നാടുകടത്തല്‍ നിയമം. ഐസക്കിനെ സ്വപ്‌നലോകത്തേക്ക് നാടുകടത്തണം. ഡാമിലെ മണലില്‍ നിന്ന് ഞാന്‍ 12,000 കോടി ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച മണ്ണാങ്കട്ട എക്‌ണോമിസ്റ്റാണ് ഐസക്ക്. തിരിച്ചറിവിന്റെ പെരുമഴയില്‍ ഈ മണ്ണാങ്കട്ട അലിഞ്ഞില്ലാതാവുന്ന കാലം വിദൂരമല്ല.
 
ഐസക്കിന്റെ ബഡ്ജറ്റില്‍ ഏറ്റവും വലിയ പോഴത്തം എന്താണ് എന്നു ചോദിച്ചാല്‍ ഞാന്‍ പറയും പിറന്നുവീഴുന്ന ഓരോ കുട്ടിക്കും 10,000 രൂപാ അടയ്ക്കും എന്നതാണെന്ന്. ഒരു വര്‍ഷം ഏഴര ലക്ഷം കുട്ടികള്‍ക്ക് 10,000 രൂപാ വെച്ച് 750 കോടി രൂപ. പ്ലസ് ടു അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ കാശില്ലാത്ത കാലമാണ് എന്ന് ഓര്‍ക്കുക. 88,813 കോടി കടമുള്ള സംസ്ഥാനമാണെന്നും അറിയുക. ഇനി വാദത്തിനു വേണ്ടി സ്‌കീം ഞാനും അംഗീകരിക്കുന്നു. മുഴുവന്‍ ആള്‍ക്കാര്‍ക്കും വേണോ? സ്വന്തമായി വിമാനമുള്ള ജോയ് ആലുക്കായുടെ, മലബാര്‍ ജ്വല്ലറിയിലെ അഹമ്മദ്ഖാന്റെ പേരക്കുട്ടികളെയെങ്കിലും ഒഴിവാക്കികൂടെ? അല്ലെങ്കില്‍ മനസ്സിലാക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഒന്നരലക്ഷം മാസശമ്പളം വാങ്ങുന്ന വി.എസ്സിന്റെ മകന്‍ അരുണ്‍കുമാറിന്റെ കുട്ടിയേയെങ്കിലും ഒഴിവാക്കേണ്ടതായിരുന്നില്ലേ? ഇങ്ങനെ എത്ര പോഴത്തരങ്ങള്‍.....
 
തോമസ് ഐസക്ക്, മാണി സാറിന്റെ ബഡ്ജറ്റിനോട് പ്രതികരിച്ച രീതി നിന്ദ്യമായിരുന്നു.  ബന്ദ് നടത്തിയതോ, മാണി രാഷ്ട്രീയ തിമിരം ബാധിച്ചവനാണെന്ന് പറഞ്ഞതോ ഒന്നുമല്ല എന്നെ വേദനിപ്പിച്ചത്. കോട്ടയം-മലപ്പുറം പ്രയോഗം നടത്തി ബഡ്ജറ്റിനെ പോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. അത് ക്രൂരമാണ്. സത്യത്തില്‍ നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജുകാരുടെ മാര്‍ക്കറ്റില്‍ ഇടപെട്ടിരിക്കുകയാണ് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് ലോബിയെ മാണി ഞെട്ടിച്ചിരിക്കുകയാണ്. കോട്ടയത്തെക്കാള്‍, മലപ്പുറത്തെക്കാള്‍ പരിഗണന കണ്ണൂരിനു കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് നഗരഹൃദയത്തില്‍ നാലേക്കര്‍ സ്ഥലത്ത് ആധുനിക ടെര്‍മിനിലും ഷോപ്പിംഗ് കോംപ്ലക്‌സും, മൊയ്തു പാലത്തിന്-2 കോടി മാത്രമല്ല മലയോര അതോറിറ്റിയുടെയും മലയോര ഹൈവേയുടേയും ഗുണം കണ്ണൂരിന് കിട്ടും. കണ്ണൂര്‍ സെന്റ് ആഞ്ചലോ ഫോര്‍ട്ടില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, സ്വാതന്ത്ര്യ സമരേതിഹാസങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കാന്‍ സിങ്കപ്പൂരിലെ സന്‍ന്തോഷാ പാര്‍ക്ക് ഐയ്‌ലെന്റ് പോലെ ടൂറിസം ഭൂപടത്തില്‍ അത്ഭുതമാക്കുവാന്‍ പോകുന്ന പദ്ധതികള്‍. കണ്ണൂരിലെ ജനങ്ങളുടെ പേരില്‍ ഒരു ചക്കര മുത്തം മാണി സാറിന് നല്‍കുകയാണ്.  ഐസക്കില്‍ നിന്നും നാം ഒരു ഗുണപാഠം പഠിക്കാനുണ്ട്. 40,000 കോടിയുടെ ഇല്ലാത്ത റോഡ് ഫണ്ട് പ്രഖ്യാപനം കൊണ്ട്, 68 സീറ്റ് നേടിയെങ്കില്‍-യഥാര്‍ത്ഥ റോഡ് വികസനം നടത്തിയാല്‍ 140 സീറ്റിലും യു ഡി എഫ് ജയിക്കും. കാരണം ട്രാഫിക്കു കുരുക്കില്‍പ്പെട്ട് വിയര്‍ത്ത് ശ്വാസം മുട്ടി നില്‍ക്കുന്ന പാവപ്പെട്ട യാത്രക്കാരെയാണ് ഐസക്ക് മോഹിപ്പിച്ച് പറ്റിച്ച് വോട്ട് തട്ടിയത്.
 
ഞാന്‍ 15,000 കോടി ഒന്നിച്ച് തരാം. രണ്ട് കൊല്ലം കൊണ്ട് 461 കി മി മീറ്റര്‍ റോഡ് ഉണ്ടാക്കിത്തരാം. കേരളം സ്ഥലം മാത്രം നല്‍കിയാല്‍ മതി.       നാഷണല്‍ ഹൈവേ നാല് റീച്ചുകളിലായി-ടെന്റര്‍ ആയ വര്‍ക്കുകള്‍-വളപട്ടണം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ 167 കി.മീ. റോഡ് എഗ്രിമെന്റ് വെച്ചത്. എല്‍ഡിഎഫും യു.ഡി.എഫും ഇത് ഒരു വികസനയത്‌നമായി കാണണം. ഉമ്മന്‍ചാണ്ടിയും അച്ചുതാനന്ദനും കൈകോര്‍ക്കണം. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 54,000 കിലോമീറ്റര്‍ റോഡാണ് കാശ്മീരു മുതല്‍ കന്യാകുമാരി വരെ ഉണ്ടാക്കിയത്. പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയില്‍ കേരളം മാത്രം ഒന്നും കാര്യമായി ചെയ്തില്ല. ആരെയും ഇനിയും കുറ്റപ്പെടുത്തുന്നില്ല. റോഡ് വികസന പ്രശ്‌നം മാത്രമല്ല, മലയാളികളുടെ വൈകാരിക പ്രശ്‌നമാണ്. വര്‍ഷം 4500 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്ന നാട്. അവരുടെ ആത്മാക്കള്‍ രാഷ്ട്രീയ നേതൃത്വത്തോട് പൊറുക്കണമെങ്കില്‍ ഹൈവേ കൊണ്ടുവരണം. 50,000 ആളുകളാണ് വര്‍ഷത്തില്‍ പരിക്കേല്‍ക്കുന്നത്. അവരില്‍ പലരും കിടപ്പിലാണ്. അവരുടെ കണ്ണീരിനു മുമ്പില്‍ നമുക്ക് ഒന്നിക്കാം. “കാര്‍ഷിക പെന്‍ഷന്‍ നല്‍കിയപ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രചോദനമായി. ചെറുകിട വ്യവസായഗ്രൂപ്പുകള്‍ 90 ശതമാനം നികുതിരഹിത സബ്‌സിഡിവഴി എന്റര്‍പെര്‍ണര്‍മാരെ സൃഷ്ടിക്കുന്ന ബഡ്ജറ്റാണ്. ഇത് തനിച്ച് ഐസക്കിന്റെ 40,000 കോടിയും അങ്ങയുടെ കയ്യിലുള്ള വെറും 350 കോടിയും കൊണ്ട് റോഡ് നന്നാവില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.